ഐഎപിസിയുടെ 2022 ലേക്കുള്ള ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു; കമലേഷ് മേത്ത ചെയര്‍മാന്‍

Spread the love

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) ന്റെ ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു. ചെയര്‍മാനായി ലോംഗ് ഐലന്റില്‍ നിന്നുള്ള മാധ്യമ സംരംഭകനും സീനിയര്‍ റൊട്ടേറിയന്‍, കമ്യൂണിറ്റി ലീഡര്‍, ബിസിനസ്സുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനുമായ കമലേഷ് മേത്തയെ തെരഞ്ഞെടുത്തു. വൈസ് ചെയര്‍മാനായി മീന ചിറ്റിലപ്പിള്ളിയേയും തെരഞ്ഞെടുത്തു. ഡോ. അജയ്‌ഘോഷാണ് ബോര്‍ഡ് സെക്രട്ടറി. മറ്റ് അംഗങ്ങള്‍: ജിന്‍സ്‌മോന്‍ പി. സക്കറിയ, റെജി ഫിലിപ്പ്, ഡോ. മാത്യു ജോയിസ്, ഡോ. ജോസഫ് എം. ചാലില്‍, സംഗീത ദുവ, പര്‍വീണ്‍ ചോപ്ര, ഡോ. പി.വി. ബൈജു, ഡോ. റെനി മെഹ്‌റ, ആഷ്‌ലി ജോസഫ്, മിനി നായര്‍, തമ്പാനൂര്‍ മോഹന്‍, സാബു കുര്യന്‍, ജോസഫ് ജോണ്‍, സ്വപ്‌ന ജോയി.

നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും പ്രചാരമുള്ള ഇന്തോ അമേരിക്കന്‍ ഇംഗ്ലീഷ് മാധ്യമഗ്രൂപ്പായ ഫോര്‍സൈത് മീഡിയ ഗ്രൂപ്പ് സ്ഥാപകനാണ് കമലേഷ് മേത്ത. രാജസ്ഥാനിലെ ഒരു പ്രമുഖ ജെയിന്‍ കുടുംബാംഗമായ അദ്ദേഹം 1985-ല്‍ ബോംബെയില്‍ വജ്രവ്യാപാരം ആരംഭിച്ചു. വ്യാപാരം വിപുലമാക്കുക എന്ന ഉദ്ദേശത്തോടെ 1986-ല്‍ ന്യുയോര്‍ക്കിലേക്കു കുടിയേറിയ കമലേഷ് അവിടെ ജംസ്റ്റോണ്‍, വജ്രം എന്നിവയുടെ വ്യാപാരം ആരംഭിച്ചു. 2008-ല്‍ ആണ് കമലേഷ് മാധ്യമ ബിസിനസിലേക്കു കടന്നത്. കമ്യൂണിറ്റിക്ക് വേണ്ടിയുള്ള കമലേഷിന്റെ വീക്കലി പത്രമായ ‘ ദ സൗത്ത് ഏഷ്യന്‍ ടൈംസിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഫോര്‍സൈത് മീഡിയ ഗ്രൂപ്പ് ‘ ദ ഏഷ്യന്‍ ഇറയുടെ പബ്ലീഷറാണ്.
2010 ജനുവരിയില്‍ നസുവ കൗണ്ടി അഡ്മിനിസ്‌ട്രേഷന്‍ ഇദ്ദേഹത്തെ ഡയറക്ടര്‍ ഓഫ് ബിസിനസ് ആന്റ് ഇകണോമിക് ഡെവലപ്‌മെന്റ് ആയി നിയമിച്ചു. അഞ്ച് വര്‍ഷം അവിടെ സേവനം അനുഷ്ഠിച്ചു. 2009-ല്‍ ഹിക്‌സ്വില്‍ സൗത്തിലെ റോട്ടറി ക്ലബ് പ്രസിഡന്റായി. 2015-16-ല്‍ ആര്‍
ഐ ഡിസ്ട്രിക്ട് 7255 ന്റെ ഗവര്‍ണ്ണറാകാന്‍ അവസരം ലഭിച്ചു.
പ്രധാന റോട്ടറി ഡോണറായി ആദരിക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം നിരവധി മത സംഘടനകള്‍ക്കും, സാമൂഹിക ആവശ്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്്. നിരവധി സാമൂഹിക സംഘടകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം രാജസ്ഥാന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെയും, 2012-ല്‍ ഹിക്‌സ് വില്ലില്‍ ആരംഭിച്ച ഇന്ത്യന്‍ ഡെ പരേഡിന്റെ സ്ഥാപകനും ആണ്. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡുകളും, കമ്യൂണിറ്റി സംഘടനകളുടെ ബഹുമതി പത്രങ്ങളും കമലേഷ് മേത്തയ്ക്കു ലഭിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മീനാ ചിറ്റിലപ്പിള്ളി ഡാളസ്സില്‍ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗങ്ങളിലെ സജീവപ്രവര്‍ത്തകയാണ്. 1990-92 കാലങ്ങളില്‍ തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജ് ആര്‍ട്സ് ക്ലബ് സെക്രട്ടറിയും യൂണിയന്‍ കൗണ്‍സിലറുമായിരുന്നു. ദൂരദര്‍ശന്റെ അവതാരകയായി നിരവധി പരിപാടികള്‍ അവതരിപ്പിച്ചു. 15 വര്‍ഷം ഏഷ്യാനെറ്റില്‍ അവതാരകയും ന്യൂസ്റീഡറും തുടര്‍ന്ന് ജയ്ഹിന്ദ് ടീവിയിലും അവതാരക ആയിരുന്ന മീനാ ഇപ്പോള്‍ ഫ്ളവേഴ്സ് ടിവിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ 2001 മുതല്‍ സ്വരജതി എന്ന മ്യൂസിക് ആന്‍ഡ് ഡാന്‍സ് സ്‌കൂള്‍ നടത്തുകയും പ്രൊഫെഷണല്‍ നാടകരംഗത്ത് സജീവമായി വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മികച്ച സംഘാടകയും മാധ്യമ പ്രവര്‍ത്തകയുമാണ്.

ബോര്‍ഡ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. അജയ് ഘോഷ് യൂണിവേഴ്സല്‍ ന്യൂസ് നെറ്റ് വര്‍ക്കിന്റെയും ഏഷ്യന്‍ ഈറ മാഗസിന്റെയും ചീഫ് എഡിറ്ററും ഐഎപിസിയുടെ സ്ഥാപക പ്രസിഡന്റും ഐഎപിസി ഡയറക്ടര്‍ ബോര്‍ഡിലെ സ്ഥിരാംഗവുമാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ അമേരിക്കന്‍ എഡിഷനുകളുടെ ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യാ പോസ്റ്റ്, വോയിസ് ഓഫ് ഡല്‍ഹി, ഇന്ത്യട്രിബ്യൂണ്‍ എന്നീ മാധ്യമങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002 മുതല്‍ 2008 വരെ ന്യൂയോര്‍ക്കില്‍നിന്ന് പ്രസിദ്ധീകരിച്ച എന്‍ആര്‍ഐ ടുഡേ എന്ന പ്രതിവാര മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. 2010 മുതല്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ മീഡിയ കണ്‍സള്‍ട്ടന്റായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ 2015 ല്‍ എക്സലന്‍സ് ഇന്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ് നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.2018 ല്‍ നാമം എന്ന സംഘടനയും ഇദ്ദേഹത്തെ എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. 1997 ല്‍ ജേര്‍ണലിസല്‍ ഉന്നത പഠനത്തിനായി അമേരിക്കയിലെത്തിയ അദ്ദേഹം സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദം നേടി സാമൂഹ്യപ്രശ്നങ്ങള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായി സമൂഹത്തിനു മുന്നിലെത്തിച്ചു.

