നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍ മേള: 2,460 ഉദ്യോഗാര്‍ഥികള്‍ ഷോര്‍ട് ലിസ്റ്റില്‍

Spread the love

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷനും കെ-ഡിസ്‌കും ചേര്‍ന്ന് നേരിട്ടു നടത്തുന്ന തൊഴില്‍മേളകളുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ 2,460 ഉദ്യോഗാര്‍ഥികളെ വിവിധ കമ്പനികള്‍ ഷോര്‍ട് ലിസ്റ്റ് ചെയ്തു. ഇവര്‍ക്ക് വൈകാതെ കമ്പനികള്‍ നേരിട്ട് ഓഫര്‍ ലെറ്റര്‍ നല്‍കും.
ആകെ 3,876 ഉദ്യോഗാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത 960 പേരില്‍ 668 പേരും കൊല്ലം ജില്ലയില്‍ പങ്കെടുത്ത 1,423 ല്‍ 794 പേരും പത്തനംതിട്ട ജില്ലയില്‍ 680 ല്‍ 379 പേരുമാണ് ലിസ്റ്റുകളില്‍ ഇടം പിടിച്ചത്. കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകള്‍ക്കായി തിരുവനന്തപുരത്ത് നടന്ന മേളയില്‍ പങ്കെടുത്ത 813 പേരില്‍ 619 പേരേയും ഷോര്‍ട് ലിസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് 101 കമ്പനികളും കൊല്ലത്ത് 74 കമ്പനികളും പത്തനംതിട്ടയില്‍ 43 കമ്പനികളുമാണ് തൊഴില്‍ ദാതാക്കളായി എത്തിയത്. കരിയര്‍ ബ്രേക്കു വന്ന വനിതകള്‍ക്കുള്ള പ്രത്യേക തൊഴില്‍ മേളയില്‍ 34 കമ്പനികളും പങ്കെടുത്തു.മറ്റു ജില്ലകളിലെ തൊഴില്‍ മേളകള്‍ ജനുവരിയില്‍ പൂര്‍ത്തിയാകും. ജനുവരി 10 ന് കോഴിക്കോടും 16ന് എറണാകുളത്തും കരിയര്‍ ബ്രേക്ക് വന്ന വനിതകള്‍ക്കായി മാത്രമുള്ള മേളകളും നടക്കും. ജില്ലാതലത്തില്‍ നടക്കുന്ന നേരിട്ടുള്ള തൊഴില്‍ മേളയ്ക്കുശേഷം 2022 ജനുവരി അവസാനം ഓണ്‍ലൈനായി നടത്തുന്ന തൊഴില്‍ മേളയിലും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി കമ്പനികള്‍ പങ്കെടുക്കും. അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ജനുവരിയോടെ പതിനായിരം പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജെന്റ് സിസ്റ്റം (DWMS) എന്ന പ്ലാറ്റ്ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് സര്‍ക്കാര്‍ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവും ഉള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ ദാതാക്കളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണ് മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്സ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ മുന്‍നിര്‍ത്തി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനം കെ-ഡിസ്‌ക്കും കുടുംബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *