കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യത്ത് നടപ്പാക്കിയ വികസന സ്തംഭങ്ങളെ തെരുവുകച്ചവടക്കാരന്റെ മനോഭാവത്തോടെ പ്രധാനമന്ത്രി വിറ്റൊഴിക്കുന്നൂവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ശാസ്ത്രവേദി സംസ്ഥാന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

വികസനം അനിവാര്യമാണ്. ശാസ്ത്രത്തിന്റെ നേട്ടം നാടിന് ഗുണകരമായി ലഭിക്കണം.രാജ്യത്ത് ഇന്നുകാണുന്ന വികസനത്തിന് അടിത്തറ പാകിയ പ്രസ്ഥാനം കോണ്‍ഗ്രസാണ്. അഞ്ചു വര്‍ഷം ഭരിക്കാന്‍ വന്നവര്‍ക്ക് 75 വര്‍ഷം കൊണ്ട് നാം ഉണ്ടാക്കിയ വികസനങ്ങളെ വിറ്റുതുലയ്ക്കാന്‍ എന്ത് ധാര്‍മിക അവകാശമാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു.

പൊതുമേഖല സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ വിറ്റുതുലയ്ക്കുകയാണ്.ഇതിനെതിരെ പ്രതിഷേധിക്കാന്‍ പോലും അവസരം നിഷേധിക്കുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളുടെ കൂത്തരങ്ങായി പാര്‍ലമെന്റിനെ മോദി സര്‍ക്കാര്‍മാറ്റി.ചര്‍ച്ചയ്ക്ക് അവസരമില്ല. പാര്‍ലമെന്റിലെ വെറും സന്ദര്‍ശകന്‍മാത്രമാണ് പ്രധാനമന്ത്രി. പാര്‍ലമെന്റ് അംഗങ്ങളുടെ അഭിപ്രായം കേള്‍ക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുന്ന തിരിക്കില്‍ നാടുനീളെ ചുറ്റിനടക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറി ജിഎസ് ബാബു, ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍,ബിസി ഉണ്ണിത്താന്‍,എസ്.ഡോ.പ്രേംജിത്ത്, ഡോ.വി.ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave Comment