എഫ്. സി. ഐ യിൽ നിന്നുള്ള ഭക്ഷ്യ ധാന്യവിട്ടെടുപ്പിന് മാതൃകാ നടപടി രേഖ തയ്യാറായി

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ ഗോഡൗണുകളിൽ നിന്നും സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം വഴിയുള്ള വാതിൽപ്പടി വിതരണത്തിനായി ഭക്ഷ്യ ധാന്യങ്ങൾ വിട്ടെടുക്കുന്നതിനുള്ള മാതൃകാനടപടി രേഖ തയ്യാറായി. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിലിന്റെ സാന്നിധ്യത്തിൽ സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി. സജിത് ബാബുവും എഫ്.സി.ഐ കേരള ജനറൽ മാനേജർ വിജയ് കുമാർ യാദവും രേഖ ഒപ്പിട്ട് കൈമാറി.

ഭക്ഷ്യ ധാന്യങ്ങൾ വിട്ടെടുക്കുന്നതിന് മുമ്പായി സംസ്ഥാന സർക്കാരിന്റെ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഗുണനിലവാരം ഉറപ്പുവരുത്താനും സാമ്പിളുകൾ ശേഖരിക്കാനുമാണ് രേഖ നിർദ്ദേശിക്കുന്നത്. സാമ്പിളുകൾ പരിശോധന നടത്തി അധികാരികൾ ഒപ്പുവച്ച് സീൽ ചെയ്തു സൂക്ഷിക്കും. മൂന്ന് സാമ്പിൾ പായ്ക്കറ്റുകൾ തയ്യാറാക്കി ഒരു പായ്ക്കറ്റ് വിട്ടെടുപ്പ് നടത്തുന്ന വകുപ്പിന്റെ പക്കലും, ഒന്ന് എഫ്. സി. ഐ യുടെ ജില്ലാ കാര്യാലയത്തിലും മറ്റൊന്ന് വിട്ടെടുത്ത ഗോഡൗണിലും സൂക്ഷിക്കും. ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നത് എഫ്.സി.ഐ യുടെ പ്രാഥമിക ചുമതലയായിരിക്കും.
കീറിയതോ ദ്രവിച്ചതോ ആയ ചാക്കുകളിൽ ഭക്ഷ്യ ധാന്യം വിതരണം ചെയ്യുന്നില്ലെന്ന് എഫ്.സി.ഐ അധികൃതർ ഉറപ്പുവരുത്തും.
50 കിലോഗ്രാമിന്റെ ബാഗുകളിൽ ധാന്യങ്ങളുടെ വിതരണം നടത്താൻ എഫ.സി.ഐ നടപടി സ്വീകരിക്കും. അളവിനെയോ ഗുണത്തെയോ സംബന്ധിച്ചുണ്ടാകുന്ന സാധാരണ തർക്കങ്ങൾ കൈകാര്യം ചെയ്യാൻ ഭക്ഷ്യകമ്മീഷൻ പ്രതിനിധി, എഫ്.സി.ഐ ഡിവിഷണൽ മാനേജർ, ജില്ലാ സപ്ലൈ ഓഫീസർ, എഫ്.സി.ഐ ഡിപ്പോ മാനേജർ എന്നിവരടങ്ങിയ സമിതി രൂപീകരിക്കും.
എഫ്. സി. ഐ യിലെ ചുമട്ടുതൊഴിലാളികൾ സിവിൽ സപ്ലൈസ് വകുപ്പിന്റേയോ സപ്ലൈകോയുടെയോ ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്റ്റർമാരിൽ നിന്ന് യാതൊരു വിധ അട്ടിക്കൂലി ആവശ്യപ്പെടാൻ പാടില്ല. ഇക്കാര്യത്തിൽ വരുന്ന പരാതികളിൽ എഫ്.സി.ഐ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്.

Leave Comment