ഒമിക്രോണ്‍; സ്വയം നിരീക്ഷണത്തില്‍ അലംഭാവം അരുത് : മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം: സ്വയം നീക്ഷണത്തില്‍ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ഈ പ്രത്യേക സാഹചര്യത്തില്‍ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസായതിനാല്‍ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് സ്വയം നിരീക്ഷണം?

· വീടുകളിലും പുറത്ത് പോകുമ്പോഴും എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ ഉപയോഗിക്കേണ്ടതാണ്.
· ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ പ്രായമായവരുമായും മറ്റ് രോഗബാധയുള്ള വ്യക്തികളുമായും കുട്ടികളുമായും ഈ ദിവസങ്ങളില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തരുത്.
· സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തീയറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.
· ആള്‍ക്കൂട്ടമുള്ള പൊതുപരിപാടികള്‍, ചടങ്ങുകള്‍, പൊതു ഗതാഗതം എന്നിവ ഒഴിവാക്കണം.
· എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതാണ്.
· കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം.
· ഷേക്ക് ഹാന്‍ഡ് ഒഴിവാക്കുക.
· രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ക്വാറന്റൈനിലാകുകയും ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം.

സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *