ജനകീയ ഐക്യത്തിലൂടെയും മതനിരപേക്ഷതയിലൂടെയും ഇന്ത്യയുടെ മോചനം നേടാനുള്ള നേതാജിയുടെ പരിശ്രമങ്ങളെ തള്ളിക്കളയുകയും എതിര്‍ക്കുകയും ചെയ്തവരുടെ പിന്‍ഗാമികള്‍ ഇന്ന് രാജ്യം ഭരിക്കുമ്പോള്‍ നേതാജിയുടെ പ്രതിമ ഡല്‍ഹിയില്‍ സ്ഥാപിക്കുന്നത് ചരിത്രത്തിലെ കാവ്യനീതിയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.സമ്മോഹനം മാനവിക സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പിഎംജി ജംഗ്ഷനിലെ നേതാജി പ്രതിമയില്‍ നടത്തിയ പുഷ്പാര്‍ച്ചനയ്ക്കും ശേഷം നടന്ന അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഹിന്ദുത്വ ദേശീയവാദികള്‍ സ്വാതന്ത്ര്യ സമരകാലത്ത് നേതാജിയുടെ വാദങ്ങളേയും ആശയങ്ങളേയും തള്ളിക്കളഞ്ഞവരാണ്. മതനിരപേക്ഷതയുടെയും സോഷ്യലിസത്തിന്റെയും പ്രതീകമായ നേതാജിയുടെ 125- ജന്മദിനത്തില്‍ ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ പ്രതിമ ഉയരുമ്പോള്‍ സുഭാഷ് ചന്ദ്രബോസ് എന്ന പോരാളിയുടെ മഹത്തായ ആദര്‍ശങ്ങളാണ് ആകാശം മുട്ടെ ഉയര്‍ത്തേഴുന്നേല്‍ക്കുന്നത്.
ബ്രട്ടീഷ് സാമ്രാജ്യത്വ ശക്തിയില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ സായുധ സമരമാര്‍ഗം സ്വീകരിച്ച ധീരനായ സ്വാതന്ത്ര്യ സമരനായകനായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്.എനിക്ക് രക്തം തരു, നിങ്ങള്‍ക്ക് ഞാന്‍ സ്വാതന്ത്ര്യം തരാം എന്ന ആഹ്വാനത്തോടെ സ്വാതന്ത്ര്യ സമരസേനാനികളുടെ സിരകളില്‍ അവേശം പകര്‍ന്ന നേതാജി 1923 ല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും 1938ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായും സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ ധീരദേശാഭിമാനിയായിരുന്നു. ഗാന്ധിജിയുടെ അഹിംസാ മാര്‍ഗത്തിന് വിരുദ്ധമായി പോരാട്ടത്തിന്റെ വഴിയിലൂടെ മുന്നേറിയ സുഭാഷ് ചന്ദ്രബോസാണ് മഹാത്മഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി വിളിച്ച് ആദരിച്ചതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
സമ്മോഹനം പ്രസിഡന്റ് വിതുര ശശി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി,പാങ്ങപ്പാറ അശോകന്‍,സികെ വത്സലകുമാര്‍,എന്‍കെ വിജയകുമാര്‍,എസ് മനോഹരന്‍ നായര്‍,ആര്‍ വിജയകുമാരന്‍ നായര്‍,കെ മുരുകേശന്‍,സേവാദള്‍ ജില്ലാ ചെയര്‍മാന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.