വിവാഹ മംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ!! (തോമസ് കൂവള്ളൂര്‍)

Spread the love

മലായാള സാഹിത്യത്തില്‍ ചരിത്രനോവലുകള്‍ വിരളമാണ്, വിശിഷ്യാ വിശ്വസാഹിത്യ പഠന പരമ്പരയില്‍പ്പെട്ടവ. ശ്രീ ജോണ്‍ ഇളമതയാണ് മലയാളത്തിലെ ഇത്തരം ചരിത്രസാഹിത്യ നോവലുകളുടെ കുലപതി എന്ന്
വിശേഷിപ്പിക്കാനാണ് എനിക്കിഷടം. ചരിത്രത്തെ നോവലിനോടടുപ്പിക്കുക ദുഷ്‌ക്കരമാണ്.കാലവും
സമയവും കൃത്യമായി അളന്നുകൂട്ടി ഭാവനയുടെ മൂശയില്‍ ഊതിക്കാച്ചി രൂപം കൊടുക്കുന്ന
പത്തരമാറ്റുള്ള തങ്കംപോലെ ഇവ നമ്മുടെ മുമ്പിലേക്കെത്തുബോള്‍ വിസ്മയത്തിന്റെ ഒരു ചെപ്പാണ് നാം
തുറക്കുക.

ചരിത്രനോവലുകളായ ‘മാര്‍ക്കോപോളോ’, ‘സോക്രട്ടീസ് ഒരു നോവല്‍’,മഹാശില്പ്പിയായ മൈക്കിള്‍ ആന്‍ജലോയെപ്പറ്റി എഴുതിയ ‘കഥപറയുന്ന കല്ലുകള്‍’ എന്നിവയാണ് എന്നെ ഏറെ ആകര്‍ഷിച്ച ജോണിന്റെ ചരിത്ര നോവലുകള്‍. ഇവകൂടാതെ ചരിത്ര നോവലുകളായ ബാലഫറവോ ടുട്ടാന്‍ കാമൂണിപ്പെറ്റി എഴുതിയ’മരണമില്ലാത്തവരുടെ താഴ്‌വര’,’മോശ’, സാമൂഹ്യ നോവലുകളായ,’നെന്മാണിക്യം’, ‘മന്നാപൊഴിയുന്നമണ്ണില്‍’, ‘മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുവീഴുമ്പോള്‍’, ഇംഗ്ലീഷ് നോവലുകളായ ‘ബുദ്ധന്‍’, ‘ദി ജേര്‍ണി’, ‘കഥാസമാഹാരം’, ‘സ്വയംവരം’ എന്നിവയും പലപ്പോഴായി വായിക്കാനെനിക്കവസരം കിട്ടിയിട്ടുണ്ട്.

സാഹിത്യത്തിന്റെ എല്ലാ തട്ടുകളിലും സ്ഥാനം ഉറപ്പിച്ച ജോണിന്റെ ഹാസ്യകഥകളും, നോവലുകളും,നാടകങ്ങളും,കവിതകളും, ഓട്ടംതുള്ളലുകളും ഏറെ ജനശ്രദ്ധആകര്‍ഷിച്ചിട്ടുള്ളവയാണ്. അഷ്ടപഞ്ചമിയോഗം,ബന്ധനങ്ങള്‍,തൊലിക്കട്ടി,അച്ചായന്‍ അമേരിക്കയില്‍,എനിവേ യുവര്‍ വൈഫ് ഈസ് നൈസ് എന്നിവ വായിച്ചുരസിച്ച ഏറെ ആസ്വാദകര്‍മറുനാട്ടിലും, സ്വനാട്ടിലുമുണ്ട്.മലയാളഭാഷാസ്‌നേഹികളേറെ ഇഷ്ടപ്പെടുന്ന ശ്രീ ജോണ്‍ഇളമതയുടെ ഈ അമ്പതാം വിവാഹവാര്‍ഷിക ദിനത്തില്‍ (ഫെബ്രുവരി,6)എല്ലാവിധ മംഗളാശംസകളുംആദ്യമായി നേരട്ടെ! ഈ അവസരത്തില്‍ അദ്ദേഹത്തെപ്പറ്റി അല്പ്പം അറിവ് നല്‍കാമെന്നു കരുതിയാണ് കോവിഡ് എന്ന മഹാമാരിയുടെ ഭീഷണിയില്‍ സ്തംഭിച്ചുനില്‍ക്കുന്ന സാഹിത്യ പ്രേമികളുടെ മുമ്പില്‍ ഇങ്ങനെയൊരു വിഷയം അവതരിപ്പിക്കാന്‍ കാരണം.

