സ്വജനപക്ഷപാതം: മന്ത്രി ബിന്ദുവിനെ പുറത്താക്കണമെന്നു ആവശ്യപ്പെട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Spread the love

തിരു:കണ്ണൂര്‍ സര്‍വകലാശാലാ വി.സി. നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ക്കു കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി സ്വയം രാജിവച്ച് പുറത്തു പോകുന്നില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിയമന പ്രക്രിയ അട്ടിമറിക്കാനും തന്റെ ഇഷ്ടക്കാരനായ നിലവിലെ വൈസ് ചാന്‍സലര്‍ക്ക് സര്‍വ്വകലാശാല ആക്ടിലെ പ്രായപരിധി കഴിഞ്ഞിട്ടും പുനര്‍ നിയമനം നല്‍കാനും ഗവര്‍ണ്ണര്‍ കൂടിയായ ചാന്‍സലറില്‍ മന്ത്രി സമ്മര്‍ദ്ദം ചെലുത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനവും അധികാര ദുര്‍വിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


സംസ്ഥാനത്തെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളാണ് തെളിവുകള്‍ സഹിതം കഴിഞ്ഞ കുറേ ദിവസങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തന്നെ സര്‍വകലാശാലകളില്‍ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ അക്കമിട്ട് നിരത്തി, ഇതേ രീതിയില്‍ തനിക്ക് മുന്നോട്ട് പോകാനാകില്ല എന്നറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്കു കത്തു നല്‍കുകയുണ്ടായി.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഗവര്‍ണ്ണര്‍, സര്‍വ്വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകളില്‍ പ്രതിഷേധിച്ച് ചാന്‍സലര്‍ സ്ഥാനം അടിയന്തിരമായി ഒഴിയുന്നു എന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്.

ഗവര്‍ണ്ണറുടെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അതില്‍ ഏറ്റവും പ്രധാനം കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറുടെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ടാണ്.

ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണറുടെ കത്തിലെ വാചകം ഇങ്ങനെയാണ്… ”I fully realized that what I was being asked to do was not consistent with rules and was cotnrary to law but I had no intention to start any dispute with the State government. In order to avoid the cotnrovesry, I signed the order but I have been feeling etxremely uncomfortable after that.’
വൈസ് ചാന്‍സിലറുടെ പുനര്‍ നിയമനത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായി എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞെങ്കിലും ആരാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നില്ല.

കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവാണ് ഇത്തരത്തില്‍ ഗവര്‍ണ്ണറില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് ബോധ്യമായിട്ടുണ്ട്.

കണ്ണൂര്‍ വി സി നിയമനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 27 ന് സേര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചുകൊണ്ടും നവമ്പര്‍ 1 ന് അതിന്‍ പ്രകാരമുള്ള നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചുകൊണ്ടും ഉത്തരവിറക്കിയിരുന്നു.

അതനുസരിച്ച് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ നവമ്പര്‍ 22 ന് ആണ് മന്ത്രി D.O. Letter No. 401/2021/M(H.Edn & SJ) Dated 22/11/2021 നമ്പര്‍ പ്രകാരം ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കുന്നത്.

ഈ കത്ത് പ്രകാരം മന്ത്രി ഗവര്‍ണ്ണറോട് ആവശ്യപ്പെടുന്നത് 27.10.2021 ല്‍ ഇറക്കിയ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്നും നിലവിലെ വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് നാല് വര്‍ഷത്തേക്ക് വൈസ് ചാന്‍സലറായി പുനര്‍ നിയമനം നല്‍കണമെന്നുമാണ്. ഇതോടൊപ്പം പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെ അതേദിവസം തന്നെ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേഷന്‍ പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് അന്നുതന്നെ (22.11.2021) മന്ത്രി വീണ്ടുമൊരു കത്ത് (D.O. Letter No. 401/2021/M(H.Edn & SJ) Dated 22/11/2021 നമ്പര്‍ പ്രകാരം ഗവര്‍ണ്ണര്‍ക്ക് നല്‍കുകയുണ്ടായി.

ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെടുന്ന കത്തില്‍ ‘As Pro Chancellor of Kannur Universtiy, I consider it my privilege to propose the name of Dr Gopinath Raveendran, to be reappointed as Vice Chancellor of Kannur Universtiy for a second continuous term beginning from 24112021’ എന്നാണ് പറഞ്ഞിരിക്കുന്നത്. മന്ത്രിക്ക് ഇത്തരത്തില്‍ ഒരാളെ ശുപാര്‍ശ ചെയ്യാന്‍ ഒരു നിയമവും അനുവദിക്കുന്നില്ല. മന്ത്രി അവകാശപ്പെടുന്ന ‘പ്രിവിലേജ്’ എന്താണെന്ന് എത്ര ആലോചിട്ടും പിടികിട്ടുന്നുമില്ല.

തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ (23.11.2021) ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വൈസ് ചാന്‍സലറായി പുനര്‍ നിയമനം നല്‍കി ഉത്തരവുമിറങ്ങി.

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ പ്രത്യേക അധികാരങ്ങള്‍ ഒന്നും സര്‍വ്വകലാശാലയുടെ ആക്ട് പ്രകാരം ഇല്ല.

മാത്രമല്ല വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാരിനോ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കോ ഒരു പങ്കും അധികാരവുമില്ല.

അതുകൊണ്ടുതന്നെ മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ല എന്ന് രമേശ് ചെന്നിത്തല കത്തില്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *