ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ശ്രേഷ്ഠബാവയെ സഹായിക്കും

പുത്തന്‍കുരിശ്: യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ പ്രായാധിക്യവും ശാരീരിക ബുദ്ധിമുട്ടുകളും പരിഗണിച്ചു ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ ചുമതലപ്പെടുത്തി.

ഇക്കാര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ക്കു സഭാ സമിതികള്‍ പാത്രിയര്‍ക്കീസ് ബാവയോട് അപേക്ഷിച്ചിരുന്നു. മെത്രാപ്പോലീത്തന്‍ സമിതി അംഗങ്ങളും സഭാ ഭാരവാഹികളും ലെബനണിലും തുടര്‍ന്നു ജര്‍മനിയിലും പാത്രിയര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി. തീരുമാനങ്ങളെടുക്കുമ്പോഴും അറിയിപ്പുകളും ആശയവിനിമയങ്ങളും നടത്തുമ്പോഴും ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ശ്രേഷ്ഠ ബാവയുമായി കൂടിയാലോചന നടത്തണമെന്നും നിര്‍ദേശമുണ്ട്.

രണ്ടു വര്‍ഷമായി മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായ ജോസഫ് മോര്‍ ഗ്രിഗോറിയോസ് നേരത്തെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.

Leave Comment