പക്ഷിപ്പനി; ജില്ലയില്‍ മൂന്നിടങ്ങളിലായി 11268 താറാവുകളെ നശിപ്പിച്ചു

Spread the love

വെച്ചൂരില്‍ നശീകരണ നടപടികള്‍ ഇന്നും (ഡിസംബര്‍ 16) തുടരുംകല്ലറയില്‍ പൂര്‍ത്തീകരിച്ചു, അയ്മനത്ത് രാത്രിവൈകിയും തുടരുന്നു
കോട്ടയം: വെച്ചൂര്‍, കല്ലറ, അയ്മനം പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പക്ഷികളെ കൂട്ടത്തോടെ നശിപ്പിച്ചു സംസ്‌കരിച്ചു തുടങ്ങി. പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് നശിപ്പിക്കുന്നത്. ബുധനാഴ്ച(ഡിസംബര്‍ 15) മൂന്നിടങ്ങളിലുമായി 11268 താറാവുകളെ കൊന്നു സംസ്‌ക്കരിച്ചു. കല്ലറയില്‍ വെന്തകരി കിഴക്കേച്ചിറയില്‍ 38 ദിവസം പ്രായമായ 1681 താറാവുകളെയാണ് നശിപ്പിച്ചത്. രമണന്‍ എന്ന കര്‍ഷകന്റേതാണ് താറാവ്. ഇവിടെ നശീകരണ നടപടികള്‍ പൂര്‍ത്തിയായി.
വെച്ചൂരില്‍ നാല്, അഞ്ച് വാര്‍ഡുകളിലെ കട്ടമട പ്രദേശത്ത് മൂന്നരമാസം പ്രായമായ 3900 താറാവുകളെയാണ് നശിപ്പിച്ചത്. ഹംസ എന്ന കര്‍ഷകന്റേതാണിത്. ഇവിടെ ഇന്നും( ഡിസംബര്‍ 16) പക്ഷികളെ നശിപ്പിക്കും.അയ്മനത്ത് വാര്‍ഡ് ഒന്നിലെ കല്ലുങ്കത്തറ ഐക്കരശാല പാടശേഖര പ്രദേശത്തെ 5623 താറാവുകളെയും 42 ദിവസം പ്രായമായ 64 താറാവുകളെയുമാണ് കൊന്നു സംസ്‌ക്കരിച്ചത്. വിദ്യാനാഥന്‍, രഘു, സജിമോന്‍, സുദര്‍ശന്‍, അനീഷ് എന്നിവരുടെ താറാവുകളെയാണ് കൊന്ന് സംസ്‌ക്കരിച്ചത്. അയ്മനത്തും വെച്ചൂരിലും രാത്രി വൈകിയും ദ്രുതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ നശീകരണജോലികള്‍ തുടരുകയാണ്. മൃഗസംരക്ഷണവകുപ്പിന്റെ 10 ദ്രുതകര്‍മസേന സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു നടപടി. ഒരു വെറ്ററിനറി ഡോക്ടര്‍, ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, മൂന്നു സഹായികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഒരു സംഘം. കല്ലറ- രണ്ട്, വെച്ചൂര്‍- അഞ്ച്, അയ്മനം-മൂന്ന് എന്നിങ്ങനെയാണ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. പ്രദേശത്ത് അണുനശീകരണവും നടത്തി. രാത്രിയിലെ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ഫോഴ്സ് അസ്‌കാ ലൈറ്റ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രദേശത്ത് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ താറാവ് കര്‍ഷകര്‍ക്കും നശീകരണ ജോലിയിലുള്ളവര്‍ക്കും പ്രതിരോധ മരുന്നുകള്‍ നല്‍കി.ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഒ.റ്റി. തങ്കച്ചന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഷാജി പണിക്കശേരി, വൈക്കം ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ഗാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോണി തോട്ടുങ്കല്‍(കല്ലറ), കെ. ആര്‍ ഷൈലകുമാര്‍(വെച്ചൂര്‍), സബിത പ്രേംജി (അയ്മനം), വൈസ് പ്രസിഡന്റ് മനോജ് കരീമഠം എന്നിവരുടെ നേതൃത്വത്തിലായിരുന്നു നശീകരണം.

Author

Leave a Reply

Your email address will not be published. Required fields are marked *