അഡ്വ. ജോസ് വിതയത്തില്‍; നന്മകള്‍ വാരിവിതറി കടന്നുപോയ സഭാസ്‌നേഹി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

ഭാരതസഭയ്ക്കും ക്രൈസ്തവസമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ നന്മകള്‍ വാരിവിതറിയ അഡ്വ.ജോസ് വിതയത്തില്‍ ഓര്‍മ്മകളിലായിട്ട് 2022 ഏപ്രില്‍ 16ന് ഒരു വര്‍ഷമായി. ഏപ്രില്‍ 21ന് 4 മണിക്ക് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ അനുസ്മരണദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷകളും തുടര്‍ന്ന് വിതയത്തില്‍ ഓഡിറ്റോറിയത്തില്‍വെച്ച് അനുസ്മരണ സമ്മേളനവും അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവും നടത്തപ്പെടുന്നു.

ഭാരത ക്രൈസ്തവ സഭയ്ക്കും സഭാസംവിധാനങ്ങള്‍ക്കും സര്‍വ്വോപരി അല്മായ സമൂഹത്തിനും കരുത്തും കരുതലുമേകി പ്രവര്‍ത്തനോര്‍ജ്ജം പകര്‍ന്നേകിയ സേവനനിരതമായ ഏഴുപതിറ്റാണ്ടുകള്‍ക്കിടയില്‍ പൊതുസമൂഹത്തിന്റെ വിവിധ മേഖലകളിലും പ്രകാശം പരത്തുവാന്‍ വിതയത്തിലിനായി.

പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും സഭയ്ക്കും സഭാസമൂഹത്തിനും പ്രതിരോധം തീര്‍ത്ത് വിശ്വാസ മൂല്യങ്ങളിലും ആദര്‍ശശുദ്ധിയിലും അടിയുറച്ചുനിന്ന് വിശ്വാസിസമൂഹത്തിനും പൊതുസമൂഹത്തിനും പ്രതീക്ഷയും കരുത്തുമേകിയ ജീവിത കാലഘട്ടം.
കത്തോലിക്കാ സഭാചൈതന്യത്തില്‍ രൂപപ്പെടുത്തിയ ദര്‍ശനങ്ങളിലും ആദര്‍ശങ്ങളിലും മുറുകെപ്പിടിച്ച് എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ടും ആരെയും വിഷമിപ്പിക്കാതെയും സത്യങ്ങള്‍ തുറന്നടിച്ചും എന്നാല്‍ അനുരഞ്ജനത്തിന്റെ വഴികളിലൂടെയും പ്രവര്‍ത്തനനിരതനായിരിക്കുമ്പോഴും വിവിധ തലങ്ങളിലും മേഖലകളിലും നല്ല വ്യക്തിബന്ധം രൂപപ്പെടുത്താനും അവ നിലനിര്‍ത്താനും സാധിച്ച അതുല്യനേതൃത്വത്തിന്റെ മകുടോദാഹരണമാണ് അഡ്വ.വിതയത്തില്‍. അല്മായ നേതൃരംഗത്ത് വിശ്വാസത്തിന്റെയും സഭാപഠനങ്ങളുടെയും ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് സഭാനേതൃത്വത്തിന് സമ്പൂര്‍ണ്ണ പിന്തുണയേകി സഭയിലെ പിതാക്കന്മാരുടെ മനസ്സറിഞ്ഞും ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചും അദ്ദേഹം നിലപാടുകളെടുത്തുവെന്നു മാത്രമല്ല ഉറച്ചു നില്‍ക്കുകയും ചെയ്തു.

എല്ലാ മേഖലകളിലും നല്ല വ്യക്തിബന്ധം രൂപപ്പെടുത്താനും ബന്ധങ്ങള്‍ നിലനിര്‍ത്തുവാനും വിതയത്തില്‍ സാറിനായി. ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോഴും ആരെയും വിഷമിപ്പിക്കാതെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സഭയില്‍ അല്മായര്‍ക്കുള്ള സ്ഥാനവും ദൗത്യവും വ്യക്തമായി തിരിച്ചറിഞ്ഞ് ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചു. ഔദ്യോഗിക സംവിധാനങ്ങളെ അദ്ദേഹം ഏറെ ആദരവോടെ കണ്ടു. മതസൗഹാര്‍ദ്ദത്തിനും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയ്ക്കും ജോസ് വിതയത്തില്‍ നടത്തിയിട്ടുള്ള പരിശ്രമങ്ങളും രൂപപ്പെടുത്തിയ സമുദായ ഐക്യ കൂട്ടായ്മകളും സമ്മേളനങ്ങളും ശ്ലാഘനീയവും പുതുതലമുറയ്ക്ക് പാഠവുമാണ്.