മലയാളസാഹിത്യത്തിന് ജോണ്‍ ഇളമത എന്ന തലമുതിര്‍ന്ന എഴുത്തുകാരന്‍ നല്‍കിയിട്ടുള്ള സാഹിത്യസംഭാവനകള്‍ നിരവധിയാണ്.അമേരിക്കന്‍ മലയാളികളുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളായ ഇ-മലയാളി,ജോയിച്ചന്‍ പുതുക്കളം ഡോട്ട്‌കോം, മലയാളം ഡെയിലീ ന്യൂസ് തുടങ്ങിയ ന്രസീദ്ധീകരണങ്ങളില്‍ ഇപ്പോഴും ഇദ്ദേഹം എഴുതി കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഹാസ്യരചനകളും,ഓട്ടംതുള്ളല്‍ മോഡലിലുള്ള കവിതകളും കൊച്‌നുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ ഹരംപകരുന്നവയാണെന്നുള്ള കാര്യം വായിച്ചിട്ടുള്ളവര്‍ക്ക് നന്നായി അറിയാം.
ഏതാണ്ട് പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ന്യൂയോര്‍ക്കിലെ കേരളാ സെന്ററില്‍ ‘വിചാരവേദി’ എന്ന സാഹിത്യകൂട്ടായ്മ സംഘടിപ്പിച്ച ഒരു സാഹിത്യസമ്മേളനത്തിലാണ് ഞാന്‍ ജോണിനെ ആദ്യമായി കാണുന്നത്. സംസാരപ്രിയനായ ഒരു ചെറിയ മനുഷ്യന്‍! ലാനാ പ്രസിഡന്റും, കവിയുമായ, ശ്രീ പീറ്റര്‍ നീണ്ടൂരാണ് അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തി തന്നത്. പിന്നീട് ഞങ്ങള്‍ ഇന്നോളം വളരെ അടുത്ത സുഹൃത്തുക്കളുമാണ്. ഭാഷയോടും, സാഹിത്യത്തോടുമുള്ള എന്റെ താല്പര്യമാണ് ഞങ്ങളെ ഇന്നും ഈ നിലയില്‍ അടുപ്പിക്കുന്നത്.

‘ഫൊക്കാന’യുടെ സാഹിത്യസമ്മേളനങ്ങളില്‍ പലപ്പോഴും പങ്കെടുക്കാറുണ്ടായിരുന്ന ഈ ലേഖകന്, രണ്ടുമൂന്നിടങ്ങളില്‍ അവയുടെയൊക്കെ ചേയര്‍പേഴ്‌സണായും,കോര്‍ഡിനേറ്ററായും,പരിപാടിക്ക് ചുക്കാന്‍ പിടിച്ചിരുന്ന ജോണ്‍ ഇളമതയുടെ നേതൃത്വത്തിലുള്ള സാഹിത്യസമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പലപ്പോഴും അത്തരത്തിലുള്ളസാഹിത്യസമ്മേളനങ്ങളിലൂടെ പങ്കെടുക്കാന്‍ കഴിഞ്ഞതിലൂടെ സാഹിത്യത്തെപ്പറ്റി പലതും പഠിക്കാന്‍എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നസത്യം ഈ അവസരത്തില്‍ ഞാന്‍ തുറന്ന് പറഞ്ഞുകൊള്ളട്ടെ.അതിനുകാരണക്കാരന്‍, ജോണ്‍ ഇളമത എന്ന എഴുത്തുകാരനാണ്. അങ്ങനെ എഴുത്തിന്റെബാലപാഠങ്ങള്‍ എനിക്ക് ജോണ്‍ ഇളമതയിലൂടെ പഠിക്കാന്‍ കഴിഞ്ഞു എന്നതാണ് വാസ്തവം.ഇത്രയും എഴുതിയപ്പോള്‍,ജോണ്‍ ഇളമത എവിടെ നിന്നു വന്നുവെന്നും,ഇപ്പോള്‍ എവിടെയാണന്നും എഴുതേണ്ടത് എന്റെ കടമയായിതോന്നുന്നു.1944ല്‍ ഫെബ്രുവരിമാസത്തില്‍ പത്തനംതിട്ട ജില്ലയിലെ കടപ്ര മാന്നാറിലാണ് അദ്ദേഹം ജനിച്ചത്.ഭാര്യ ആനിമ്മയുടെ ജന്മസ്ഥലം കുട്ടനാട്ടില്‍, എടത്വായിലെ പാണ്ടംങ്കരിയിലും.വിവാഹതിരായി ഇരുവരും 1972ല്‍ ജര്‍മ്മിനിയില്‍കുടിയേറി പാര്‍ത്തു. അവിടെ നിന്ന് 1987ല്‍ കാനഡായിലേക്ക് സ്ഥിരമായി ചേക്കേറി, കഴിഞ്ഞ മുപ്പത്തഞ്ചുവര്‍ഷമായി.കാനഡായിലെ മിസ്സിസാഗയില്‍ താമസിക്കുന്നു. മക്കള്‍,ജിനോ,ജിക്കു,കൊച്ചുമകള്‍ ഹാനാ മറിയാ.

ലിറ്റററി അസോസിയേഷന്‍ (ലാന)യുടെ ആരംഭകാല സെക്രട്ടറിയായും, പ്രസി ഡന്റായും സ്ഥാനങ്ങള്‍ ജോണ്‍ അലങ്കരിച്ചിട്ടുണ്ട്.നിരവധി പുരസ്‌ക്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അവയില്‍ ചിലത്, ഇന്ത്യോ-ജര്‍മ്മന്‍ പ്രവാസി അവാര്‍ഡ്, സൗത്ത് എഷ്യന്‍ കൃസ്ത്യന്‍പുരസ്‌ക്കാരം, ഫോക്കാനാ സജ്ഞയന്‍ അവാര്‍ഡ്, പ്രവാസി എഴുത്തച്ഛന്‍ പുരസ്‌ക്കാരം, മലയാളവേദിഅവാര്‍ഡ്, ലാനാ സാഹിത്യ അക്കാദമി അവാര്‍ഡ്, സമഗ്രസം ഭാവനക്കുള്ള ഇ-മലയാളി അവാര്‍ഡ് എന്നിവയാണ്.

ഇന്നും പുതിയ നോവല്‍ പണിപുരയിലാണ് ഇദ്ദേഹം.കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എഴുതിവരുന്നു. വിവാഹവാര്‍ഷികത്തില്‍ തന്നെ എഴുപത്തെട്ടു തികയുന്ന ഊര്‍ജ്ജസ്വലനായ ഈ എഴുത്തുകാരന്‍ പ്രായത്തെ മറികടന്ന് ഇന്നും നിരന്തരം എഴുതികൊണ്ടിരിക്കുന്നു. ശ്രോതസുവറ്റാതെ,പഴയകാലകാല എഴുത്തുകര്‍ പലരും പേനാ അടച്ചുവെച്ച ഇപ്പോഴത്തെ സ്ഥിതിയിലും.’ബ്ലോഗര്‍” എന്ന നിലയിലുംഇദ്ദേഹം പ്രസിദ്ധനാണ്. ഇദ്ദേഹത്തിന്‍െ ഇരുപത്തഞ്ചിലേറെ യൂട്യൂബുകള്‍ ജനശ്രദ്ധനേടിയിട്ടുണ്ട്.നാടകൃത്ത്,നടന്‍,സംവിധായകന്‍ എന്ന നിലകളില്‍ ഇദ്ദേഹത്തിന്റേ തായി യൂടൂബിലും ദൃശ്യവിഷ്‌ക്കാരങ്ങള്‍ എത്തികൊണ്ടിരിക്കുന്നു.യൂട്യൂബില്‍ നാനാവിഷയങ്ങളെപ്പറ്റിയുള്ള പ്രഭാഷണങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്,ആധുനിക ലോകത്തെപ്പറ്റി ഇദ്ദേഹത്തിനുള്ള അഗാധമായ അറിവാണ്.
മലയാളഭാഷക്ക് ഇത്രമാത്രം സംഭാവന നല്‍കിയിട്ടുള്ള ഇദ്ദേഹത്തെ ഇനിയും, കേരളസര്‍ക്കാരോ, അവിടത്തെ സഹിത്യ പ്രസ്ഥാനങ്ങളോ,എന്തിന,് കേരള സാഹിത്യ അക്കാദമിയോ വേണ്ടത്ര മനസിലാക്കിയിട്ടില്ല എന്നത് ഏറെ ഖേദകരമാണ്. ഒരുപക്ഷേ,അമേരിക്കയിലെ പ്രവാസികളെന്ന് നാട്ടിലെ പ്രഗത്ഭരെന്ന് കരുതുന്ന എഴുത്തുകാര്‍, എഴുതിതള്ളുന്ന അവസ്ഥ ലജ്ജാകരംതന്നെ ! അടുത്ത കാലത്തു പുറത്തുവന്ന ഇദ്ദേഹത്തിന്റെ ‘കഥപറയുന്ന കല്ലുകള്‍’ ഏറെ ശ്രദ്ധിക്കപ്പെടാതെപോയത് ദൗര്‍ഭാഗ്യകരമാണ്, ഒരുപക്ഷേ അതേറ്റെടുത്ത് പ്രസിദ്ധീകരിച്ചവരുടെ പിഴവുതന്നെ. ഏറെ ശ്രദ്ധിക്കപ്പെടേണ്ടിയിരുന്ന ഈ നോവല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് പറയേണ്ടിയിരിക്കുന്നു. മദ്ധ്യകാല യൂറോപ്പിലെ റിനൈസന്‍സ്, റിഫര്‍മേഷന്‍ കാലഘട്ടം മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു. മൈക്കോള്‍ ആന്‍ജലോ എന്ന മഹാശില്പ്പിയുടെ ഉദ്വേഗപൂര്‍വ്വമായ ജീവിതകഥ!

സമാഹരിക്കുമ്പോള്‍ എനിക്ക് പറയാനുള്ളത്, സമീപഭാവിയിലെങ്കിലും ശ്രീ ജോണ്‍ ഇളമത അര്‍ഹിക്കുന്ന ആദരവുകളും,അംഗീകാരങ്ങളും,അവാര്‍ഡുകളും, സ്വനാട്ടില്‍ നിന്നുതന്നെ അദ്ദേ ഹത്തെ തേടി വരുമെന്നുതന്നെ ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു.കാരണം അത്രമാത്രം സംഭാവനകള്‍ മലയാളഭാഷക്കു നല്‍കിയിട്ടുള്ള മഹാനായ എഴുത്തുകാരനാണ്, ശ്രീ ജോണ്‍ ഇളമത എന്നതില്‍ രണ്ടുപക്ഷവുമില്ല. ഈ അമ്പതാം വിവാഹവാര്‍ഷിക ദിനത്തില്‍ മഹാനായ ജോണ്‍ ഇളമത എന്ന സാ ഹിത്യകാരനും, അദ്ദേഹത്തിന്റെ പ്രിയപത്‌നി ആനിമ്മക്കും, ഒരിക്കല്‍ കൂടി എല്ലാ ഭാവുകങ്ങളും നേരുന്നു. അതോടൊപ്പം ആയുരാരോഗ്യവും.ഇനിയും അദ്ദേഹത്തില്‍ നിന്ന് നിരവധി സംഭാവനകള്‍ മലയാളഭാഷക്ക് ഉണ്ടാകട്ടെ എന്ന ശുഭപ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ,
തോമസ് കൂവള്ളൂര്‍,
ന്യൂയോര്‍ക്ക്,

Author

Leave a Reply

Your email address will not be published. Required fields are marked *