തകർപ്പൻ സ്മാഷുതീർത്ത് എംഎൽഎ; സമനില പിടിച്ച് ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ ടീം

കണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച മിക്സഡ് വോളിയിൽ കളിയാവേശം സ്മാഷുതിർത്തു. പരിചയ സമ്പന്നർക്കൊപ്പം ഒട്ടും പകപ്പില്ലാതെ സെർവുകളും സ്മാഷുകളുമായി കളം നിറഞ്ഞ എം വിജിൻ എം എൽ എയുടെ ടീം ആദ്യ സെറ്റ് ആവേശത്തോടെ കൈക്കലാക്കി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യയുടെ എതിർ ടീം കാണികളെ മുൾമുനയിൽ നിർത്തി രണ്ടാം സെറ്റ് നേടി. ഇതോടെ ലിംഗസമത്വം എന്ന സന്ദേശമുയർത്തി നടന്ന പ്രദർശന മത്സരം സമനിലയിൽ കലാശിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ സ്റ്റേഡിയത്തിലാണ് എം വിജിൻ എം എൽ എയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയും നയിച്ച ടീമുകൾ ഏറ്റുമുട്ടിയത്. വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ ഇരു ടീമുകളും ഓരോ സെറ്റ് വീതം വിജയിച്ചതോടെ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. ഇരു ടീമുകളിലും വനിതകളും പുരുഷന്മാരും അണിനിരന്നു. ദേശീയ താരങ്ങൾ അടങ്ങിയ കണ്ണൂർ കൃഷ്ണ മേനോൻ ഗവ. വനിതാ കോളേജിലെ വിദ്യാർഥിനികൾ, സെൻട്രൽ ജയിൽ ഓഫിസർമാർ എന്നിവർ ടീമുകൾക്ക് പരിചയ സമ്പത്തേകി.മത്സരം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മത്സരാർത്ഥികൾക്കുള്ള ഉപഹാരം കെ വിനോദനും സർവ്വീസിൽ നിന്നും വിരമിക്കുന്ന കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ടി കെ ജനാർദനന് ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് നൽകുന്ന ഉപഹാരം എം എൽ എയും കൈമാറി. വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്ക് കണ്ണൂർ ജയിൽ വകുപ്പ്, എക്സൈസ് വകുപ്പ്, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ എന്നീ ടീമുകൾ കണ്ണൂർ സെൻട്രൽ ജയിൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.

Leave Comment