കേരള സാഹിത്യ അക്കാദമി പുരസ്‌കാരസമർപ്പണം നാളെ തിരുവനന്തപുരത്ത്

Spread the love

തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2020-ലെ പുരസ്‌കാരങ്ങൾ തിരുവനന്തപുരം ഭാരത് ഭവനിൽ ഡിസംബർ എട്ടിന് വൈകുന്നേരം നാലു മണിക്ക് സാംസ്‌കാരികവകുപ്പു മന്ത്രി സജി ചെറിയാൻ സമ്മാനിക്കും. അക്കാദമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കവി വി. മധുസൂദനൻ നായർ മുഖ്യാതിഥിയാകും. അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, സെക്രട്ടറി ഡോ. കെ.പി. മോഹനൻ, നിർവ്വാഹകസമിതിയംഗങ്ങളായ ഡോ.

വി.എൻ. മുരളി, സുഭാഷ് ചന്ദ്രൻ, ജനറൽ കൗൺസിൽ അംഗങ്ങളായ ബെന്യാമിൻ, മങ്ങാട് ബാലചന്ദ്രൻ, വി.എസ്. ബിന്ദു എന്നിവർ പങ്കെടുക്കും. പെരുമ്പടവം ശ്രീധരന് അക്കാദമി വിശിഷ്ടാംഗത്വവും കെ.കെ. കൊച്ച്, കെ.ആർ. മല്ലിക, ചവറ കെ. എസ്. പിള്ള എന്നിവർക്ക് സമഗ്രസംഭാവനാപുരസ്‌കാരവും ഒ.പി. സുരേഷ്, ഉണ്ണി ആർ., ഡോ. പി. സോമൻ, ഡോ. ടി.കെ. ആനന്ദി, വിധു വിൻസെന്റ്, അനിത തമ്പി എന്നിവർക്ക് അക്കാദമി പുരസ്‌കാരങ്ങളും ഡോ. ജെ. പ്രഭാഷ്, ഡോ. ശിശുപാലപ്പണിക്കർ എന്നിവർക്ക് എൻഡോവ്‌മെന്റ് പുരസ്‌കാരങ്ങളും മന്ത്രി സമ്മാനിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളതിനാൽ രണ്ടു വേദികളിലാണ് അക്കാദമിയുടെ ഈ വർഷത്തെ പുരസ്‌കാരസമർപ്പണച്ചടങ്ങുകൾ നടത്തുന്നത്. ഡിസംബർ 16 വ്യാഴാഴ്ച തൃശ്ശൂരിൽ വച്ച് നടക്കുന്ന രണ്ടാമത്തെ ചടങ്ങിൽ അക്കാദമി പ്രസിഡന്റ് വൈശാഖൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ഡോ.കെ.പി.മോഹനൻ
സെക്രട്ടറി

Author

Leave a Reply

Your email address will not be published. Required fields are marked *