മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം

യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
യു എ ഇ യും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി. ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇ ലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ(ജനുവരി 31) ദുബായിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു യു എ ഇ മന്ത്രിയുടെ പരമാർശം.
കോവിഡ് വെല്ലുവിളികളെ യു എ ഇ അതിജീവിച്ചിരിക്കുകയാണ്. വാണിജ്യ വ്യവസായ മേഖലകളിൽ നൂതനമായ പദ്ധതികളാണ് യു എ ഇ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്. നൂറു ശതമാനം ഉടമസ്ഥാവകാശം നൽകുന്ന നിയമം, ചെക്ക് ക്രിമിനൽ കുറ്റമല്ലാതാക്കിയ ഭേദഗതി, ദീർഘകാല വിസ മുതലായവ യു എ ഇ യെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ രാജ്യങ്ങളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്. യു എ ഇ യിൽ പുതുതായി രണ്ടു ലക്ഷത്തോളം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കാൻ പോകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇത് ഏറെ ഗുണംചെയ്യുമെന്നും യു എ ഇ മന്ത്രി പറഞ്ഞു.
ഇന്ത്യയും വിശേഷിച്ച് കേരളവും യു എ ഇ യും തമ്മിൽ ചരിത്രപരമായ ബന്ധമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. മലയാളികൾ ഉൾപ്പെടെയുള്ളവരുടെ രണ്ടാം വീടാണ് യു എ ഇ. യു എ ഇ യിലെ പുതിയ നിയമങ്ങൾ മലയാളികൾ അടക്കമുള്ള കച്ചവടക്കാർക്ക് ഏറെ ഉപകാരപ്രദമാണ്. ചെക്ക് മടങ്ങൽ നിയമം ഇതിൽ പ്രധാനപ്പെട്ടതാണ്.
ഇന്ത്യയിൽ ഏറ്റവും നന്നായി മെച്ചപ്പെടുന്ന വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. യു എ ഇ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ മുഖ്യമന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിനായി സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സിറ്റിയിലെ 41-ാം നിലയിലുള്ള സാമ്പത്തിക വകുപ്പ് കാര്യാലയത്തിൽ ആയിരുന്നു കൂടിക്കാഴ്ച. ഊഷ്മളമായ സ്വീകരണമായിരുന്നു മുഖ്യമന്ത്രിക്ക് യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി നൽകിയത്. കൂടിക്കാഴ്ചക്കെത്തിയ മുഖ്യമന്ത്രി, യു എ ഇ യിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി ഉൾപ്പെടെയുള്ളവരെ സ്വീകരിക്കാൻ യു എ ഇ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തിയിരുന്നു.
സാമ്പത്തിക വകുപ്പ് അണ്ടർ സെക്രട്ടറി ജുമാ മുഹമ്മദ് അൽ കൈത്ത്, വാണിജ്യ വിഭാഗം അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ നെയിമി എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

Leave Comment