മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ് ) മാർട്ടിൻ ജോൺ ട്രസ്റ്റി ബോർഡ് ചെയർമാൻ

Spread the love

ഹൂസ്റ്റൺ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൻറെ (മാഗ് )ട്രസ്റ്റി ബോർഡ്
ചെയർമാനായി മാർട്ടിൻ ജോൺ ചുമതലയേറ്റു.

2019 ൽ മാഗിന്റെ പ്രസിഡന്റായിരുന്ന മാർട്ടിൻ രണ്ടു പ്രാവശ്യം സംഘടനയുടെ ട്രഷറർ പദവിയും ട്രസ്റ്റി ബോർഡ് അംഗമായും സേവനമനുഷ്ടിച്ച്‌ മാഗിന് കരുത്തുറ്റ നേതൃത്വം നൽകിയ വ്യക്തിയാണ്. ജോഷ്വ ജോർജ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മാർട്ടിൻ ഈ ചുമതലയേറ്റത്. വിനോദ് വാസുദേവൻ, മോൻസി കുര്യാക്കോസ്, ജോസഫ് ജെയിംസ്, ജോൺ കുന്നയ്ക്കാട്ട്, സാം ജോസഫ് എന്നിവരാണ് മറ്റു ട്രസ്റ്റി ബോർഡംഗങ്ങൾ.

2022 ൽ ജനോപകാരപ്രദമായ പരിപാടികളുമായി മാഗിനെ മുന്നോട്ടു നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട അനിൽ ആറന്മുളയുടെ നേതൃത്വത്തിലുള്ള മാഗ് ബോർഡ് ഓഫ് ഡയറക്ടഴ്സിന് ശക്തമായ പിന്തുണയും ആവശ്യമായ ഘട്ടങ്ങളിൽ മാർഗ നിർദ്ദേശങ്ങളും നൽകി അമേരിക്കയിലും നാട്ടിലും ശ്രദ്ധയാർന്ന പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന മാഗിന്, കരുത്തും ഊർജവും നൽകുന്നതിന് തന്നാലാവുന്നത് ശ്രമിക്കുമെന്നും ഈ പദവിയുടെ മഹത്വവും ഉത്തരവാദിത്വവും മനസ്സിലാക്കി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും മാർട്ടിൻ ജോൺ പറഞ്ഞു.

പാലാ സ്വദേശിയായ മാര്‍ട്ടിന്‍ നിയമ ബിരുദമെടുത്ത് കാഞ്ഞിരപ്പള്ളി കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചശേഷം പത്തുവര്‍ഷത്തോളം കേരള ഹൈക്കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. പാലാ സെന്റ് തോമസ് കോളജ് കൗണ്‍സിലര്‍, ചെയര്‍മാന്‍, കെ.എസ്.യുവിന്റെ കോട്ടയം ജില്ലാ സെക്രട്ടറി, കെ.എസ്.യു സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍, യൂത്ത് കോണ്ഗ്രസ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളൊക്കെ പ്രവർത്തിച്ച അനുഭവ,പ്രവർത്തന പരിചയം ഉള്ള മികച്ച സംഘാടകൻ കൂടിയായ മാർട്ടിൻ മാഗിന് ഒരു മുതൽക്കൂട്ടായിരിക്കും.

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായ മാർട്ടിൻ ഭരണ രംഗത്തും ഒരു കൈ നോക്കുകയാണ്. മലയാളികൾ തിങ്ങി പാർക്കുന്ന ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ഉയർന്ന പദവികളിൽ ഒന്നായ ഫോട്ബെൻഡ് കൗണ്ടി കൗണ്ടി ഡിസ്ട്രിക്ട് ക്ലാർക്കായി മത്സരിക്കുന്ന മാർട്ടിൻ വലിയ വിജയപ്രതീക്ഷയിലാണ്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ഈ പദവിയിലേക്കു മത്സരിക്കുന്നത്. 2022 മാർച്ച് ഒന്നാം തീയതി നടക്കുന്ന തെരഞ്ഞെടുപ്പിൽ മാർട്ടിൻ തന്റെ റിപ്പബ്ലിക്കൻ പ്രതിയോഗികളെ പ്രൈമറിയിൽ നേരിടുന്നു. ഫെബ്രുവരി 14 മുതൽ 25 വരെയാണ് ഏർലി വോട്ടിംഗ്.

Report : : ജീമോൻ റാന്നി

Author

Leave a Reply

Your email address will not be published. Required fields are marked *