നസ്സോ കൗണ്ടി ഡെപ്യൂട്ടി കമ്മീഷണർ ആയി ആദ്യ മലയാളി തോമസ് എം. ജോർജ്ജ് : മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക് : യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഏറ്റവും സമ്പന്നമായ കൗണ്ടികളിൽ ഒന്നായ ന്യൂയോർക്കിലെ നാസ്സോ കൗണ്ടിയുടെ ഡെപ്യൂട്ടി കമ്മിഷണർ പദവിയിലേക്ക് നിയമനം ലഭിച്ച ആദ്യ മലയാളി എന്ന ബഹുമതി ഇനി തോമസ് എം. ജോർജ് എന്ന സിവിൽ എഞ്ചിനീയർക്കു സ്വന്തം. സുഹൃത്തുക്കൾക്കിടയിൽ ജീമോൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന തോമസ് എം. ജോർജ് കഴിഞ്ഞ മുപ്പതിലധികം വര്ഷം ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് ഓഫ് ട്രാൻസ്‌പോർട്ടേഷനിൽ സീനിയർ എഞ്ചിനീയർ ആയും പ്രൊജക്റ്റ് എഞ്ചിനീയർ ആയും സ്തുത്യർഹമായ സേവനം കാഴ്ചവച്ചതിനു ശേഷം റിട്ടയർമെന്റ് ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോളാണ് കൗണ്ടിയിലെ ഈ ഉന്നത പദവിയിലേക്ക് അവരോധിക്കപ്പെടുന്നത്.

കൗണ്ടി എക്സിക്യൂട്ടീവിന് കീഴിൽ രണ്ടാം സ്ഥാനത്തുള്ള ഈ പദവിയിൽ ഏതാനും വർഷങ്ങൾക്കു മുൻപ് സേവനം അനുഷ്ടിച്ച കൽക്കട്ട സ്വദേശിയായ ഒരു വ്യക്തിക്ക് ശേഷം സ്ഥാനലബ്ധി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ജീമോൻ എന്നുള്ളത് എല്ലാ മലയാളികൾക്കും ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്നതാണ്. കൗണ്ടിയുടെ കീഴിലുള്ള എല്ലാ റോഡുകളുടെയും പാലങ്ങളുടെയും പ്രോജെക്റ്റുകൾ സംബന്ധിച്ച ചുമതലകളാണ് ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക് വർക്സിലെ ഡെപ്യൂട്ടി കമ്മീഷണർക്കുള്ളത്. റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിനും മെയിന്റനൻസിനുമായി മില്യൺ കണക്കിന് ഡോളറിന്റെ പദ്ധതികളാണ് നാസ്സോ കൗണ്ടി എല്ലാ വർഷവും നടപ്പിലാക്കുന്നത്. ഇത്തരം പ്രൊജെക്ടുകൾക്കെല്ലാം അനുമതിയും അംഗീകാരവും നൽകുന്നത് ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക് വാർക്സിലെ കമ്മീഷണറും ഡെപ്യൂട്ടി കമ്മീഷണറും നയിക്കുന്ന കമ്മറ്റിയാണ്. അതിനാൽ തന്നെ വളരെ ഉത്തരവാദിത്വമുള്ള ചുമതലയാണ് ഡെപ്യൂട്ടി കമ്മീഷ്ണർക്കുള്ളത്.

കേരളത്തിലെ സിവിൽ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം 1985 ൽ അമേരിക്കയിലേക്ക് കുടിയേറിയ തോമസ് തൊണ്ണൂറുകളുടെ ആരംഭത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് ഓഫ് ട്രാൻസ്പോർട്ടേഷനിൽ (DOT) റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് എഞ്ചിനീയർ ആയി ജോലിയിൽ പ്രവേശിച്ചു. അന്ന് മുതൽ തനിക്കു ചുമതലയേൽക്കേണ്ടി വന്ന എല്ലാ ജോലികളും സ്തുത്യർഹമായ രീതിയിൽ പൂർത്തീകരിക്കുവാൻ തോമസിന് സാധിച്ചിട്ടുണ്ട്. അതിനിടയിൽ പ്രൊഫെഷണൽ എഞ്ചിനീയർ (PE) പരീക്ഷ പാസ്സായതും തന്റെ ഔദ്യോഗിക ജീവിതത്തിലെ വലിയൊരു നേട്ടമായി തോമസ് കരുതുന്നു.

ന്യൂയോർക്ക് സിറ്റി ന്യൂടൗൺ കടലിടുക്കിനു കുറുകെ ബ്രുക്ലിനിലെ ഗ്രീൻപോയിന്റും ക്വീൻസിലെ മാസ്‌പെതും തമ്മിൽ ബന്ധിപ്പിക്കുന്ന കേബിൾ സ്റ്റേയിഡ് (cable-stayed) ബ്രിഡ്‌ജ് ആയ കോസിയുസ്‌കോ പാലത്തിന്റെ (Kosciusko Bridge) പ്രൊജക്റ്റ് എഞ്ചിനീയർ ഇൻ ചാർജ് ആയി 2019 ൽ പാലം പണി പൂർത്തിയാക്കിയതിനു ശേഷമാണ് തോമസ് DOT യിൽ നിന്നും വിരമിച്ചത്. 1939 ൽ സ്ഥാപിതമായ പഴയ പാലം പൊളിച്ചുനീക്കിയാണ് കിഴക്കു ദിശയിലേക്കുള്ള ഗതാഗതത്തിനും പടിഞ്ഞാറൻ ദിശയിലേക്കുള്ള ഗതാഗതത്തിനുമായി രണ്ടു കേബിൾ സ്റ്റേയിഡ് പാലങ്ങൾ അവിടെ നിർമ്മിച്ചത്. ഏകദേശം 600 മില്യൺ ഡോളർ ചിലവിൽ നിർമിച്ച കിഴക്കു ദിശയിലേക്കുള്ള പാലം 2014 ൽ പണി ആരംഭിച്ചു 2017 ൽ പൂർത്തീകരിക്കാൻ സാധിച്ചതും, ഏകദേശം അത്ര തന്നെ ചിലവിൽ പടിഞ്ഞാറൻ ദിശയിലേക്കു ഗതാഗതത്തിനായുള്ള പാലം 2017 ൽ പണിയാരംഭിച്ചു 2019 ൽ പൂർത്തീകരിക്കാൻ സാധിച്ചതും DOT യിലുള്ള സേവനത്തിലെ ഒരു പൊൻ തൂവലായി തന്നെ കരുതുന്നു എന്ന് തോമസ് സാക്ഷീകരിക്കുന്നു. 1939 ൽ ഇരുമ്പു സ്ട്രക്ച്ചറിൽ നിർമിച്ച പഴയ പാലം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പൊളിച്ചെടുത്ത ദുർഘടം പിടിച്ച ജോലി DOT ഔദ്യോഗിക ജീവിതത്തിലെ ഒരു പുതിയ അനുഭവം ആയിരുന്നെന്നു ജീമോൻ സമ്മതിക്കുന്നു. ഏകദേശം ഒരു കോടിയിലധികം കിലോഗ്രാം തൂക്കമുള്ള പഴയ പാലത്തിന്റെ ഇരുമ്പു സ്ട്രക്ച്ചർ എക്സ്‌പ്ലോസീവ് ഉപയോഗിച്ച് പൊളിച്ചു നീക്കിയത് ന്യൂയോർക്ക് സിറ്റിയിലെ തന്നെ ഏറ്റവും വലിയ എക്സ്പ്ലോസീവ് ഡീമോളിഷൻ ആയിരുന്നു. ഇത്തരം പ്രോജക്ടിന്റെ എഞ്ചിനീയർ ഇൻ ചാർജ് ആയി പ്രവർത്തിക്കുവാൻ സാധിച്ചതും പ്രൊഫെഷണൽ എഞ്ചിനീയർ ബിരുദം കൈവരിച്ചതും നസ്സോ കൗണ്ടിയിലെ പുതിയ നിയമനത്തിന് സഹായകരം ആയി എന്ന് തോമസ് പ്രസ്താവിച്ചു.

തിരുവല്ല കുറ്റപ്പുഴ സ്വദേശി ആയ ജീമോൻ (തോമസ്) ന്യൂയോർക്കിലെ പ്രശസ്ത ജീവകാരുണ്യ സംഘടനയായ ECHO യുടെ സീനിയർ അസ്സോസിയേറ്റ് ഡയറക്ടർ പദവിയിലൂടെ തന്റേതായ രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. സാമൂഹിക സേവനത്തിൽ തങ്ങളുടെ സഹപ്രവർത്തകനായ ജീമോന് കൗണ്ടിയിലെ ഈ ഉന്നത പദവി ലഭിച്ചതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു എന്ന് ECHO പ്രോഗ്രാം ഡയറക്ടർ സാബു ലൂക്കോസ്, എക്സികുട്ടീവ് ഡയറക്ടർ ഡോ. തോമസ് മാത്യു, ഓപ്പറേഷൻസ് ഡയറക്ടർ ബിജു ചാക്കോ എന്നിവർ പ്രസ്താവിച്ചു. ECHO ചുമതലക്കാരും പ്രവർത്തകരും ജീമോന് പ്രത്യേക അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

സഭാ പ്രവർത്തനങ്ങളിൽ അതീവ തല്പരനായ തോമസ് എം ജോർജ് ക്വീൻസിലുള്ള സെൻറ് ജോൺസ് മാർത്തോമ്മാ പള്ളിയെ പ്രതിനിധീകരിച്ചു നോർത്ത് അമേരിക്കൻ മാർത്തോമ്മാ ഡയോസിസ് അസംബ്‌ളി അംഗം കൂടിയാണ്. സെൻറ് ജോൺസ് മാർത്തോമ്മാ പള്ളിയുടെ സെക്രട്ടറി, വൈസ് പ്രസിഡൻറ്, ഭദ്രാസന അസംബ്‌ളി അംഗം, പള്ളി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നീ നിലകളിലും വര്ഷങ്ങളായി സ്തുത്യർഹമായ സേവനം കാഴ്ചവച്ചു വരുന്നു.

“കൗണ്ടിയിലെ ഡെപ്യൂട്ടി കമ്മീഷണർ എന്ന വളരെ ഉത്തരവാദിത്വപ്പെട്ട പദവി ലഭിച്ചതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. ഈ സ്ഥാനലബ്ധിയിൽ ദൈവത്തിനു നന്ദി കരേറ്റുന്നു. ധാരാളം ഉത്തരവാദിത്വമുള്ള ഈ ജോലി എത്രയും ഭംഗിയായും ആല്മാർത്ഥമായും നിർവഹിക്കണം എന്ന് ആഗ്രഹിക്കുന്നു” ന്യൂ ഹൈഡ് പാർക്കിൽ ഭാര്യയും രണ്ടു മക്കളും ഒത്തു താമസിക്കുന്ന ജീമോൻ എന്ന തോമസ് എം ജോർജ് തികഞ്ഞ ആൽമ വിശ്വാസത്തോടെ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഇന്ത്യക്കാരും മലയാളിയുമായ നമുക്കും അഭിമാനിക്കാം.

Report :  മാത്യുക്കുട്ടി ഈശോ

 

Leave Comment