വസ്ത്ര വിപണിയിൽ കൂടുതൽ സ്വാധീനമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹാന്റക്‌സ് പുതിയ ബ്രാന്റ് ഷർട്ടുകൾ പുറത്തിറക്കി. കമാൻഡോ എന്ന പേരിൽ പുറത്തിറക്കിയ ഷർട്ടുകൾ ചലച്ചിത്ര താരം മോഹൻലാലാണ് വിപണിയിൽ ഇറക്കിയത്. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനായി.
ജപ്പാൻ, തായ്വാൻ എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത യന്ത്രങ്ങളിൽ തിരുവനന്തപുരം ഹെഡ് ഓഫീസിനോട് ചേർന്ന ഗാർമെന്റ് യൂണിറ്റിലാണ്
കമാൻഡോ കൈത്തറി ഷർട്ടുകൾ രൂപപ്പെടുത്തുന്നത്. പൂർണ്ണമായും കൈകൊണ്ട് നെയ്‌തെടുക്കുന്ന തുണി ഉപയോഗിച്ച് ഹാന്റക്‌സിന്റെ സ്വന്തം യൂണിറ്റിലെ വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികളാണ് ഷർട്ടുകൾ ഉത്പാദിപ്പിക്കുന്നത്. പുതു തലമുറ ഉൾപ്പെടെ എല്ലാത്തരം ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് കമാൻഡോ ഷർട്ടുകൾ നിർമ്മിച്ചിട്ടുള്ളത്.
പാരമ്പര്യം നിലനിർത്തി കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണിയിൽ ശക്തമായ സാന്നിധ്യമാവുകയാണ് കൈത്തറി മേഖലയുടെ ലക്ഷ്യമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.
കൈത്തറിയും, ഹാന്റക്‌സുമായും വർഷങ്ങളായുള്ള ബന്ധമാണ് തനിക്കുള്ളതെന്ന് ഷർട്ട് പുറത്തിറക്കിക്കൊണ്ട് ചലച്ചിത്ര താരം മോഹൻലാൽ പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധി മറികടക്കാൻ ഇത്തരം പുതിയ ഉത്പ്പന്നങ്ങൾ വിപണനം ചെയ്യുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹാന്റക്‌സ് മാനേജിംഗ് ഡയറക്ടർ കെ.എസ് .അനിൽ കുമാർ സ്വാഗതവും ഹാന്റക്‌സ് പ്രസിഡണ്ട് കെ.മനോഹരൻ നന്ദിയും പറഞ്ഞു. ഹാന്റക്‌സ് വൈസ് പ്രസിഡന്റ് എൻ.രവീന്ദ്രൻ, ഭരണ സമിതി അംഗങ്ങളായ കെ.കെ. വിജയൻ, ആർ. രാമസ്വാമി, മാർക്കറ്റിങ് മാനേജർ കെ. അജിത് എന്നിവർ പങ്കെടുത്തു