ഇ-ശ്രം രജിസ്‌ട്രേഷന് ട്രേഡ് യൂണിയനുകളും സന്നദ്ധ സംഘടനകളും സഹകരിക്കണം -ജില്ലാ വികസന കമ്മീഷണര്‍

Spread the love

സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി അസംഘടിത തൊഴിലാളികള്‍ക്കുള്ള ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്ന ഇ-ശ്രം പദ്ധതിയില്‍ ജില്ലയിലെ മുഴുവന്‍ അസംഘടിത തൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിന് ട്രേഡ് യൂണിയനുകളുടെയും സന്നദ്ധ സംഘടനകളുടെയും ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെയും ക്ഷേമനിധി ബോര്‍ഡുകളുടെയും പൂര്‍ണമായ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ വികസന കമ്മീഷണര്‍ എസ്.പ്രേംകൃഷ്ണന്‍ പറഞ്ഞു. ഇ-ശ്രം രജിസ്‌ട്രേഷന്‍ പുരോഗതി വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായതിനാല്‍ അസംഘടിത തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള ജില്ല കൂടിയാണ് മലപ്പുറം. കൂട്ടായ പ്രയത്‌നത്തിലൂടെ മാത്രമേ ലക്ഷ്യം കൈവരിക്കാനാവൂ. ടാര്‍ഗറ്റ് കുറഞ്ഞ വകുപ്പുകള്‍ ഒരാഴ്ചക്കകവും മറ്റ് വകുപ്പുകള്‍ ഡിസംബര്‍ 31നകവും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് തൊഴില്‍ വകുപ്പിനെയും അക്ഷയെയും ചുമതലപ്പെടുത്തി.

ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ (യു.എ.എന്‍) കാര്‍ഡ് ലഭിക്കും. ഈ കാര്‍ഡിലൂടെ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ മുന്‍ഗണന ലഭിക്കും. 16 മുതല്‍ 59 വയസ് വരെയുള്ള ഇന്‍കം ടാക്‌സ് അടക്കാന്‍ ബാധ്യതയില്ലാത്ത പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത നിര്‍മാണ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, കാര്‍ഷിക തൊഴിലാളികള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടവര്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടംബശ്രീ പ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയ എല്ലാ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ നമ്പര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഓതന്‍ഡിക്കേഷന്‍, ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ്, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍. അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വീസ് കേന്ദ്രങ്ങള്‍, ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് രജിസ്‌ട്രേഷന്‍ നടത്താം. register.eshram.gov.in ല്‍ സ്വയം രജിസ്റ്റര്‍ ചെയ്യുകയുമാവാം. ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളിലെത്തിയും രജിസ്റ്റര്‍ ചെയ്യാം. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) വി. രശ്മി, ജില്ലാതല ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *