വിദ്വേഷത്തിന്റെ വൈറസ് വ്യാപനം – സോണിയ ഗാന്ധി (പ്രസിഡന്റ്, എ.ഐ.സി.സി)

Spread the love

വര്‍ത്തമാനകാല ഇന്‍ഡ്യ അതിതീവ്രമായ ഒരു ധ്രുവീകരണത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. അത് ശാശ്വതമായി നിലനിര്‍ത്താനുള്ള ശ്രമങ്ങളും തീവ്രം. ഈ ഒരു സ്ഥിതി വിശേഷം നമ്മുടെ രാജ്യം അനുഭവിക്കേണ്ടതുണ്ടോ? നിലവിലെ ഭരണ സംവിധാനം, അത്തരം ഒരു സാഹചര്യം ഇവിടെ നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ പൗരന്മാരുടെ താല്പര്യങ്ങള്‍ക്ക് അനുഗുണമാണ് പ്രസ്തുത സാഹചര്യമെന്ന് അവരെ ബോദ്ധ്യപ്പെടുത്താനും ഭരണകൂടം ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
വിശ്വാസം, ആചാരം, ആഘോഷം, ഭാഷ, വസ്ത്രം, ഭക്ഷണം-ഇത്യാദി വിഷയങ്ങളില്‍ രാജ്യത്തെ പൗരന്മാരെ വേര്‍തിരിച്ചു നിര്‍ത്താനും, അങ്ങനെ അവരെ പരസ്പര വൈരികളാക്കാനുമുള്ള ശ്രമങ്ങളെ, ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, രാജ്യത്തെ ഭരണകൂടം.
ചരിത്രം-അത് പുരാതനമാകട്ടെ, സമകാലികം ആകട്ടെ, അതിനെ കുത്സിതമായ നിതാന്ത വക്രീകരണ പ്രക്രിയയിലൂടെ, വെറുപ്പും വിദ്വേഷവും ശത്രുതയും പ്രതികാരബുദ്ധിയും വളര്‍ത്തി, അപഹാസ്യമാക്കുകയാണ്. വിഭവ സമ്പത്തിനെ, രാജ്യത്തിന്റെ ഭാസുരമായ ഭാവിയ്ക്കു വേണ്ടി സൃഷ്ടിപരമായി ഉപയുക്തമാക്കുന്നതിന് പകരം, യുവമനസ്സുകളെ വിനാശകരമായ പാതയിലേക്ക് ബോധപൂര്‍വ്വമായി നയിക്കുകയാണ്. അത്യന്തം അപകടകരമായ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ ദുരിദ്ദേശപരമായി മറച്ചുവച്ച്, സാങ്കല്പികമായ ഏതോ ഭൂതകാലത്തില്‍ അഭിരമിക്കുകയാണ് ഭരണകൂടം.
രാജ്യത്ത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വൈവിദ്ധ്യ സമ്പന്നതയേക്കുറിച്ച് ഏറെ വാചാലനാകുന്നുണ്ട് പ്രധാനമന്ത്രി. എന്നാല്‍, യാഥാര്‍ത്ഥ്യം എന്താണ്? ആ വൈവിദ്ധ്യങ്ങള്‍, വൈരുദ്ധ്യങ്ങള്‍, സമൂഹത്തെ വിഭജിക്കാനുള്ള ഉപകരണങ്ങളായി ദുരുപയോഗം ചെയ്യപ്പെടുകയാണ്.
രാജ്യത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയ്ക്കായി സമ്പത്ത് സൃഷ്ടിക്കപ്പെടണം. അതിനായി നൂനത മാര്‍ഗങ്ങള്‍ അവലംബിക്കണം. പൗരന്റെ ജീവിത നിലവാരം ഉയരണം. സാമൂഹ്യക്ഷേമ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കണം. മനുഷ്യവിഭവശേഷി ക്രിയാത്മകമായി ഉപയോഗിക്കപ്പെടണം. യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉറപ്പു വരുത്തണം. ക്രയവിക്രയശേഷി വര്‍ദ്ധിപ്പിക്കണം. ദൗര്‍ഭാഗ്യവശാല്‍, ആശാവഹമായ ഒരു കര്‍മ്മപദ്ധതിയും ഈ ദിശയില്‍ ഉണ്ടാകുന്നില്ല. എന്നു തന്നെയല്ല, രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹ്യ അസമത്വത്തെ വര്‍ദ്ധിതമാക്കുന്ന പ്രവണതകളാണ് എങ്ങും കാണുന്നത്. മതഭ്രാന്ത്, വര്‍ഗീയത, വിദ്വേഷം, വിഘടനവാദം ഇവയെല്ലാം ചേര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ദുര്‍ബലമാക്കുകയാണ്, പുരോഗതി തടസ്സപ്പെടുത്തുകയാണ്.
ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉയര്‍ന്നു വരുന്നത് ആശ്വാസകരമാണ്. കര്‍ണാടക പോലെ ക്ഷേമോന്മുഖമായ ഒരു സംസ്ഥാനത്ത് അനുവര്‍ത്തിക്കപ്പെടുന്ന അനാശ്യാസ പ്രവണതകള്‍ക്കെതിരെ ചില കോര്‍പ്പറേറ്റ് സ്ഥാപനമേധാവികള്‍ പ്രതികരിക്കുകയുണ്ടായി. ധീരമായ അത്തരം പ്രവണതകള്‍ പോലും സമൂഹ മാധ്യമങ്ങളില്‍ ഭത്സിക്കപ്പെടുകയാണുണ്ടായത്. വ്യവസായ-വാണിജ്യ രംഗങ്ങളിലെ പല പ്രമുഖരും സ്വയം പ്രവാസി ഭാരതീയരായി പ്രഖ്യാപിക്കുന്ന പ്രവണതയും ഏറി വരുന്നു എന്നത് ഒരു രഹസ്യമല്ല.
സര്‍വ്വാശ്ലേഷിയായ നമ്മുടെ സംസ്‌കാരം നഷ്ടമാവുകയാണ്. വിദ്വേഷത്തിന്റെ അന്തരീക്ഷമാണിന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന, ജാതിമത ചിന്തകള്‍ക്കതീതമായ സ്നേഹവും, സൗഹൃദവും, പരസ്പര വിശ്വാസവും പങ്കു വയ്ക്കുന്ന, നന്മകള്‍ നിറഞ്ഞ ഒരു സാമൂഹ്യ അന്തരീക്ഷം നമുക്ക് നഷ്ടമായിരിക്കുന്നു. പകരം, കേവല രാഷ്ട്രീയ താല്പര്യ സംരക്ഷണത്തിനായി ദേശീയത ബലികഴിക്കപ്പെടുകയാണ്.
രാജ്യത്തെ മുഴുവനായി ഒരു ഉന്മത്താവസ്ഥയില്‍ നിതാന്തമായി നിലനിര്‍ത്തിക്കൊണ്ട്, ഭിന്നിപ്പിന്റെ രാഷ്ട്രീയം പ്രയോഗിക്കുന്ന വഞ്ചനാപരമായ നിലപാടാണ് ഭരണകൂടം പിന്‍തുടരുന്നത്. അത്തരം പ്രവണതകള്‍ക്കെതിരെ ഉയരുന്ന പ്രതികരണങ്ങളെ നിര്‍ദ്ദാക്ഷണ്യം ഇല്ലായ്മ ചെയ്യുകയാണ്, അവരെ നിശ്ശബ്ദരാക്കുകയാണ്. രാഷ്ട്രീയമായി എതിര്‍ചേരിയിലുള്ളവരെ അടിച്ചമര്‍ത്താന്‍ ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഭീതിയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു.
നവംബര്‍ 26, ഭരണഘടന ദിനമായി ആചരിക്കാന്‍ തുടങ്ങിയിരിക്കുന്നു, നരേന്ദ്രമോദി സര്‍ക്കാര്‍. എന്നാല്‍, ഭരണഘടനയോട് തെല്ലും കൂറുപുലര്‍ത്താതെ, ഓരോ സ്ഥാപനത്തെയും ഷണ്ഡീകരിക്കുന്ന പ്രവര്‍ത്തനവും ഒപ്പം നടക്കുന്നു. എന്തൊരു കാപട്യമാണിത്!
സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വിഭാഗീയതയും വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തവും യുക്തവുമായ നടപടികള്‍ കൈക്കൊള്ളാന്‍ എന്തുകൊണ്ട് പ്രധാനമന്ത്രി തയ്യാറാകുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. അത്തരക്കാര്‍ ഔദ്യോഗികമായിത്തന്നെ സംരക്ഷിക്കപ്പെടുകയുമാണ്.
വിഭിന്നങ്ങളായ അഭിപ്രായ പ്രകടനങ്ങള്‍, ചര്‍ച്ചകള്‍, നിര്‍ദ്ദേശങ്ങള്‍-അവയൊന്നും തന്നെ സ്വാഗതം ചെയ്യപ്പെടുന്നില്ല. ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിലെ പ്രബുദ്ധരുമായി, ഇന്‍ഡ്യയിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബുദ്ധിജീവികള്‍, ചിന്തകര്‍, ഉല്പതിഷ്ണുക്കള്‍, വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവര്‍-അവരെല്ലാം തന്നെ നിരീക്ഷണത്തിന് വിധേയരാണ്.
ഇതര വിശ്വാസ പ്രമാണങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും, ചില സമൂഹങ്ങള്‍ തിരസ്‌ക്കരിക്കപ്പെടുകയും ചെയ്യുന്ന പ്രവണത, അനുദിനം വര്‍ദ്ധിച്ച്, ഭീതിദമായ ഒരു സാഹചര്യമാണ് രാജ്യത്ത് സംജാതമായിരിക്കുന്നത്. തൊഴിലിടങ്ങള്‍, അയല്‍പക്കങ്ങള്‍- എന്തിന്, ഗൃഹാന്തരീക്ഷം പോലും വിഷലിപ്തമായിരിക്കുന്നു. വെറുപ്പും വിദ്വേഷവും പകയും ഒരു വ്യക്തിയെ നിയന്ത്രിക്കുന്ന, ഭയാനകമായ വര്‍ത്തമാനകാലത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നത്.
വൈവിദ്ധ്യങ്ങളും, വൈരുദ്ധ്യങ്ങളും, വിഭിന്നങ്ങളായ ചിന്താധാരകളും, ആശയസംഹിതകളും, വിശ്വാസപ്രമാണങ്ങളും, ആചാരാനുഷ്ഠാനങ്ങളുമൊക്കെ നെഞ്ചോട് ചേര്‍ക്കുകയും, അവ ആഘോഷമാക്കുകയും ചെയ്ത ഒരു രാജ്യമാണ് നമ്മുടേത്. സഹിഷ്ണുത, സഹവര്‍ത്തിത്വം, സന്മനോഭാവം, സാഹോദര്യം- കാലങ്ങളായി ഇവിടെ നിലനിന്നിരുന്ന ഈ നന്മകളാണ് ഈ രാജ്യത്തെ മഹത്തരമാക്കിയത്. എന്നാല്‍, എന്താണ് ഇപ്പോഴത്തെ അവസ്ഥ? ഏകപക്ഷീയമായ ചിന്താധാര മാത്രം പ്രോത്സാഹിക്കപ്പെടുന്ന ഒരു സമൂഹം രൂപപ്പെട്ടുവരുന്നു. അവിടെ, ഒരു രീതിയിലുള്ള വിയോജനവും അംഗീകരിക്കപ്പെടുന്നില്ല. വിദ്വേഷത്തിന്റെ, അസഹിഷ്ണുതയുടെ, യുക്തിരഹിതമായ മതഭ്രാന്തിന്റെ, അസത്യത്തിന്റെ, സന്ദേശവും ചിന്തയുമാണ് രാജ്യമെങ്ങും പ്രചരിപ്പിക്കപ്പെടുന്നത്. ഇനിയെങ്കിലും ഇത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ സമൂഹത്തിന്റെ കെട്ടുറപ്പ് എന്നെന്നേക്കുമായി നഷ്ടമാകുന്ന സ്ഥിതിവിശേഷം സംജാതമാകും. കപട ദേശീയതയുടെ ബലിക്കല്ലില്‍ രാജ്യത്തിന്റെ ബഹുസ്വരതയും, ജനങ്ങളുടെ സൈ്വര്യമായ ജീവിതവും ഹോമിക്കപ്പെടും.
ദുരന്തം വിതയ്ക്കാന്‍ പര്യാപ്തമായ അഗ്‌നി ആളിക്കത്തുന്നത് തടയാന്‍ നമുക്ക് കഴിയണം. വിദ്വേഷത്തിന്റെ സുനാമി, സര്‍വനാശകാരിയായി നമ്മുടെ സമ്പന്നമായ ഭൂതകാലത്തെ തുടച്ചു നീക്കുന്നത് സര്‍വ്വശക്തിയും ഉപയോഗിച്ച് ചെറുത്തേ മതിയാകൂ.
ഒരു നൂറ്റാണ്ട് മുന്‍പ്, ഇന്‍ഡ്യന്‍ ദേശീയതയുടെ മഹാകവി, തന്റെ അനശ്വരമായ ‘ഗീതാഞ്ജലി’ ലോകത്തിന് സംഭാവന ചെയ്യുകയുണ്ടായി. അതിലെ മുപ്പത്തിയഞ്ചാം ഘണ്ഡത്തില്‍, ഗുരുദേവ് ടാഗോര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പാടുന്ന ആ വരികള്‍, ”എവിടെ മനസ്സ് ഭീതിരഹിതമായിരിക്കുന്നുവോ……,” ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ടവയാണ്. ആ വരികളുടെ പ്രസക്തി വര്‍ത്തമാനകാല ഇന്‍ഡ്യയില്‍, അനുദിനം വര്‍ദ്ധിച്ചു വരികയുമാണ്.

സോണിയ ഗാന്ധി  (പ്രസിഡന്റ്, എ.ഐ.സി.സി)

 

Author

Leave a Reply

Your email address will not be published. Required fields are marked *