ഗ്രാമപ്രദേശങ്ങളില്‍ ഇറച്ചി, മുട്ട ഉല്‍പ്പാദനം വര്‍ധിപ്പിക്കണം: മന്ത്രി ജെ. ചിഞ്ചുറാണികോട്ടയം: ഗ്രാമപ്രദേശങ്ങളില്‍ മുട്ട, ഇറച്ചി ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ ഒരു കോടി രൂപയുടെ വിവിധ നവീകരണ പ്രവര്‍ത്തനങ്ങളുടെയും ഗ്രാമസമൃദ്ധി എഗ്ഗര്‍ നഴ്‌സറി പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മുട്ട, ഇറച്ചി ഉല്‍പാദനം വര്‍ധിപ്പിച്ച് കുടുംബശ്രീയും വനിതാ കൂട്ടായ്മകളും കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കണം. ഇതിലൂടെ വനിതകള്‍ക്ക് സ്വയംപര്യാപ്തത നേടാനും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറച്ചുകൊണ്ടുവരാനും കഴിയും. ആശ്രയപദ്ധതി വഴി ഗ്രാമപഞ്ചായത്തുകളില്‍ വിവിധ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്ന മുഴുവന്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തി മുട്ടക്കോഴി വളര്‍ത്തല്‍ വിപുലമാക്കണം.
ഇതിനായി ആശ്രയ പദ്ധതി മുഖേന വിധവകളായ സ്ത്രീകള്‍ക്ക് 10 കോഴിയും മൂന്നുകിലോ തീറ്റയും മരുന്നും നല്‍കുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ചു കോഴിയും രണ്ടുകിലോ തീറ്റയും മരുന്നും നല്‍കിവരുന്നു. ‘ഗ്രാമംനിറയേ കോഴി’ പദ്ധതിവഴി ഒരാള്‍ക്ക് എട്ടുകോഴിയും അഞ്ചുകിലോ തീറ്റയും മരുന്നും നല്‍കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കോഴിഫാമുകള്‍ ഇനിയും വര്‍ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, റ്റി.എന്‍. ഗിരീഷ്‌കുമാര്‍, ജെസി ഷാജന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ റെജി എം. ഫിലിപ്പോസ്, പി.ആര്‍. അനുപമ, മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, വാര്‍ഡംഗം രജിത അനീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഒ.റ്റി. തങ്കച്ചന്‍, പൗള്‍ട്രി ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ. മനോജ്കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഷാജി പണിക്കശ്ശേരി, ഡെപ്യൂട്ടി ഡയറക്ടര്‍ (എ.എച്ച്) ഡോ.എന്‍. ജയദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.വൈദ്യുതിമുടക്കമില്ലാതെ കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാന്‍ 15 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ജനറേറ്ററിന്റെയും മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രവും സ്‌നേഹദീപം ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. എഗ്ഗര്‍ നഴ്‌സറിയുടെ പ്രവര്‍ത്തനം മന്ത്രി നേരില്‍ക്കണ്ട് വിലയിരുത്തി. പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിനെ ഹരിതാഭമാക്കാന്‍ സജ്ജമാക്കിയ പച്ചത്തുരുത്തും മന്ത്രി സന്ദര്‍ശിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ആടുവളര്‍ത്തല്‍ പദ്ധതിയായ കൊമേഴ്‌സ്യല്‍ ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് മുഖേന 20 ആടുകളെ വളര്‍ത്തുന്നതിന് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്ന പദ്ധതി പൂര്‍ത്തിയാക്കിയ 15 ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായം മന്ത്രി വിതരണം ചെയ്തു. ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് കുളമ്പുരോഗമുള്ള കന്നുകാലികള്‍ക്ക് കോവിഡ്കാലത്തും വീടുവീടാന്തരം കയറിയിറങ്ങി ദ്രുതഗതിയില്‍ വാക്‌സിന്‍ നല്‍കാന്‍ ജില്ലയില്‍ നേതൃത്വം നല്‍കിയ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരായ ഡോ. ഷാജി പണിക്കശേരി, ഡോ. എം.എസ്. സുബിന്‍, ഡോ. റോസ്മി കെ. ബേബി, ഡോ. ഷെജോ ജോസ്, പി.പി. ഷാനവാസ്, സൗമ്യ ജെ. നായര്‍, റ്റി.വി. വിനീത മോള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എഗ്ഗര്‍ നേഴ്‌സറി സംരംഭകത്വവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വിദഗ്ധരുടെ സെമിനാറും നടന്നു.

Leave Comment