‘മാഗ് ‘ ക്രിസ്തുമസ് പുതുവത്സരാഘോഷം ശ്രദ്ധേയമായി; പ്രഥമ ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ ഇമ്മാനുവേൽ മാർത്തോമാ ടീം ജേതാക്കൾ.

Spread the love

ഹൂസ്റ്റൺ∙ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ വൈവിദ്ധ്യവും വർണപ്പകിട്ടാർന്നതുമായ പരിപാടികൾ കൊണ്ട് ജന ശ്രദ്ധ പിടിച്ചു പറ്റി. ഇതോടൊപ്പം നടത്തിയ ക്രിസ്തുമസ് കരോൾ റൗണ്ട്‌സ്‌ ഗാനമത്സരവും മാഗിൻറെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. ഇതാദ്യമായാണ് ഹൂസ്റ്റണിൽ മലയാളി സമൂഹത്തിൽ ഒരു ക്രിസ്തുമസ് കരോൾ ഗാന മത്സരം സംഘടിപ്പിക്കുന്നത്.

ഡിസംബർ 26 ഞായറാഴ്ച വൈകുന്നേരം 5.30 യ്ക്ക് മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിൽ വച്ചു നടന്ന ആഘോഷ പരിപാടികൾ മൂന്ന് മണിക്കൂർ നീണ്ടുനിന്നു. ചുവപ്പും പച്ചയും നിറമുള്ള വസ്ത്രങ്ങളണിഞ്ഞു നിറഞ്ഞു നിന്ന സദസ്സ് ക്രിസ്മസ് ആഘോഷ രാവിന് കൂടുതൽ മനോഹാരിത നൽകി. ഹൂസ്റ്റണിലെ പ്രമുഖ ഗായകർ പാടിയ മനോഹര ഗാനങ്ങൾ സ്‌കിറ്റുകൾ, ക്രിസ്തുമസ് കരോൾ ഗാനമത്സരം തുടങ്ങിയ പരിപാടികൾ കൊണ്ട് ആഘോഷപരിപാടികൾ കൂടുതൽ മികവുള്ളതായി.

സെന്റ് ജെയിംസ് ക്നാനായ യാക്കോബായ ഇടവക വികാരി റവ.ഫാ. എബ്രഹാം സഖറിയ പ്രാരംഭ പ്രാർത്ഥന നടത്തി. മാഗ് സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു. മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവൻ ആമുഖ പ്രസംഗം നടത്തി.

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ പ്രസിഡണ്ട് റവ. ഫാ. ഐസക്ക് ബി.പ്രകാശ് ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി.

തദവസരത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 2022 ലെ ബോർഡ് ഓഫ് ഡയറക്ടർമാരെ നിയുക്ത പ്രസിഡന്റ് അനിൽ ആറന്മുള സദസിനു പരിചയപ്പെടുത്തി

ഹൂസ്റ്റണിലെ നിരവധി യുവതലമുറയിൽ പെട്ടവരും മുതിർന്നവരും കുട്ടികളും ഒത്തുചേർന്ന് അവതരിപ്പിച്ച ക്രിസ്തുമസ് കാരൾ ഗാന മത്സരം മലയാളി സമൂഹത്തിനു വ്യത്യസ്തവും മനോഹരവുമായ അനുഭവമായി.ചരിത്രത്തിൽ ആദ്യമായി മാഗ്‌ സംഘടിപ്പിച്ച വാശിയേറിയ കരോൾ റൗണ്ട്സ്‌ ഗാന മത്സരഥത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇമ്മാനുവൽ മാർത്തോമാ ചർച്ച്‌ ടീം റജി.വി.കുര്യൻ & ഫാമിലി സംഭാവന നൽകിയ എവറോളിങ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സെൻറ് പീറ്റേഴ്സ് & സെൻറ് പോൾസ് ഓർത്തഡോക്സ്‌ ചർച്ചിന് റെജി കോട്ടയം & ഫാമിലി സംഭാവന നൽകിയ എവറോളിങ് ട്രോഫിയും ലഭിച്ചു.

ഒന്നാം സമ്മാനം നേടിയ ഇമ്മാനുവേൽ ടീമിന് സ്റ്റാഫ്‌ഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു ട്രോഫി സമ്മാനിച്ചു. ക്രിസ്തുമസ് ആശംസയും അദ്ദേഹം അറിയിച്ചു. സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ടീം ഭാരവാഹികളിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി.

റാന്തൽ വിളക്കും ക്രിസ്മസ് സ്റ്റാറുമായി തുള്ളി പാടി വന്ന കരോൾ ടീമുകൾ ഗൃഹാതുര സ്മരണകൾ തൊട്ടുണർത്തുന്നവയായിരുന്നു. ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളുടെയും പ്രകടനം ഒന്നിനൊന്നു മെച്ചമായിരുന്നു. ട്രിനിറ്റി മാർത്തോമാ ഇടവകയുടെയും സെന്റ് ജെയിംസ് ക്നാനായ യാക്കോബായ ഇടവകയുടെയും കരോൾ സംഘങ്ങളും മത്സരത്തിൽ മാറ്റുരച്ചു. മാഗിന്റെ കരോൾ ടീമിന്റെ പ്രകടനവും പ്രത്യേക ശ്രദ്ധ ആകർഷിച്ചു. പങ്കെടുത്ത എല്ലാ ടീമുകൾക്കും മെമന്റോയും നൽകി.

ലക്ഷ്മി പീറ്റർ, ബിജു ജോർജ് , അജയ് തോമസ് എന്നിവർ കരോൾ മത്സരത്തിന്റെ വിധികർത്താക്കളായിരുന്നു.

പുതുമയാർന്നതും ഈ അവധിക്കാലം ധന്യവുമാക്കിയ ആഘോഷത്തിനു മാഗ്‌ പ്രസിഡന്റ് വിനോദ് വാസുദേവൻ, സെക്രട്ടറി ജോജി ജോസഫ്, ട്രഷറർ വാവച്ചൻ മത്തായി,ബോർഡ് മെംബേർസ് , ട്രസ്റ്റീ ബോർഡ് മെംബേർസ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കോർഡിനേറ്റർമാരായി റജി കോട്ടയവും റോയ് മാത്യുവും എംസിയായി രേഷ്മ വിനോദും പ്രവർത്തിച്ചു.

ആഘോഷ പരിപാടികളുടെ തത്സമയ സംപ്രേക്ഷണം “മാഗ് ഫേസ്ബുക്കി”ൽ നൂറു കണക്കിനാളുകൾ വീക്ഷിച്ചു. മാഗ് ഫേസ്ബുക്കിൽ ഏതു സമയവും പരിപാടികൾ കാണാവുന്നതാണ്.

വൈസർ സ്കൈ ട്രാവെൽസ്,.ചാണ്ടപിള്ള മാത്യൂസ് ഇൻഷുറൻസ് (TWFG), എബനേസർ ക ൺസ്ട്രക്ഷൻസ്, മലയാളി എന്റർടൈൻമെന്റ് ടി.വി, എന്നിവർ സ്‌പോൺസർമാരായിരുന്നു.

ഈ ആഘോഷത്തെ വൻ വിജയമാക്കിയ ഏവർക്കും സ്‌പോൺസർമാർക്കുംക്‌ളാരമ്മ മാത്യൂസ് കൃതജ്ഞത അറിയിച്ചു.

ആഘോഷ സമാപനത്തോടെ വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും കേക്കും മാഗ്‌ ഭാരവാഹികൾ ഒരുക്കിയിരുന്നു.

മാഗ് പി ആർ ഓ ഡോ. ബിജു പിള്ള അറിയിച്ചതാണിത്‌.

റിപ്പോർട്ട് : ജീമോൻ റാന്നി

 

Author

Leave a Reply

Your email address will not be published. Required fields are marked *