വികസനത്തെ എതിർക്കുന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ നല്ല മനസോടെ അനുകൂലിക്കും: മുഖ്യമന്ത്രി

Spread the love

വികസനത്തെ എതിർക്കുന്നതിൽ കാര്യമില്ലെന്ന് കാര്യകാരണ സഹിതം ബോധ്യപ്പെടുത്തുകയും നല്ല നാളേയ്ക്കും അടുത്ത തലമുറയ്ക്കും ഒഴിച്ചു കൂടാനാവാത്തതാണ് പദ്ധതികളെന്ന് വിശദീകരിക്കുകയും ചെയ്താൽ എതിർത്തവർ തന്നെ നല്ല മനസോടെ അനുകൂലിക്കാനും അതിന്റെ ഭാഗമാകാനും മുന്നോട്ടു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന്റെ ഉദ്ഘാടനം ഐ. എം. ജി ബാർട്ടൺഹിൽ കാമ്പസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയമായി അപഗ്രഥനം ചെയ്തും എതിർപ്പിന്റെ വിവിധ വശം മനസിലാക്കിയും മുന്നോട്ടു പോയാൽ ഇത്തരം എതിർപ്പുകളെ നേരിടാൻ കഴിയുമെന്നതാണ് അനുഭവം. സംസ്ഥാനത്ത് ഏതു പുതിയ കാര്യം നടപ്പാക്കാൻ ശ്രമിക്കുമ്പോഴും ചിലർ എതിർക്കാൻ തയ്യാറായി വരും. ദേശീയപാത വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, കൊച്ചി ഇടമൺ പവർ ഹൈവേ തുടങ്ങിയ പദ്ധതികളെല്ലാം ശക്തമായ എതിർപ്പ് നേരിട്ടിരുന്നു.
ഇത്തരം പദ്ധതികളുടെ ഗുണം അനുകൂലിക്കുന്നവർക്കു മാത്രമല്ല, എതിർക്കുന്നവർക്കും ലഭിക്കും. എതിർപ്പിന്റെ ഭാഗമായി നാടിന് ആവശ്യമായ പലതും നടപ്പാക്കാൻ കഴിയാതെ പോയി. ഇവിടെയൊന്നും നടക്കില്ലെന്നതായിരുന്നു ഒരു കാലത്ത് കേരളത്തിലെ പൊതുചിന്ത. ഇന്ന് സ്ഥിതി മാറി. കാര്യങ്ങൾ നടപ്പാകുമെന്ന നില വന്നപ്പോൾ ഇവിടെ പലതും നടക്കുമെന്ന് ജനം ആത്മവിശ്വാസത്തോടെ പറയുന്ന നിലയായി. നാടിന്റെ വികസനം യാഥാർത്ഥ്യമാക്കാൻ പോസിറ്റീവ് സമീപനം ഉണ്ടാവണം. കെ. എ. എസിന്റെ ഭാഗമായവർ അത്തരത്തിൽ പ്രവർത്തിക്കണം. കെ. എ. എസ് പ്രാവർത്തികമാക്കാനും പല എതിർപ്പുകളും ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ സങ്കീർണമായ പ്രശ്‌നങ്ങൾ മുന്നിലെത്തുമ്പോൾ അത് അനുഭവിക്കുന്നവരുടെ കണ്ണുകളിലൂടെ വേണം ഉദ്യോഗസ്ഥർ വീക്ഷിക്കേണ്ടത്. അപ്പോൾ ജനങ്ങളുടെ വേദന മനസിലാക്കാനും ഉൾക്കൊള്ളാനും കഴിയും. അത്തരം ഒരു മനോഭാവം ഉണ്ടാവുക പ്രധാനമാണ്. ഇതിന് നിയമങ്ങളും ചട്ടങ്ങളും തടസമായുണ്ടെങ്കിൽ അത് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തണം. അത്തരം തടസങ്ങൾ മാറ്റുക എന്നതാണ് സർക്കാരിന്റെ സമീപനം. ഡിപ്പാർട്ട്‌മെന്റലിസം, ചുവപ്പുനാട തുടങ്ങിയ ദൗർബല്യങ്ങളെ മറികടക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് പൊതുവിൽ സിവിൽ സർവീസിന് ശനിദശയാണ്. സിവിൽ സർവീസിനെ ദുർബലമാക്കാനും തകർക്കാനും പലവിധ ശ്രമങ്ങൾ നടക്കുന്നു. എന്നാൽ കേരളത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. സിവിൽ സർവീസിനെ കൂടുതൽ ശക്തിപ്പെടുത്താനും ഏതു പ്രതിസന്ധിയും വെല്ലുവിളിയും നേരിടാനുള്ള കാര്യശേഷിയിലേക്ക് ഉയർത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ തസ്തികകളും സൃഷ്ടിക്കുന്നു. സിവിൽ സർവീസിനെ ജനകീയത്ക്കരിക്കുകയാണ് പ്രധാനം. വകുപ്പുകളുടെ ഏകോപനം വികസനത്തിനും അഭിവൃദ്ധിക്കും ഒഴിച്ചുകൂടാനാവാത്തതാണ്. എല്ലാത്തിനെയും ബന്ധിപ്പിക്കുന്ന രാസത്വരകമായി കെ. എ. എസുകാർക്ക് മാറാൻ കഴിയണം.
ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു നിന്നാൽ രക്ഷയാകും എന്ന ചിന്ത കെ. എ. എസുകാർക്ക് ഒരിക്കലും ഉണ്ടാകരുത്. ഏതു കാര്യത്തിലും ധൈര്യത്തോടെ മുന്നിട്ടിറങ്ങണം. സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വേഗത്തിലാക്കാനും നടപടി സ്വീകരിക്കണം. ശാസ്ത്ര സാങ്കേതിക സാധ്യതകൾ ഉപയോഗപ്പെടുത്തി സിവിൽ സർവീസിനെ ജനകീയവത്ക്കരിക്കാൻ സർക്കാർ ശ്രമം ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കെ. എ. എസിന്റെ മൂന്നു ബാച്ചുകളിലെയും ഒന്നാം റാങ്കുകാരുടെ കഴുത്തിൽ മുഖ്യമന്ത്രി ഐ. ഡി കാർഡ് അണിയിച്ചു. പുതിയ തുടക്കമെന്ന നിലയിൽ മുഖ്യമന്ത്രി ഒരു ഇലഞ്ഞിത്തൈയും നട്ടു.
കെ. എ. എസുകാർ കാര്യങ്ങൾ നടപ്പാക്കുന്നതിൽ മുഖ്യമന്ത്രിയെ മാതൃകയാക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. സമയനിഷ്ഠയിലും ഓരോ വിഷയവും പഠിച്ച് കൃത്യമായ തീരുമാനം എടുക്കുന്നതിലും തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നതിലുമെല്ലാം മുഖ്യമന്ത്രി മാതൃകയാണ്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കെ. എ. എസുകാർ മനസിൽ സൂക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു. കെ. എ. എസുകാർ സാമൂഹ്യ പ്രതിബദ്ധതയോടെ മുന്നോട്ടു പോകണമെന്ന് ചടങ്ങിൽ സംബന്ധിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി. കെ. പ്രശാന്ത് എം. എൽ. എ, പ്‌ളാനിംഗ് ബോർഡ് വൈസ് ചെയർപേഴ്‌സൺ പ്രൊഫ. വി. കെ. രാമചന്ദ്രൻ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, കൗൺസിലർ മേരിപുഷ്പം, ഐ. എം. ജി ഡയറക്ടർ കെ. ജയകുമാർ എന്നിവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *