ഒക്കലഹോമ : ഒക്ലഹോമ സിറ്റി സ്കൂളിലെ അധ്യാപികയെ വെടിവച്ചു കൊലപ്പെടുത്തുകയും, ബോയ്ഫ്രണ്ടിനെ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിയുടെ വധശിക്ഷ ഡിസംബര്‍ 9 വ്യാഴാഴ്ച ഒക്ലഹോമ ജയിലില്‍ നടപ്പാക്കി.
വിഷമിശ്രിതം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുന്നതിനെ പ്രതിയുടെ അറ്റോര്‍ണി കോടതിയില്‍ ചോദ്യം ചെയ്തെങ്കിലും വ്യാഴാഴ്ച സുപ്രീംകോടതി വധശിക്ഷക്കുള്ള ഉത്തരവ് നല്‍കുകയായിരുന്നു.
1985 ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂള്‍ അധ്യാപിക ലിന്‍ഡാ റീവിസും, കാമുകന് ഡഗ് ഐവനും താമസിച്ചിരുന്ന വീട്ടില്‍ പ്രതി ബിഗ്ലര് സ്റ്റഫ് എത്തി.ഐവാനില്‍ നിന്നും തോക്ക് വാങ്ങാനെന്ന വ്യാജേന എത്തിച്ചേര്‍ന്ന പ്രതി ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ലിന്‍ഡ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കാമുകന് ഐവാന്‍ അപകടത്തെ അതിജീവിച്ചു. ഐവാന്‍ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതും, പിന്നീട് 2003 ല്‍ വധശിക്ഷക്കു വിധിക്കുകയും ചെയ്തത്.
ബിഗ്ലറുടെ കാമുകിയും ഐവാന്റെ മുന്‍ ഭാര്യയുമായ യുവതിക്ക് ഐവാന്റെ പേരിലുള്ള 2 മില്യന്‍ ഡോളര്‍ ഇന്‍ഷ്വറന്‍സ് തുക നേടിയെടുക്കുക എന്നതായിരുന്നു ബിഗ്ലറുടെ പദ്ധതി. കേസ്സില്‍ താന്‍ നിരപരാധിയാണെന്നും ഐവാന്റെ വീട്ടില്‍ എത്തുമ്പോള്‍ ഐവാനും മറ്റൊരാളും തമ്മില്‍ തോക്കിന് പിടിവലികൂടിയിരുന്നതായും ലിന്‍ഡ മരിച്ചു കഴിഞ്ഞതായും ബിഗ്ലര് വാദിച്ചു.
വിഷമിശ്രിതം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുന്നതു കഴിഞ്ഞ ആറുവര്‍ഷമായി ഒക്ലഹോമയില്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഒക്ടോബറിലാണ് വീണ്ടും ആരംഭിച്ചത്. ഈ വര്‍ഷം ഒക്ലഹോമയില്‍ വധശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ബിഗ്ലര്.