ഐഎപിസി ഡയറക്ടര്‍ ബോര്‍ഡിലെ സ്ഥിരാംഗമായ ജിന്‍സ്മോന്‍ പി. സക്കറിയ സ്ഥാപക ചെയര്‍മാനാണ്. ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടറായ അദ്ദേഹം ദൃശ്യമാധ്യമരംഗത്ത് പുതുമകള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ്. അമേരിക്കയിലും കാനഡയിലും എഡിഷനുകളുള്ള മലയാളപത്രമായ ജയ്ഹിന്ദ് വാര്‍ത്തയുടെ ചെയര്‍മാനാണ്. അമേരിക്കയിലെ പ്രമുഖ മലയാളം മാഗസിനായ അക്ഷരം മാസികയുടെ ചീഫ് എഡിറ്ററായ അദ്ദേഹം ഇംഗ്ലീഷ് മാസികയായ ഏഷ്യന്‍ ഈറയുടെ പ്രസിഡന്റും സിഇഒയുമാണ്. അമേരിക്കയിലെ പ്രമുഖ ഇഗ്ലിഷ് പത്രമായ ദി സൗത്ത് ഏഷ്യന്‍ ടൈംസ്‌ന്റെ മാനേജ്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ജിന്‍സ്‌മോന്‍ പതിനാറുവര്‍ഷം മുമ്പ് ദീപിക ദിനപത്രത്തിന്റെ യൂറോപ് എഡിഷന്റെ ചാര്‍ജ് ഏറ്റെടുത്തുകൊണ്ടാണ് പത്രപ്രവര്‍ത്തന രംഗത്ത് തുടക്കം കുറിക്കുന്നത്.
ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടറായിരിക്കേ അദ്ദേഹം അമേരിക്കയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ആദ്യമായി റിയാലിറ്റി ഷോ നടത്തിയത് ചരിത്രസംഭവമായി. നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്ത റിയാലിറ്റി ഷോ ഇരുന്നൂറ്റിയമ്പതോളം എപ്പിസോഡുകളിലാണ് സംപ്രേക്ഷണം ചെയ്തത്. നിരവധി ഗായകര്‍ക്ക് ഈ പരിപാടിയിലൂടെ തങ്ങളുടെ കഴിവുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു.

ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടറായ റെജിഫിലിപ്പ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍കൂടിയാണ്. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദമുള്ള റെജി നിരവധി വിഷ്വല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ക്രിയേറ്റീവ് വിഭാഗം കൈകാര്യം ചെയ്യുന്നുണ്ട്.

നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. മാത്യു ജോയിസ് ഐഎപിസിയുടെ ആദ്യകാല അംഗങ്ങളില്‍ ഒരാളാണ്. ഇന്ത്യയില്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സാമ്പത്തിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും, റോട്ട്രാക്ട് ക്ലബ് ഡയറക്ടര്‍, എംപ്ലോയീസ് ഫെഡറേഷന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. ഐഎപിസിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ബൈബിളിലെ പ്രേമകാവ്യവും ,പത്തുകല്‍പ്പനകളെക്കുറിച്ചും വ്യാഖ്യാനിക്കുന്ന ‘എന്റെ പ്രിയേ’ എന്ന പുസ്തകത്തിന്റെയും, ‘അമേരിക്കന്‍ ആടുകള്‍’ എന്ന സമാഹാരത്തിന്റെയും രചയിതാവാണ്. ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ജയ്ഹിന്ദ് വാര്‍ത്താ ന്യൂസ്‌പേപ്പറിന്റെ എക്സിക്റ്റൂട്ടീവ് എഡിറ്ററും, എക്സ്പ്രസ്സ് ഹെറാള്‍ഡ് അസ്സോസിയേറ്റ് എഡിറ്ററും , നേര്‍കാഴ്ച വാരികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമാണ്.

യൂണിവേഴ്സല്‍ ന്യൂസ് നെറ്റ് വര്‍ക്ക്, ദി യുഎന്‍എന്‍ ഡോട്ട് കോം എന്നിവയുടെ പ്രസാധകനും അമേരിക്കയില്‍ അറിയപ്പെടുന്ന ഇന്ത്യന്‍വംശജനും ഐഎപിസിയുടെ മുന്‍ ചെയര്‍മാനുമാണ് പ്രൊഫ. ജോസഫ് എം.ചാലില്‍. എഎപിഐ ഗ്ലോബല്‍ ക്ലിനിക്കല്‍ റിസര്‍ച്ച് നെറ്റ്വര്‍ക്ക് ചെയര്‍മാനും നോവ സൗത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗവുമാണ് ഐഎപിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട പ്രാഫ. ജോസഫ് എം. ചാലില്‍. നോവ സൗത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബിസിനസിലെ കോംപ്ലക്സ് ഹെല്‍ത്ത് സിസ്റ്റംസ് അഡൈ്വസറി ബോര്‍ഡില്‍ ചെയര്‍മാന്‍ പദവിയും ആജങ്ക്റ്റ് പ്രൊഫസര്‍ ചുമതലയും അദ്ദേഹം വഹിക്കുന്നു. നോര്‍ത്ത് അമേരിക്കയിലെ ഡിബിവി ടെക്നോളജീസ് ഐഎന്‍സിയില്‍ സീനിയര്‍ മെഡിക്കല്‍ ഡയറക്ടറായ അദ്ദേഹം അമേരിക്കന്‍ കോളേജ് ഓഫ് ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവുകളുടെ ഫെലോയായും പ്രവര്‍ത്തിക്കുന്നു.

