കേരള നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങൾക്ക് 16ന് തുടക്കമാകും. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വൈകിട്ട് 3.30ന് സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കും. നിയമസഭാ ലൈബ്രറിയിലെ അമൂല്യവും പുരാതനവുമായ രേഖകൾ തനത് രൂപത്തിൽ സൂക്ഷിക്കുന്നതിനും കൂടുതൽ വിലപ്പെട്ട രേഖകൾ ഡിജിറ്റൈസ് ചെയ്ത് നിയമസഭയുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾക്കും, ലൈബ്രറി സേവനങ്ങൾ പൊതുജനങ്ങൾക്കു കൂടി ലഭ്യമാക്കുന്നതിനും ശതാബ്ദി വർഷത്തിൽ തുടക്കം കുറിക്കും.
1888 ൽ തിരുവിതാംകൂർ ദിവാന്റെ ഓഫീസിനോട് ചേർന്ന് ആരംഭിച്ച ലൈബ്രറിയാണ് 1921 ൽ ലെജിസ്ലേച്ചർ ലൈബ്രറി എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്. 1949 ൽ തിരുവിതാംകൂർ, കൊച്ചി സംസ്ഥാനങ്ങളുടെ ഏകീകരണത്തോടെ ഇത് തിരു-കൊച്ചി അസംബ്ലി ലൈബ്രറിയായും 1956 ൽ കേരള സംസ്ഥാന രൂപീകരണത്തോടെ കേരള നിയമസഭ ലൈബ്രറിയായും മാറി. ഗ്രന്ഥശേഖരത്തിന്റെ വിപുലതയും വൈവിധ്യവുമാണ് നിയമസഭാ ലൈബ്രറിയുടെ പ്രത്യേകത. 1888 മുതലുള്ള നിയമനിർമ്മാണ സഭകളുടെ നടപടി ക്രമങ്ങളാണ് ഏറ്റവും മൂല്യമുള്ള ഗ്രന്ഥശേഖരം.
ഇതു കൂടാതെ രാജകീയ വിളംബരങ്ങൾ, പഴയ കോഡുകൾ, അമേരിക്ക, ബ്രിട്ടീഷ് പാർലമെന്റുകളുടെ നടപടിക്രമങ്ങൾ, സെൻസസ് റിപ്പോർട്ടുകൾ, 1948 മുതലുള്ള ദേശബന്ധു പത്രം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കമ്മിറ്റി/ കമ്മീഷൻ റിപ്പോർട്ടുകൾ, തിരുവിതാംകൂർ, കൊച്ചി, തിരു-കൊച്ചി, കേരള ഭരണ റിപ്പോർട്ടുകൾ, രാജഭരണകാലം മുതലുള്ള കേരള ഗസറ്റുകൾ, ഇന്ത്യാ ഗവൺമെന്റിന്റെ ഗസറ്റുകൾ, ഭൂപടങ്ങൾ, ആദ്യകാല നിഘണ്ടുക്കൾ, വിജ്ഞാനകോശങ്ങൾ എന്നിങ്ങനെ വൈവിധ്യമായ രേഖകളാൽ സമൃദ്ധമാണ് നിയമസഭാ ലൈബ്രറി.
1888 ൽ ഉടലെടുത്ത നിയമനിർമ്മാണ സഭകളുടെ നടപടി ക്രമങ്ങൾ ഡിജിറ്റൈസ് ചെയ്ത് പൊതുജനങ്ങൾക്കുകൂടി പ്രയോജനകരമായ വിധത്തിൽ നിയമസഭകളുടെ വെബ്‌സൈറ്റ് വഴി ലഭ്യമാക്കുന്നു. ഗവേഷകർ, അധ്യാപകർ, മറ്റ് ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ളവർ, മാധ്യമപ്രവർത്തകർ എന്നിവർക്കും നിയമസഭാ ലൈബ്രറി റഫറൻസ് സൗകര്യം നൽകുന്നു.
നിയമസഭാ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് അവബോധം നൽകുന്നതിനായി പാർലമെന്റിലെ ചിൽഡ്രൻസ് കോർണറിന് സമാനമായ രീതിയിൽ നിയമസഭയിൽ കുട്ടികളുടെ ലൈബ്രറി 2016 മുതൽ പ്രവർത്തിക്കുന്നുണ്ട്. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ലൈബ്രറി മുഖേന റഫറൻസും, പഠനക്ലാസുകളും നൽകുന്നു. നിയമസഭാ സെക്രട്ടേറിയറ്റ് പേപ്പർ രഹിതമാക്കുന്നതിന്റെ ഭാഗമായി നിയമസഭാ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനികവത്കരിക്കുന്നതിനായി ഡിജിറ്റൽ ലൈബ്രറി, ഇ-റീഡിംഗ് പോർട്ടൽ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.