ടോറോന്റോ : വലം കയ്യിലെ ചെണ്ടക്കോലും ഇടംകൈ വിരലുകളും തായമ്പകയുടെ താള പ്രപഞ്ചം തീർത്തപ്പോൾ മേളക്കൊഴുപ്പിൽ ആറടി ടൊറേന്റോയിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര സന്നിധി. പന്ത്രണ്ടു വയസ്സുകാരി മൈഥിലി പണിക്കരും അച്ഛൻ രഞ്ജിത് ശ്രീകുമാറുമാണ് ഇരട്ട തായമ്പക അവതരിപ്പിച്ചു വാദ്യകലയിൽ അരങ്ങേറ്റം കുറിച്ചത്. 2021 ഡിസംബർ 26 നു ബ്രാംപ്ടണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര സന്നിധിയിലായിരുന്നു പരിപാടി. വാദ്യകലാ രംഗത്തു സജീവമായി പ്രവർത്തിക്കുന്ന കലാനിലയം കലാധരൻ മാരാരുടെ ശിക്ഷണത്തിലാണ് ഇരുവരും തായമ്പക പരിശീലനം നേടിയത്. നോർത്ത് അമേരിക്കയിലെ തന്നെ ആദ്യത്തെ ഇരട്ട തായമ്പക അരങ്ങേറ്റം ആയിരുന്നു ഇത്.
ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര മേൽശാന്തി ശ്രീ ദിവാകരൻ നമ്പൂതിരി ദീപം കൊളുത്തിയ ചടങ്ങിൽ ഗുരു കലാനിലയം കലാധരനിൽ നിന്നും ചെണ്ട ഏറ്റുവാങ്ങി മൈഥിലി പണിക്കരും അച്ഛൻ രഞ്ജിത് ശ്രീകുമാറും അരങ്ങേറ്റം കുറിച്ചു. 2019ൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര സന്നിധിയിൽ വച്ച് ശ്രീനാഥ് നായരുടെ കീഴിലാണ് ഇരുവരും ചെണ്ട പരിശീലനത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ഒരു വർഷമായി തായമ്പക അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്ന ഇരുവരും കോവിഡ് നിയന്ത്രണങ്ങൾ മൂലം കൂടുതലായും ഓൺലൈൻ ആയിട്ടാണ് പരിശീലനം നടത്തിയത്. ഇവർക്കൊപ്പം രവിമേനോൻ, രാജേഷ് ഉണ്ണിത്താൻ, ദിനേശൻ, പ്രദീപ് നമ്പ്യാർ, വിനോദ് വേലപ്പൻ,കലാധരൻ മാരാർ, മുരളി കണ്ടൻചാത്ത, അരവിന്ദ് നായർ എന്നിവരും കൂടി ചേർന്നതോടെ ഇരട്ട തായമ്പക അരങ്ങേറ്റത്തിനു മാറ്റ് കൂടി.