വയനാട് : ആദിവാസി ജനവിഭാഗങ്ങളെ സ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ . രാധാകൃഷ്ണന് പറഞ്ഞു. കല്‍പ്പറ്റ അമൃദില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന നിയമ ഗോത്രം ഓറിയെന്റേഷന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കുടുംബത്തിനെയും സാശ്രയ രാക്കുന്നതിന് ആവശ്യമായ മൈക്രോ പദ്ധതികള്‍ തയ്യാറാക്കും. പട്ടികജാതി പട്ടിക വികസന വകുപ്പിന്റെ ഫണ്ടുകള്‍ ചെലവഴിക്കുന്നതിലും കാലികമായ മാറ്റം വരുത്തും. ഒരു കാലത്ത് ആടുകളും മാടുകളും പണിയായുധങ്ങളുമായിരുന്നു മേഖലയുടെ പുരോഗതിക്കായി വകുപ്പുകള്‍ നല്‍കിയിരുന്നത് . ഇത്തരം പദ്ധതികള്‍ ആദിവാസി ജനവിഭാഗങ്ങളുടെ മുന്നേറ്റത്തിന് പൂര്‍ണ്ണമായും സഹായകരമായില്ലെന്നതാണ് വാസ്തവം. വകുപ്പിന്റെ ഫണ്ടുകള്‍ കൃത്യമായ ലക്ഷ്യത്തോടെ ചെലവഴിക്കപ്പെടണമെന്നത് നിര്‍ബന്ധമാണ്. ഫണ്ടുകള്‍ ക്രിയാത്മകമല്ലാതെ ചെലവഴിക്കപ്പെടുന്ന രീതിക്ക് മാറ്റം വരുത്തും. വിവിധങ്ങളായ ഫണ്ടുകള്‍ പൂള് ചെയ്തു ആവശ്യമായ മേഖലയിലേക്ക് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ആദിവാസി ജനവിഭാഗത്തിന്റെ സാമൂഹ്യ പുരോഗതിക്ക് മികച്ച വിദ്യാഭ്യാസവും അഭിവാജ്യ ഘടകമാണെന്ന് മന്ത്രി പറഞ്ഞു. ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും . ഫീസ് അടയ്ക്കാന്‍ പണമില്ലായെന്ന കാരണത്താല്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്ക് പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകില്ല. നിയമ ഗോത്രം പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ പഠന ചെലവുകള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വഹിക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് ആവശ്യമാണെന്ന് മന്ത്രി വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു. കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ കൈപിടിച്ചുയര്‍ത്തുകയെന്നത് സാമൂഹത്തിന്റെ കടമയാണ് . നിയമങ്ങളെല്ലാം മനുഷ്യന്റെ പോരാട്ടത്തിലും ചെറുത്തു നില്‍പ്പില്‍നിന്നും ഉണ്ടായതാണ്. ജുഡീഷ്യല്‍ മേഖലയിലും കൂടുതല്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ കടന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. നീതിപീഠങ്ങളിലും റിസര്‍വേഷന്‍ സംവിധാനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പട്ടികജാതി പട്ടിക വികസന വകുപ്പും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായാണ് നിയമ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമ ഗോത്രം പദ്ധതിയിലൂടെ പരിശീലന ക്ലാസുകള്‍ നല്‍കുന്നത് . മുന്‍ വര്‍ഷങ്ങളില്‍ പരിശീലനത്തിലൂടെ എട്ടോളം പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നിയമ മേഖലയിലെ ഉന്നത പരീക്ഷകളില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു.
ചടങ്ങില്‍ വയനാട് ജില്ല ജഡ്ജും ഡി.എല്‍.എസ്. എ ചെയര്‍മാനുമായ എ. ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ല ജഡ്ജും കെ .എല്‍.എസ്. എ ചെയര്‍മാനുമായ നസീര്‍ അഹമ്മദ് മുഖ്യാതിഥി യായിരുന്നു. സബ് ജഡ്ജും ഡി.എല്‍.എസ്. എ സെക്രട്ടറിയുമായ കെ. രാജേഷ്, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗിരീഷ് കുമാര്‍ , ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി ചെറിയാന് എന്നിവര്‍ സംസാരിച്ചു.