സംഗീത ദുവ ഹ്യൂസ്റ്റന്‍ടിവി സ്ഥാപകയാണ്. ടൈവേഴ്സിറ്റി ടോക് ഷോ എന്ന പ്രശസ്ത ടിവി പ്രോഗ്രാം അവതരിപ്പിക്കുന്നതും ഇവരാണ്. എസ്എടിവിയിലെ ചായ് ടൈം എന്ന പരിപാടിയിലെ അവതാരകയായിരുന്ന ഇവര്‍ ഹം തും റേഡിയൊ, റേഡിയൊ ഹ്യൂസ്റ്റന്‍ 1090 എഎം, റേഡിയൊ സൗത്ത് എഷ്യ 1090 എഎം എന്നിവയിലെയും അവതാരക ആയിരുന്നു. സ്മാര്‍ട് ടിവിയിലൂടെ സൗത്ത് എഷ്യന്‍ നെറ്റ്വര്‍ക് ടിവി ലോഞ്ച് ചെയ്യുന്നതിന്റെ പരിപാടികളില്‍ ഇവര്‍ സജീവമായി പ്രവര്‍ത്തിച്ച് വരുന്നു.

പതിറ്റാണ്ടുകളായി അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന പര്‍വീണ്‍ ചോപ്ര സൗത്ത് ഏഷ്യന്‍ ടൈംസിന്റെ മാനേജിംഗ് എഡിറ്ററാണ്. ‘വണ്‍ വേള്‍ഡ് അണ്ടര്‍ വണ്‍ ഗോഡ് ‘ എന്ന ഇന്റര്‍ഫെയിത്ത് ജേണലിലും പ്രവര്‍ത്തിക്കുന്നു. പഞ്ചാപ് യൂണിവേഴ്സിറ്റിയില്‍നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ പര്‍വീണ്‍ ഇന്ത്യാ ടുഡേ മാഗസിനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ലൈഫ് പോസറ്റീവ് എന്ന സ്പരിച്ച്വല്‍ മാഗസിന്റെ സ്ഥാപകനുമായ പര്‍വീണ്‍ ഐഎപിസിയുടെ മുന്‍ പ്രസിഡന്റുകൂടിയാണ്.

കാനഡിലെ അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റുമാണ് ഡോ. പി.വി. ബൈജു. കാനേഡിയന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ തന്റെ കോളങ്ങളിലൂടെ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം.

ഡോ. റനി മെഹ്റ 1990 മുതല്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്നു. റെനി റിപ്പോര്‍ട്ട് എന്ന ഷോയുടെ ഹോസ്റ്റായും, രാഷ്ട്രീയം, ആരോഗ്യം, ഹ്യൂമന്‍ ഇന്ററസ്റ്റിംഗ് സ്റ്റോറീസ്, ഫാഷന്‍, ഫിലിം, തിയറ്റര്‍, കറന്റ് അഫയേഴ്സ് എന്നീ വിഷയങ്ങളില്‍ മാധ്യമ വാര്‍ത്ത റെനി നല്‍കുകയും ചെയ്യുന്നു. റെന്‍ബോ മീഡിയ എന്ന അഡ്വര്‍ടൈസിംഗ്, ബ്രോഡ്കാസ്റ്റിംഗ്, പബ്ലിക് റിലേഷന്‍സ് കമ്പനിയുടെ പ്രസിഡന്റായി 2010 മുതല്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. എക്സ്റ്റേണല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് എന്‍വൈസി ഹെല്‍ത്ത്, ഹോസ്പിറ്റല്‍സ്/ ക്യൂന്‍സില്‍ 2014 മുതല്‍ 2017 ഫെബ്രുവരി വരെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യുയോര്‍ക്കില്‍ നിന്നും ബിഎ ബ്രോഡ്കാസ്റ്റ് ജേണലിസം നേടിയതിന് ശേഷം, ദ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ മാനേജ്മെന്റ് ആന്‍ഡ് പബ്ലിക് റിലേഷന്‍സില്‍ എംഎയും നേടി. വോള്‍ഡന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് ഡോക്ടറേറ്റെടുത്തത്.

നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായ ജയ്ഹിന്ദ്വാര്‍ത്തയുടെ ചീഫ് എഡിറ്ററാണ് ആഷ്‌ലി ജോസഫ്‌. ഇന്തോ- അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ഫ്‌ളോറിഡയില്‍ നിന്നു പ്രസിദ്ധീകരിച്ച മലയാളി മനസ് എന്ന പത്രത്തിലെ റിപ്പോര്‍ട്ടറായിട്ടായി 2003 ല്‍ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ച അദ്ദേഹം പുതിയ കുടിയേറ്റക്കാര്‍ക്കായി 2006 ല്‍ പ്രസിദ്ധീകരിച്ച യാത്ര എന്ന മാഗസിന്റെ ചീഫ് എഡിറ്ററായിരുന്നു. അമേരിക്കയിലെ പ്രമുഖ മലയാളം മാസികയായ അക്ഷരത്തിന്റെ മാനേജിംഗ് എഡിറ്ററായി 2007 മുതല്‍ 2009 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യവിഷയങ്ങളില്‍ ആഷ്‌ലിയുടേതായി നിരവധി ലേഖനങ്ങളാണ് ഇതിനോടകം തന്നെ അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. എഡ്മണ്ടന്‍ കാത്തലിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ആഷ്‌ലി നിരവധി അസോസിയേഷനുകളുടെയും ക്ലബുകളുടെയും സ്ഥാപകനാണ്.
1999 ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം മികച്ച സംഘാടകനെന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്. ഇപ്പോള്‍ കാനഡയിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ആഷ്‌ലി അമേരിക്കയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. നായഗ്രയില്‍ നിടന്ന ഇന്റര്‍നാഷ്ണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ കോ-ഓര്‍ഡിനേറ്ററായിരുന്നു. മൂവാറ്റുപുഴ നിര്‍മല കോളജില്‍ നിന്നു ബോട്ടണിയില്‍ ബിരുദം നേടിയിട്ടുളള ആഷ്‌ലി പഠനകാലത്തുതന്നെ രാഷ്ടീയ, സാമൂഹ്യരംഗങ്ങളില്‍ സജീവമായിരുന്നു. പിന്നീട്, ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടി അമേരിക്കയിലെത്തുകയായിരുന്നു.

മിനി നായര്‍ വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകയാണ്. 25 വര്‍ഷത്തിലധികമായി വിവിധ ചാനലുകളിലായി നിരവധി പ്രോഗ്രാമുകള്‍ക്കു പിന്നിലും മുന്നിലും പ്രവര്‍ത്തിച്ചു. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, കൈരളി ടിവി, സൂര്യാ ടിവി, ഇന്ത്യവിഷന്‍, ജയ്ഹിന്ദ് എന്നിവിടങ്ങളിലായി നിരവധി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളാ യൂണിവേഴ്സിറ്റിയില്‍നിന്നു നിയമബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടിയ മിനി നായര്‍ ദി വൈ ഫൈ റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ മാനേജിംഗ് എഡിറ്റര്‍ കൂടിയാണ്.
സ്‌ക്രിപ്റ്റ്, അവതരണം, ടോക് ഷോ, ലൈവ് പ്രോഗ്രാം, എംസി,പ്രോഗ്രാം റിസേര്‍ച്ച്, കോ-ഓര്‍ഡിനേഷന്‍, എഡിറ്റിംഗ് ഹോസ്റ്റിംഗ്,സ്‌ക്രിപ്റ്റിംഗ്, അഭിമുഖം തുടങ്ങി ഒരു മീഡിയയ്ക്ക് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന വ്യക്തിയാണ് മിനി നായര്‍. ഐഎപിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളും മുന്‍ നാഷണല്‍ വൈസ് പ്രസിഡന്റും അറ്ലാന്റാ ചാപ്റ്ററിന്റെ പ്രസിഡന്റ്, അഡൈ്വസറി ബോര്‍ഡംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അച്ചടി, ദൃശ്യമാധ്യമപ്രവര്‍ത്തനായ തമ്പാന്നൂര്‍ മോഹന്‍ പ്രശസ്ത ടെലിവിഷന്‍ പ്രോഗ്രാമായ കനേഡിയന്‍ കണക്ഷന്റെ നിര്‍മ്മാതാവാണ്. ജയ്ഹിന്ദ് വാര്‍ത്ത കാനഡയുടെ റീജണല്‍ ഡയറക്ടറായ ഇദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിലവില്‍ അദ്ദേഹം ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ കാനഡ നാഷ്ണല്‍ കോ-ഓര്‍ഡിനേറ്ററാണ്.

