ഡാലസ്: മലയാളി വിമുക്ത സൈനികൻ അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു . ടെക്‌സാസിലെ എൽ പസോയിൽ നടന്ന വെടിവെയ്പ്പിൽ ഇമ്മാനുവേൽ വിൻസെന്റ് പകലോമറ്റമാണ് (ജെയ്സൺ) വെടിയേറ്റ് മരിച്ചത്. രാവിലെ 11നു ജോൺ കണ്ണിൻഗാമിലെ പാർക്കിംഗ് ഏരിയയിൽ അക്രമി ഇമ്മാനുവേൽ വിൻസെന്റിന്
നേർക്ക് വെടിയുതിർക്കുകയായിരുന്നു . അക്രമിയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. സംഭവത്തിന് പിന്നിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും എൽ പാസൊ പോലീസ് അന്വേഷിക്കുന്നുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് കണക്ടിക്കട്ടിൽ നിന്ന് യുഎസ് എയർഫോർസിന്റെ ആർഓടിസി പ്രോഗ്രാമിലേക്ക് ഇമ്മാനുവേൽ തിരഞ്ഞെടുക്കപ്പെടുകയും, വിദ്യാഭ്യാസത്തിനു ശേഷം മിലിറ്ററിയിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. 2012ൽ യുഎസ് മിലിറ്ററിയിലെ ക്യാപ്റ്റൻ പദവിയിലിരുന്നാണ് അദ്ദേഹം വിരമിച്ചത്. യുഎസ് മിലിറ്ററിക്ക് ഒപ്പം രണ്ടു തവണ ഇറാഖിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്,
പാലാ സ്വദേശി മാണി പകോലോമറ്റത്തിന്റെയും എലിസബത്ത് പകലോമറ്റത്തിന്റെയും മൂന്നാമത്തെ മകനായി ന്യൂയോർക്കിലാണ് ഇമ്മാനുവേൽ ജനിച്ചത്. അവിവാഹിതനാണ്. ജോ, ജെയിംസ്, ജെഫ്‌റി എന്നിവരാണ് സഹോദരങ്ങൾ. സംസ്കാര ശുശ്രൂഷകൾ ജനുവരി ഏഴിന് ഹാർട്ടഫോർഡിലെ സെന്റ് തോമസ് സീറോ മലബാർ പള്ളിയിൽ രാവിലെ 11നു ആരംഭിക്കും. സംസ്കാരം കുർബ്ബാനയ്ക്ക് ശേഷം സൈനിക ആദരവുകളോടെ മിഡിൽടൗണിലെ ദി സ്റ്റേറ്റ് വെറ്ററൻസ് സിമെട്രിയിൽ നടക്കും.