2 പേര്‍ക്ക് മികച്ച വാക്‌സിനേറ്റര്‍മാരുടെ ദേശീയ പുരസ്‌കാരം

Spread the love

തിരുവനന്തപുരം: ദേശീയ കോവിഡ് 19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയ, കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എന്‍ ഗ്രേഡ് വണ്‍ ടി. ഭവാനി എന്നിവരാണ് ദേശീയ തലത്തിലെ പുരസ്‌കാരത്തിന് അര്‍ഹരായത്. മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കും.

മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്ത പ്രിയയേയും ഭവാനിയേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഇതോടൊപ്പം ഈ ആശുപത്രികളില്‍ വാക്‌സിനേഷന്‍ ഊര്‍ജിതമായ രീതിയില്‍ നടപ്പിലാക്കാന്‍ പരിശ്രമിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. കോവിഡ് മൂന്നാം തരംഗത്തെ നമുക്ക് വളരെ വേഗം അതിജീവിക്കാനായതില്‍ നമ്മുടെ വാക്‌സിനേഷന്‍ വിജയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനമാണ്. 86 ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാനായി. 15 മുതല്‍ 17 വയസുവരെയുള്ള 77 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 36 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ സംസ്ഥാനം പ്രത്യേക വാക്‌സിനേഷന്‍ യജ്ഞങ്ങള്‍ തയ്യാറാക്കി. നമ്മുടെ വാക്‌സിനേഷന്‍ വിജയമാക്കിയതിന് പിന്നില്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ആ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണ് ഇവരുടെ പുരസ്‌കാരമെന്നും മന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *