വത്തിക്കാന്‍ സിറ്റി: പിതൃത്വത്തേയും, ജീവിത സംഘര്‍ഷങ്ങളേയും കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ വിചിന്തനങ്ങളും, മുതിര്‍ന്ന പൗരന്മാരുടെ സാക്ഷ്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രമുഖ മീഡിയ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്ലിക്സ് തയ്യാറാക്കിയ ഡോക്യുമെന്‍ററി പരമ്പര നെറ്റ്ഫ്ലിക്സില്‍. ‘സ്റ്റോറീസ് ഓഫ് എ ജനറേഷന്‍’ എന്ന്‍ പേരിട്ടിരിക്കുന്ന നാല് എപ്പിസോഡുകളുള്ള അഭിമുഖ പരമ്പര ഫ്രാന്‍സിസ് പാപ്പയുടെ 2018-ലെ ‘ഷെയറിംഗ് ദി വിസ്ഡം ഓഫ് ടൈം’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ 25 മുതലാണ് പരമ്പര നെറ്റ്ഫ്ലിക്സില്‍ ലഭ്യമായത്. ഈശോ സഭാംഗമായ ഫാ. അന്റോണിയോ സ്പാഡാരോയായിരുന്നു പാപ്പയുമായി അഭിമുഖം നടത്തിയത്.
പിതൃത്വത്തെ കുറിച്ചുള്ള തന്റെ വിചിന്തനങ്ങളും പാപ്പ പങ്കുവെച്ചു. ഒരു കുട്ടി ജനിപ്പിക്കുന്നത് മാത്രമല്ല പിതൃത്വം എന്ന് പറഞ്ഞ പാപ്പ. നമ്മള്‍ ജന്മം കൊടുക്കുന്ന കുട്ടിയുടെ അസ്ഥിത്വത്തിനും, പരിമിതികള്‍ക്കും, മഹത്വത്തിനും, വികാസത്തിനുമുള്ള പ്രതിജ്ഞാബദ്ധതയാണ് നമ്മളെ യഥാര്‍ത്ഥ പിതാവാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. സ്വപ്നാടകരായ പ്രായമായവര്‍ക്ക് നിങ്ങള്‍ക്ക് ചിന്തിക്കുവാന്‍ കഴിയുന്നതിനും അപ്പുറമുള്ള ചക്രവാളങ്ങളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുവാന്‍ കഴിയും. സ്വപ്നം കാണുവാന്‍ കഴിയാത്ത പ്രായമായവരുടെ ഹൃദയം കഠിനമായിരിക്കുമെന്ന മുന്നറിയിപ്പും പാപ്പ നല്‍കുന്നുണ്ട്.
സ്വപ്നം കാണുവാന്‍ കഴിയാത്തവനില്‍ എന്തോ ഒരു കുറവുണ്ടെന്നാണ് പാപ്പ പറയുന്നത്. അവര്‍ക്ക് പുഞ്ചിരിയും കണ്ണിന്റെ തിളക്കവും അന്യമായിരിക്കുമെന്നും, തന്റെ ചെറുപ്പത്തില്‍ താനൊരു സ്വപ്നാടകന്‍ ആയിരുന്നെന്നും, കവിതകള്‍ എഴുതിയ ശേഷം അതില്‍ സംതൃപ്തി വരാതെ കീറിക്കളയുന്ന പതിവ് തനിക്കുണ്ടായിരുന്നെന്നും പാപ്പ വിവരിച്ചു.