ഐഎപിസി അറ്റ്ലാന്റാ ചാപ്റ്റര്‍ പ്രസിഡന്റാണ് സാബു കുര്യന്‍്. സാബു കുര്യന്‍ കേരളത്തിലെ ഒരു കായികതാരമായിരുന്നു. ഇന്ത്യയില്‍ സംസ്ഥാന-ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യന്‍ നാവിക സേനയില്‍ നീണ്ട 15 വര്‍ഷത്തെ സര്‍വീസ് ഉള്ള അദ്ദേഹം തുടക്ക കാലത്ത് അത്‌ലറ്റായാണ് സേനയില്‍ കയറിയത്. പിന്നീട് പരിശീലകനായി മാറി. 1998-ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം യു.എസിലേക്ക് കൂടിയേറി. സെന്റ് മേരീസ് ഇന്റേണല്‍ റിക്രൂട്മെന്റ് ആന്‍ഡ് ട്രേഡിങ് എന്ന സംരംഭം ആരംഭിച്ച സാബു കുര്യന് പതിനായിരത്തിലധികം ആളുകളെ പാശ്ചാത്യ രാജ്യങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചു. യു കെയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അദ്ദേഹത്തിന് ഇന്ത്യക്കാരുടെ ഇമിഗ്രേഷന്‍ പ്രശ്നങ്ങള്‍ ഒന്നിലധികം പ്രധാനമന്ത്രിമാരുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരാന്‍ കഴിഞ്ഞു. ഇപ്പോള്‍ പൂര്‍ണമായും യു എസ് എ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അദ്ദേഹം മുന്‍പ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പൊളിറ്റിക്കല്‍ കണ്സള്റ്റന്റ്സിന്റെ ദേശീയ കോര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അമേരിക്കന്‍ റീജിയണല്‍ മീഡിയ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെ എംകെ ടവറുകളുടെ നടത്തിപ്പ് ചുമതലയുള്ള സാബു കുര്യന്‍ ‘അമ്മ’യുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുകയും ‘ഫോമ’യിലേക്ക് സജീവമായി സംഭാവന നല്‍കുകയും ചെയ്യുന്നുണ്ട്.

ഒരു കനേഡിയന്‍ ഫ്രീലാന്‍സ് ഗില്‍ഡും (CFG) കാല്‍ഗറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സ് റിപ്പോര്‍ട്ടറുമാണ് ജോസഫ് ജോണ്‍.ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ആല്‍ബര്‍ട്ട ചാപ്റ്ററിന്റെ പ്രസിഡന്റാണ് അദ്ദേഹം. നാലായിരത്തിലധികം കുടുംബങ്ങളുടെ അംഗത്വമുള്ള മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് കാല്‍ഗറിയുടെ പ്രസിഡന്റ് പദവിയും ജോസഫ് വഹിച്ചിട്ടുണ്ട്.കേരളത്തിലെ കുട്ടികള്‍ക്കായി സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ‘കാവ്യസന്ധ്യ’ യുടെ സ്ഥാപകനും സംഘാടകനുമായ ജോസഫ് ജോണ്‍, റിപ്പോര്‍ട്ടര്‍ മലയാളം ചാനലിലെ ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ വിഭാഗത്തിലെ വോളന്ററി റിപ്പോര്‍ട്ടറാണ്. മൂന്ന് ഇന്ത്യന്‍ ഭാഷകളിലെ വാര്‍ത്താ വെബ് പോര്‍ട്ടലുകളില്‍ നിന്നുള്ള മാധ്യമ പിന്തുണയുള്ള ‘നമ്മള്‍’ (മലയാള കലാ സാഹിത്യത്തിനുള്ള നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍) കൂട്ടായ്മയുടെ സ്ഥാപകനും സംഘാടകനും ആണ്. മലയാളത്തില്‍ ”നമ്മള്‍ ഓണ്‍ലൈന്‍”, തമിഴില്‍ ”നമതു തമിഴ്”, ഇംഗ്ലീഷില്‍ ”നമസ്തേ വേള്‍ഡ്” എന്നിങ്ങനെയാണ് പേരുകള്‍. കൂടാതെ, വിവിധ പ്രവിശ്യകളിലെ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ സൗജന്യ മലയാളം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്ന ‘നമ്മളുടെ പള്ളിക്കൂട”ത്തിന്റെ ദേശീയ കോര്‍ഡിനേറ്ററായി സേവനമനുഷ്ഠിക്കുന്നു. നാഷണല്‍ അസോസിയേഷന്‍ ഓഫ് കൊറോഷന്‍ എഞ്ചിനീയര്‍സ്, അസോസിയേഷന്‍ ഓഫ് മെറ്റീരിയല്‍സ് പ്രൊട്ടക്ഷന്‍ ആന്‍ഡ് പെര്‍ഫോമന്‍സ് കാല്‍ഗറി ചാപ്റ്റര്‍, യുഎസ് & കാനഡ നോര്‍ത്തേണ്‍ ഏരിയ എന്നീ സംഘടനകളുടെ സെക്രട്ടറിയുമാണ്.

കനേഡിയന്‍ സിറ്റിസനായ സ്വപ്ന ജോയി ദീര്‍ഘനാളുകളോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004ല്‍ ജീവന്‍ ടിവിയിലെ ഫാമിലി ഫ്ലാറ്റ് ക്വിസ് എന്ന പരിപാടിയിലൂടെയാണ് സ്വപ്ന അവതരണ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് 2005ല്‍ ഏഷ്യാനെറ്റ് ന്യൂസിലും ആ വര്‍ഷം തന്നെ സൂര്യ ടിവിയിലും പ്രവര്‍ത്തിച്ചു. 2006ല്‍ യുഎസിലേക്ക് പോയ സ്വപ്ന പിന്നീട് 2010 വരെ അവിടെയുണ്ടായിരുന്നു. 2011ല്‍ റിപ്പോര്‍ട്ടര്‍ ടീവിയുടെ മൈ ഹോമിലൂടെ മാധ്യമ രംഗത്തേക്ക് തിരിച്ചു വന്ന സ്വപ്ന 2011ല്‍ സൂര്യ ടിവിയുടെ സെലിബ്രിറ്റി ഇന്റര്‍വ്യൂ പരിപാടിയായ ശുഭരാത്രിയുടെ അവതാരകയായി. 2011ല്‍ ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി എന്ന ജനപ്രിയ പരിപാടിയുടെ അവതാരകയായി. പിന്നീട് ഒരു വര്‍ഷത്തോളം സ്റ്റേജ് ഷോകളിലേക്കും സെലിബ്രിറ്റി ഇന്റര്‍വ്യൂകളിലേക്കും മോഡലിങ്ങിലേക്കുമെല്ലാം ശ്രദ്ധതിരിച്ചു. 2013ല്‍ ജയ്ഹിന്ദ് ടിവിയിലെ യുവതാരം എന്ന റിയാലിറ്റി ഷോയുടെ അവതാരികയായി. 2014ല്‍ കാനഡയിലേക്ക് കൂടുമാറിയ സ്വപ്ന പിന്നീട് നാലുവര്‍ഷത്തോളം വാങ്കൂവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി നോക്കി. 2019-2020 കാലഘട്ടങ്ങളില്‍ ടോറന്റോ പിയേഴ്സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തു. 2019ല്‍ ടോറന്റോയിലെ ഗ്ലോബല്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ പ്രവര്‍ത്തിച്ചു. 2020ല്‍ ടോറന്റോയിലെ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സിയില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2020 മുതല്‍ ഇങ്ങോട്ട് മാതൃഭൂമിക്കും ന്യൂസ് 18നും വേണ്ടി ഫ്രീലാന്‍സ് റിപ്പോര്‍ട്ടിംഗ് നടത്തി വരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *