ടൊറന്റോ: ‘നമ്മുടെ സമാജം, നമ്മുടെ അഭിമാനം’ എന്ന മുദ്രാവാക്യവും കാലോചിതമായ മാറ്റങ്ങളും വാഗ്ദാനവുമായി മുദ്രാവാക്യവുമായി ടൊറന്റോ മലയാളി സമാജം (ടി.എം.എസ്) നേതൃത്വത്തിലേക്ക് സന്തോഷ് ജേക്കബ് പ്രസിഡന്റായുള്ള പാനൽ സജീവമായി മുന്നേറുന്നു. റോയ് ജോർജ് സെക്രട്ടറിയും രാജേന്ദ്രൻ തലപ്പത്ത് ട്രഷററുമായുള്ള പാനലിൽ പരിചയസമ്പന്നരായ സമാജം പ്രവർത്തകർക്കൊപ്പം നിർണായകസ്ഥാനങ്ങളിലേക്ക് യുവാക്കളും വനിതകളും പുതുമുഖങ്ങളുമുണ്ട്. നിലവിലുള്ള കമ്മിറ്റിയിലെ പ്രസിഡന്റ് സാബു ജോസ് കാട്ടുകുടിയിൽ, സെക്രട്ടറി ജോസ്കുട്ടി ചൂരവടി, ട്രഷറർ അഗസ്റ്റിൻ തോമസ് തുടങ്ങിയവരുടെ പരസ്യ പിന്തുണയോടുകൂടിയാണ് ഇവർ മൽസരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് സന്തോഷിന്റെ പാനലിന്. കേരള കമ്യൂണിറ്റി സെന്റർ സ്ഥാപിക്കുന്നതിന് മുൻകയ്യെടുക്കുമെന്നതുൾപ്പെടെയുള്ള പരിഷ്കാരങ്ങളാണ് ഈ പാനൽ മുന്നോട്ടുവയ്ക്കുന്നത്. ഫെബ്രുവരി 12 ശനിയാഴ്ചയാണ് സമാജം തിരഞ്ഞെടുപ്പ്.
കഴിഞ്ഞതവണ പ്രസിഡന്റായി മൽസരിച്ചിരുന്നെങ്കിലും നിലവിലുള്ള കമ്മിറ്റിക്കൊപ്പം പ്രവർത്തനങ്ങളിൽ പൂർണമായി സഹകരിച്ചശേഷമാണ് ഇക്കുറി സന്തോഷ് ജേക്കബ് വീണ്ടും രംഗത്തിറങ്ങുന്നത്. നിലവിൽ സമാജത്തിന്റെ തലപ്പത്തുള്ളവരുടെ പിന്തുണയും ഇതിലൂടെ ഉറപ്പിക്കാനായി. സ്കൂൾ, കോളജ് കാലം മുതൽ സംഘടനാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു റിയൽറ്റർകൂടിയായ സന്തോഷ്. മുൻപ് പ്രസിഡന്റും ട്രഷററുമായിരുന്ന റോയ് ജോർജാണ് പാനലിലെ സെക്രട്ടറി സ്ഥാനാർഥി. റിയൽ എസ്റ്റേറ്റ് രംഗത്തുള്ള റോയ് അഞ്ച് വർഷമായി സമാജത്തിന്റെ സജീവ പ്രവർത്തകനാണ്. ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രം പ്രവർത്തനങ്ങളിലുൾപ്പെടെ കാൽനൂറ്റാണ്ടോളമായി സാമൂഹികരംഗത്ത് സജീവമായ മുൻ സമാജം സെക്രട്ടറികൂടിയായ രാജേന്ദ്രൻ തലപ്പത്ത് ആണ് ട്രഷറർ സ്ഥാനാർഥി. ഇപ്പോൾ ഒരു പ്രമുഖ സ്ഥാപനത്തിലെ ഓപ്പറേഷൻസ് മാനേജരാണ് രാജേന്ദ്രൻ.
സമാജത്തിലെതന്നെ മുതിർന്ന തലമുറയിൽപ്പെട്ട ജോർജ് എം. ജോർജാണ് ജോയിന്റ് ട്രഷറർ സ്ഥാനാർഥി. മൂന്നു പതിറ്റാണ്ടിലേറെയായി സമാജത്തിൽ സജീവമാണ് ജി. ജോർജ്. എന്റർടെയ്ൻമെന്റ് കൺവീനറെന്നനിലയിൽ സമാജത്തിന്റെ ഓൺലൈൻ പരിപാടികൾക്ക് ചുക്കാൻപിടിച്ച മനു മാത്യുവാണ് ഈ പാനലിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി. പത്ത് വർഷമായി സമാജം പ്രവർത്തനങ്ങളിൽ സജീവമാണ് ഐടി പ്രഫഷനലായ മനു. എലിസബത്ത് കലോണാണ് ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി. ഇക്കുറി സെബാസ്റ്റ്യൻ ജോസഫ് എന്റർടെയ്ൻമെന്റ് കൺവീനറായും ആൻസി കംബർലാൻഡ് ജോയിന്റ് കൺവീനറായും സുബിൻ സ്കറിയ സ്പോർട്സ് കൺവീനറായും മൽസരിക്കുന്നു.
സമാജം മുൻ സെക്രട്ടറി ജോ മാത്യു, നിലവിലെ ട്രസ്റ്റി ബോർഡ് അംഗം ടോംസൺ ജോസഫ് എന്നിവരാണ് ഈ പാനലിൽനിന്ന് ബോർഡ് ഓഫ് ട്രസ്റ്റിയിലേക്കു മൽസരിക്കുന്നത്. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൽസരിക്കുന്നവരിൽ ടോമി കോക്കാട് സമാജം മുൻപ് പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. വിവിധ രംഗങ്ങളിലും സമാജം പ്രവർത്തനങ്ങളിലും സജീവമായ ഷീല തോമസ്, ഷീജ ജോസഫ്, സിജു മാത്യു, സഞ്ജീവ് ഏബ്രഹാം, ജയ്സൺ ജോർജ്, ഷാജ് വർഗീസ്, ബിനോയ് പുഷ്പാകരൻ, ജോമി സെബാസ്റ്റ്യൻ, സിജു മാത്യു എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. ഓഡിറ്റർമാരായി ആഞ്ജലോസ് വർഗീസും ബാബു ജോണുമാണ് പാനലിലുള്ളത്.
പുതിയ തലമുറയ്ക്കും അവസരമൊരുക്കി പരിചയസമ്പത്തും യുവത്വവും ഉറപ്പാക്കിയതാണ് പാനലിന്റെ മികവെന്ന് സ്ഥാനാർഥികൾ ചൂണ്ടിക്കാണിക്കുന്നു. വടക്കൻ അമേരിക്കയിലെ മലയാളി സംഘടനകളിൽ അരനൂറ്റാണ്ടിലേറെക്കാലത്തിന്റെ പാരമ്പര്യമുള്ള ടൊറന്റോ മലയാളി സമാജത്തെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കുന്നതിനുള്ള നൂതനമായ പ്രവർത്തനശൈലിയാണ് ‘ഉറപ്പാണ് മാറ്റം’ എന്ന മുദ്രാവാക്യത്തിലൂടെ വാഗ്ദാനം ചെയ്യുന്നതെന്ന് സന്തോഷ് ജേക്കബ് പറഞ്ഞു. വിവിധകലാ-കായിക-സാസംകാരിക പരിപാടികളിലൂടെ പണം സമാഹരിച്ച് കെട്ടിടവുമായി ബന്ധപ്പെട്ട വായ്പ അടച്ചുതീർക്കുക, മുതിർന്ന പൗരന്മാർക്കായും രാജ്യാന്തര വിദ്യാർഥികൾക്കായും പുതിയ കുടിയേറ്റാർക്കായും വിവിധ പരിപാടികൾ, വടക്കൻ അമേരിക്കൻ തലത്തിൽ കലാ-കായിക മൽസരങ്ങൾ തുടങ്ങിയവയും ഈ ടീം മുന്നോട്ടുവയ്ക്കുന്നു. ടൊറന്റോ മലയാളി സമാജത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ പ്രവർത്തനമേഖലയും പരിപാടികളും നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് പാനലിലുള്ളതെന്നും ചൂണ്ടിക്കാട്ടി. ഈ പാനലിനെ വിജയിപ്പിക്കണമെന്നും അഭ്യർഥിക്കുന്ന ഇവർ, തങ്ങളെ തിരഞ്ഞെടുക്കുന്നതിലൂടെ ടി. എം. എസ്സിന് നവോന്മേഷം പകരാനാകുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നു.