തൊഴിലാളികളിൽ അവബോധം ഉണ്ടാക്കണം

Spread the love

തൊഴിൽ വകുപ്പിനു കീഴിലുള്ള 16 ബോര്‍ഡുകൾക്ക് കൂടി ഒരു കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ സംവിധാനം നടപ്പാക്കും. ഈ സോഫ്റ്റ് വെയര്‍ പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ അംഗങ്ങളുടെ ഇരട്ടിപ്പ് ഒഴിവാക്കാനും ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാനും ക്ഷേമനിധി ബോർഡുകൾക്ക് സാധിക്കും. ഇതിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.

യാത്രാരംഗത്തുണ്ടാകുന്ന വിപ്ലവകരമായ ഒരു ചുവടുവെപ്പാണ് കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനം. കേരളത്തിൽ ഓല, യൂബർ എന്നീ കമ്പനികൾ ഓണ്‍ലൈൻ ടാക്സി സർവ്വീസ് നടത്തുന്നുണ്ട്. അതുപോലെ കേരള സർക്കാരും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. ലിമിറ്റഡുമായി സഹകരിച്ച് “കേരള സവാരി” എന്ന പേരിൽ ഓൺലൈൻ ടാക്സി പദ്ധതി നടപ്പിലാക്കുന്നതിനും ഓൺലൈൻ ടാക്സിയുടെ പൈലറ്റ് പദ്ധതി 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ മോട്ടോർ തൊഴിലാളികൾക്ക് ഏറ്റവും ആദായകരവും യാത്രക്കാർക്ക് സുരക്ഷിതത്വവും പ്രയോജനപ്രദവുമായിരിക്കും ഈ പദ്ധതി.

ക്ഷേമനിധി ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍മാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്ന ആക്ഷേപം ഉണ്ട്. അവ അടിയന്തിരമായി പരിഹരിക്കണം. തൊഴിലാളികൾക്ക് പാസ് ബുക്കും, പണമടച്ചതിന്റെ രേഖകളും യഥാസമയം നൽകണം. ക്ഷേമനിധി ബോര്‍ഡ് ഓഫീസുകൾ തൊഴിലാളി സൗഹൃദമാകണം. ഇതിനനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളാൻ ഉദ്യോഗസ്ഥൻമാര്‍ തയ്യാറാവണം.

തൊഴിലാളികളുടെ വിഹിതവും, തൊഴിലാളികൾക്കായി തൊഴിലുടമ നൽകേണ്ട വിഹിതവും ചേര്‍ന്നതാണ് ക്ഷേമനിധി ബോര്‍ഡുകളുടെ വരുമാനം. ഈ വരുമാനത്തിൽ നിന്നാണ് ബോര്‍ഡിലെ ഉദ്യോഗസ്ഥൻമാര്‍ക്ക് ശമ്പളം നൽകുന്നത്. ഈ ഉദ്യോഗസ്ഥൻമാര്‍, തൊഴിലാളികളോട് പ്രതിബദ്ധത ഉള്ളവരാകണം. ക്ഷേമനിധി ഓഫീസിൽ ഓരോ ആവശ്യത്തിന് വരുന്ന തൊഴിലാളികളോട് മാന്യമായി പെരുമാറണം. അവരുടെ പ്രശ്നങ്ങൾ വേഗത്തിൽ തീര്‍പ്പാക്കണം. ക്ഷേമപദ്ധതികളിൽ നിന്നുള്ള വിവിധ ആനുകൂല്യങ്ങൾ, പെൻഷൻ എന്നിവ വേഗത്തിൽ നൽകണം.

ഓരോ ബോർഡിന്റെയും നിലവിലുള്ള അവസ്ഥ, പദ്ധതിയും ആനുകൂല്യങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങൾ, ബോർഡുകളിൽ നടപ്പാക്കാൻ പറ്റുന്ന നവീന ആശയങ്ങൾ എന്നിവ സംബന്ധിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ഒരു മാസത്തിനകം സര്‍ക്കാരിന് റിപ്പോർട്ട് നൽകണം. പ്രസ്തുത നിര്‍ദ്ദേശങ്ങൾ പഠിച്ചശേഷം, ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളും. ഓരോ ക്ഷേമനിധി ബോർഡുകളുടെയും യോഗം പ്രത്യേകം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും.

സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്നത് അസംഘടിത – പരമ്പരാഗത മേഖലകളിലാണ്. നിരവധിയായ പ്രശ്നങ്ങൾ ഈ മേഖല നേരിടുന്നുണ്ട്. കോവിഡ്-19 വ്യാപനം ഈ മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ മേഖലയിലെ തൊഴിൽ സംരക്ഷിക്കാൻ സാധ്യമാവുന്ന എല്ലാ നടപടികളും സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വി. ശിവകുട്ടി കൂട്ടിച്ചേർത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *