സ്വയം സുരക്ഷവര്‍ധിപ്പിക്കുന്ന മുഖ്യമന്ത്രി ജനങ്ങള്‍ക്കും സുരക്ഷ ഒരുക്കണം : കെ.സുധാകരന്‍ എം.പി

Spread the love

സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് അധികാര ശീതളയില്‍ അഭിരമിക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ സുരക്ഷാകാര്യങ്ങളില്‍ക്കൂടി ശ്രദ്ധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.

ആരുവേണമെങ്കിലും ഏതുസമയത്തും കൊല്ലപ്പെടുന്ന സാഹചര്യമാണ് കേരളത്തില്‍. പാലക്കാട് വിഷുദിനത്തില്‍ പിതാവിന്റെ കണ്‍മുന്നിലിട്ട് മകനെ വെട്ടിക്കൊന്ന സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചു. കേരളത്തില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇത് സംസ്ഥാനത്തിന്റെ ക്രമസമാധാന തകര്‍ച്ചയെയാണ് കാണിക്കുന്നത്. ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതം ഉറപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു. ലഹരിമാഫിയുടെയും ഗുണ്ടാസംഘങ്ങളുടെയും തട്ടിപ്പ് സംഘങ്ങളുടെയും പറുദീസയായി മാറി കേരളം. ആഭ്യന്തരവകുപ്പ് നിര്‍ജ്ജീവമാണ്. കൊലപാതകങ്ങള്‍ നടന്ന ശേഷമാണ് പലപ്പോഴും പോലീസ് അതിനെ കുറിച്ച് അറിയുന്നത്. അക്രമ സാധ്യത മുന്‍കൂട്ടി തിരിച്ചറിയാനോ അത് തടയാനോ സംസ്ഥാന രഹസ്യാന്വേഷണ സംവിധാനത്തിന് കഴിയാതെ പോകുന്നത് ദയനീയമാണ്. ആഭ്യന്തരവകുപ്പ് നാഥനില്ലാ കളരിയായി. ആഭ്യന്തരവകുപ്പിന് മുഴുവന്‍ സമയ മന്ത്രിയില്ലാത്തതാണ് ഇതിനെല്ലാം കാരണം. നിലവില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇതൊന്നും ശ്രദ്ധിക്കാനും വകുപ്പിനെ ശരിയാം വിധം ഭരിക്കാനും നിയന്ത്രിക്കാനും കഴിയുന്നില്ല. മുഖ്യമന്ത്രിക്ക് ജനങ്ങളുടെ സുരക്ഷയെക്കാള്‍ സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് താല്‍പ്പര്യമെന്നും സുധാകരന്‍ പരിഹസിച്ചു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ രഹസ്യ സഖ്യകക്ഷികളാണ് ഇപ്പോള്‍ പരസ്പരം വെട്ടിമരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിരോധിക്കണം. പാലക്കാട് എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. നാലു മാസം മുന്‍പ് ഇതേപ്രദേശത്ത് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അതാണ് ഇപ്പോള്‍ നടന്ന കൊലയ്ക്ക് കാരണമെന്നാണ് സൂചന. പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു. അന്ന് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള കാര്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതിലും ദുരൂഹതയുണ്ട്. കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പോയത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണ്. പകപോക്കലിന്റെ പേരില്‍ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹീനരാഷ്ട്രീയ ആശയത്തിന് അറുതി വരുത്തണമെന്നും സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *