പൈതൃകം കാത്തുസൂക്ഷിക്കാൻ സാംസ്‌കാരിക നിലയങ്ങൾ

Spread the love

മികവോടെ മുന്നോട്ട്: 45

ജില്ലകൾ തോറും സാംസ്‌കാരിക സമുച്ചയങ്ങൾ. 700 കോടി രൂപ നിർമാണ ചെലവ്
കേരളത്തിന്റെ സാംസ്‌കാരിക പെരുമ നിലനിർത്തി വരുംതലമുറയ്ക്ക് പകർന്നു നൽകാൻ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ് 2016-2017 സാമ്പത്തികവർഷത്തിൽ ആരംഭിച്ച പദ്ധതിയാണ് എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങൾ. നവോത്ഥാന നായകരുടെ പേരിൽ സാംസ്‌കാരിക സമുച്ചയങ്ങൾ നിർമ്മിക്കുന്ന പദ്ധതിക്ക് ഓരോ ജില്ലകൾക്കും 50 കോടി രൂപ വീതം അനുവദിച്ച് 700 കോടി രൂപ ചെലവിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്. 3.50 ഏക്കർ മുതൽ 5 ഏക്കർ വരെ വിസ്തൃതിയിൽ ബൃഹത്തായ സമുച്ചയങ്ങൾ കിഫ്ബി സഹായത്തോടെയാണ് നിർമിക്കുന്നത്.
സംഗീത-നൃത്ത നാടകശാലകൾ, ഓപ്പൺ എയർ തിയറ്റർ, ബ്ലാക്ക് ബോക്സ് തിയറ്റർ, ഓഡിറ്റോറിയങ്ങൾ, ചിത്രപ്രദർശന ശാലകൾ, ചമയമുറികൾ, ഉപഹാര ശാലകൾ, ഗ്രന്ഥശാല, വീഡിയോ ഹാൾ, സെമിനാർ ഹാൾ, കരകൗശല വിദഗ്ദർക്കും കലാകാരൻമാർക്കുമുളള പണിശാലകൾ, ഭരണ നിർവഹണ കാര്യാലയം, കഫെറ്റീരിയ തുടങ്ങിയ സൗകര്യങ്ങൾ ഓരോ സമുച്ചയത്തിലും ഉണ്ടാകും. ക്ലാസിക്കൽ, ഫോക്‌ലോർ സമകാലന കലാരൂപങ്ങളുടെ വലിയ രീതിയിലുള്ള ആസ്വാദനത്തിലും അവതരണത്തിനും അവസരമൊരുക്കുന്നതാണ് സാംസ്‌കാരിക നിലയങ്ങൾ. കാസറഗോഡ്, പാലക്കാട്, കൊല്ലം ജില്ലകളിലെ സാംസ്‌കാരിക സമുച്ചയങ്ങളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
മടിക്കൈയിൽ സ്വാതന്ത്രസമര സേനാനിയും നവോത്ഥാന നായകരിൽ ഒരാളായിരുന്ന ടി.എസ് സുബ്രഹ്‌മണ്യൻ തിരുമുമ്പിന്റെ പേരിലാണ് സാംസ്‌കാരിക സമുച്ചയം. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സമുച്ചയം കൊല്ലം ആശ്രാമം മൈതാനത്താണ് ഉയരുന്നത്. ഈ രണ്ട് കേന്ദ്രങ്ങളും മെയ്മാസത്തോടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നവയാണ്. വി.ടി ഭട്ടതിരിപ്പാടിന്റെ പേരിലുള്ളതാണ് പാലക്കാട് യാക്കരയിൽ പൂർത്തിയാകുന്ന സാംസ്‌കാരിക കേന്ദ്രം നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. ഇതുകൂടാതെ വിവിധ ജില്ലകളിൽ നവോത്ഥാന നായകരുടെ പേരിൽ സ്മാരകങ്ങളും സമുച്ചയവയും നിർമ്മാണം നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അഭിപ്രായ സ്വാതന്ത്രവും ആവിഷ്‌ക്കാര സ്വാതന്ത്രവും നിലനിർത്താനും അവ പൊതുവിടങ്ങളിൽ വ്യക്തമാക്കാനും ലക്ഷ്യമിട്ട് പ്രവർത്തനമാരംഭിച്ച സമുച്ചയങ്ങൾ സാംസ്‌കാരിക കേരളത്തിന് വലിയ മുതൽക്കൂട്ടാവും.

Author

Leave a Reply

Your email address will not be published. Required fields are marked *