ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതിയവർക്ക് ഇപ്രൂവ്‌മെന്റിന് അവസരം നൽകണം: ബാലാവകാശ കമ്മീഷൻ

Spread the love

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഇപ്രൂവ്‌മെന്റ് പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ കമ്മീഷൻ അംഗങ്ങളായ ബി. ബബിത, റെനി ആന്റണി എന്നിവരുടെ ഫുൾബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് ലഭിച്ച മാർക്ക് മെച്ചപ്പെടുത്തുന്നതിനുളള അവസരം നിഷേധിക്കുന്നത് അവരുടെ മാനസിക പിരിമുറുക്കവും ഭാവിയെ കുറിച്ചുളള ഉത്കണ്ഠയും കൂട്ടും. മുൻവർഷങ്ങളിൽ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം ഒരു വർഷത്തേക്ക് മാത്രം ഇല്ലാതാക്കാൻ പാടില്ല.

കോവിഡ് രോഗവ്യാപന ഭീതിയിൽ പരീക്ഷ എഴുതിയ കുട്ടികൾക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാനുളള അവസരം നിഷേധിക്കുന്നത് കുട്ടികൾക്കായുളള ദേശീയവും അന്തർദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനമായാണ് കമ്മീഷൻ കാണുന്നത്. ഈ സാഹചര്യത്തിലാണ് പരിമിതമായ സമയം ക്രമീകരിച്ച് ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകിയത്.

ഉദ്ദേശിച്ച മാർക്ക് ലഭിക്കാത്തത് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് തടസമാകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ കമ്മീഷന് ലഭിച്ച സാഹചര്യത്തിലാണ് കുട്ടികൾക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാൻ അവസരം നൽകാൻ നിർദ്ദേശിച്ചത്. ഇതിൻമേൽ സ്വീകരിച്ച നടപടി 30 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *