ആര്‍ദ്രകേരളം പുരസ്‌കാരം കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്ത്

കയ്യൂര്‍ – ചീമേനി, ഈസ്റ്റ് എളേരി രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

കാസറഗോഡ് : ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ കാസര്‍കോട് ജില്ലയില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിന് ഒന്നാം സ്ഥാനം. അഞ്ചു ലക്ഷം രൂപയാണ് സമ്മാനം. കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം ആറ് വരെ പ്രവര്‍ത്തിക്കുന്ന ഒപി ലാബ് സേവനങ്ങള്‍, എല്ലാ ആഴ്ചയും ആശ്വാസ് ക്ലിനിക്ക്, പാലിയേറ്റീവ് ക്ലിനിക്ക്, ജീവിത ശൈലി രോഗ നിര്‍ണയ ക്ലിനിക്ക്, ഗര്‍ഭണികള്‍ക്കുള്ള ക്ലിനിക്ക്, വയോജന ക്ലിനിക്ക്, കൗമാര ക്ലിനിക്ക്, കുട്ടികള്‍ക്കുള്ള ക്ലിനിക്ക്, പോസ്റ്റ് കോവിഡ് ക്ലിനിക്ക് എന്നിവയുടെ പ്രവര്‍ത്തനം പുരസ്‌കാരത്തിനായി പരിഗണിച്ചു. കുടുംബക്ഷേമ ഉപകേന്ദ്രങ്ങളില്‍ ക്ലിനിക്കുകള്‍, പ്രതിരോധ കുത്തിവെയ്പ്പുകള്‍ കൂടാതെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഗര്‍ഭണികള്‍ക്കുള്ള റജിസ്‌ട്രേഷന്‍, തുടര്‍ പരിചരണം , വിളര്‍ച്ചാ പ്രതിരോധ മരുന്ന് വിതരണം, പോഷകാഹാര ബോധവത്ക്കരണ ക്ലാസ്സുകള്‍, നവജാത ശിശു പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുടിവെള്ള ശുചിത്വബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, ജനങ്ങളുടെ ആരോഗ്യ വിവര ശേഖരണം റിപ്പോര്‍ട്ടിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് പഞ്ചായത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് എന്‍.ക്യു.എ.എസ്, കെ.എ.എസ.്എച്ച് എന്നീ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.ജില്ലയില്‍ ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനത്ത് കയ്യൂര്‍ ചീമേനി പഞ്ചായത്താണ്. കോവിഡ് കാലഘട്ടത്തില്‍ മറ്റു പകര്‍ച്ചവ്യാധികള്‍ പടരുന്നതു തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ആരോഗ്യ ജാഗ്രത പദ്ധതി, പാലിയേറ്റീവ് രോഗികളുടെ കുടുംബങ്ങള്‍ക്കുള്ള തൊഴില്‍ പരിശീലന പരിപാടി , കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനു വേണ്ടി നടത്തിയ ഇടപെടലുകള്‍ എന്നിവ പരിഗണിച്ചാണ് കയ്യൂര്‍ ചീമേനി പഞ്ചായത്തിനു പുരസ്‌കാരം. ആരോഗ്യ ജാഗ്രത പദ്ധതി വഴി എലിപ്പനി, ഡെങ്കിപ്പനി മറ്റു ജലജന്യ രോഗങ്ങള്‍ പടരുന്നത് തടയാനായി. പാലിയേറ്റീവ് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും സോപ്പ് നിര്‍മാണം, ഫിനോയ്ല്‍ നിര്‍മാണം എന്നിവയില്‍ പരിശീലനം നല്കുകയും ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം വൈകുന്നേരം വരെ പ്രവര്‍ത്തിക്കുന്നതിനായി പഞ്ചായത്ത് ഒരു ഡോക്ടറെയും ലാബ് ടെക്‌നീഷ്യനെയും നിയമിച്ചു.ഹോമിയോ ആശുപത്രികള്‍ വഴി രോഗ പ്രതിരോധ ഗുളിക, വയോജനങ്ങള്‍ക്ക് കോവിഡാനന്തര ചികിത്സയുടെ ഭാഗമായി ആയുര്‍വേദ കിറ്റ് എന്നിവ ലഭ്യമാക്കി. ആരോഗ്യ മേഖലയില്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പ്രഥമ പരിഗണന നല്‍കുന്ന പഞ്ചായത്ത് ഇത്തവണത്തെ ബജറ്റില്‍ 70 ലക്ഷം രൂപയാണ് നീക്കിവെച്ചത്. അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേകം ക്യാമ്പുകള്‍, വയോജന ക്ലബ്ബ് വ്യയാമ ക്ലാസുകള്‍, മാലിന്യശേഖരണത്തിനും സംസ്‌കരണത്തിനും പരിപാലന കേന്ദ്രങ്ങള്‍, ആരോഗ്യ സേനകളുടെ പ്രവര്‍ത്തനം തുടങ്ങിയവയും നടപ്പാക്കി വരികയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ കയ്യൂര്‍ ചീമേനി പഞ്ചായത്തിന്റെ നേട്ടത്തിനു സഹായകമായി. മൂന്നു ലക്ഷം രൂപയാണ് രണ്ടാം സ്ഥാനത്തിന്റെ സമ്മാനമായി ലഭിക്കുന്നത്.
ജില്ലയില്‍ മൂന്നാം സ്ഥാനം നേടിയത് ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്താണ്. ചിറ്റാരിക്കാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ സൗജന്യ ലാബ് സൗകര്യം കെഎഎസ്എച്ച്, ആയുഷ് സംസ്ഥാന പുരസ്‌കാരം നേടിയ ഹോമിയോ ആശുപത്രി, ഹൈടെക് അംഗനവാടികള്‍, ശുചിത്വ രംഗത്ത് പ്രവര്‍ത്തിക്കുന്ന വാര്‍ഡ്തല സാനിറ്റേഷന്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ പുരസ്‌കാരത്തിനായി ഈസ്റ്റ് എളേരിയെ പരിഗണിക്കുന്നതിലേക്ക് നയിച്ചു. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ഗ്യാസ് ശ്മശാനവും ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനവും പുരസ്‌കാരത്തിനായി പരിഗണിച്ചു. രണ്ടു ലക്ഷം രൂപയാണ് മൂന്നാം സ്ഥാനത്തിനുള്ള സമ്മാനത്തുക.

Leave Comment