ആലങ്ങാട് പ്രസിദ്ധമായ വിതയത്തില്‍ കുടുംബത്തില്‍ 1952 ഫെബ്രുവരി 4-നാണു ജനനം. ചെറുപ്പം മുതല്‍ പള്ളിയുടെയും അനുബന്ധ മേഖലകളുടെയും സ്വാധീനം അദ്ദേഹത്തിന്റെ ജീവിതത്തെ പരുവപ്പെടുത്തി. നേതൃത്വ പ്രസംഗപാടവം തിളക്കമാര്‍ന്ന ജീവിതത്തിന് കൂടുതല്‍ കരുത്തേകി. പഠനകാലം മുതല്‍ സഭയിലെ അല്മായ സംഘടനകളില്‍ പ്രവര്‍ത്തിച്ചു. എറണാകുളം ലോ കോളജില്‍വെച്ച് വിദ്യാര്‍ഥിസംഘടനാരംഗത്തും സജീവമായി നിറഞ്ഞുനിന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച ജോസ് വിതയത്തില്‍, രാഷ്ട്രീയത്തിനപ്പുറത്തു വ്യക്തിബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗം എന്ന നിലയില്‍ അവസാന കാലഘട്ടത്തിലും പൊതുരംഗ ത്തും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. പാലക്കാട്, വയനാട് ജില്ലകളില്‍ നൂറുകണ ക്കിനു കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കു പരിഹാരം കാണാന്‍ ഇതിലൂടെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് സാധിച്ചു. കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ അംഗം, ആക്ടിംഗ് പ്രസിഡന്റ് എന്നീ നിലകളിലും നടത്തിയ ശക്തവും നിഷ്പക്ഷവും നിയമപരവുമായ ഇടപെടലുകള്‍ അനേകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.

കത്തോലിക്ക കോണ്‍ഗ്രസിലൂടെ എറണാ കുളം-അങ്കമാലി അതിരൂപതയിലും സീറോ മലബാര്‍ സഭയിലും ശ്രദ്ധിക്കപ്പെട്ട അല്മായ ശബ്ദമായി. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. മാര്‍ കരിയാറ്റിയുടെ സഭാസേവനങ്ങളെ സഭാമക്കളിലും പൊതുസമൂഹത്തിലും പങ്കുവെയ്ക്കുവാനും നിലനിര്‍ത്തുവാനും എല്ലാവര്‍ഷവും പ്രത്യേക പദ്ധതികളും അനുസ്മരണങ്ങളും സംഘടിപ്പിക്കുവാന്‍ ജോസ് വിതയത്തില്‍ ശ്രമിച്ചു.

അഭിഭാഷകനായും ബാങ്ക് ഉദ്യോഗസ്ഥ നായുമുള്ള ഔദ്യോഗിക ജീവിതത്തിനു ശേഷം സഭയ്ക്കും സമൂഹത്തിനും വേണ്ടി സമര്‍പ്പിതചൈതന്യത്തോടെ ക്രിയാത്മക ഇടപെടലുകള്‍ നടത്താനായതാണ് അഡ്വ. വിതയത്തിലിനെ കൂടുതല്‍ ശ്രദ്ധേയ നാക്കുന്നത്. സഭയോടൊത്തു ചിന്തിക്കാ നും കര്‍മ്മവഴികള്‍ ക്രമപ്പെടുത്താനും അതിലൂടെ അല്മായ ശാക്തീകരണം സാധ്യമാക്കാനുമുള്ള ശ്രമങ്ങളായിരുന്നു അദ്ദേഹത്തിന്റേത്.

കെസിബിസി അല്മായ കമ്മീഷന്റെ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട ആദ്യ അല്മായനാണു ജോസ് വിതയത്തില്‍. കേരളസഭയിലെ മൂന്നു റീത്തുകളിലെയും അല്മായ സംഘടനകളെ ഏകോപിപ്പിച്ചു സംയുക്ത പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിച്ചതു നേട്ടമായി. ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ രൂപതകളില്‍ സഞ്ചരിച്ച് അല്മായരെ സംഘടിപ്പിച്ചു സഭാപ്രവര്‍ത്തനങ്ങളെ ഊര്‍ജിതമാക്കി. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സഭാസാമൂഹിക ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സധൈര്യം പ്രതികരിക്കാനും ചാനല്‍ചര്‍ച്ചകളില്‍ വിവിധ വിഷയങ്ങളില്‍ ഉറച്ച നിലപാടുകള്‍ തുറന്നു പ്രഖ്യാപിക്കാനും ജോസ് വിതയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചു. ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ സെക്രട്ടറി, സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറി എന്നീ നിലകളിലും കേരളത്തിലെ അല്മായ നേതൃരംഗത്തെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി അദ്ദേഹം മാറി.

എറണാകുളം-അങ്കമാലി അതിരൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായും ജോസ് വിതയത്തില്‍ സേവനം ചെയ്തു. കേരളസഭയിലെ വിവിധ രൂപതകളിലെ മെത്രാന്മാരുമായുമുള്ള സൗഹൃദവും ഊഷ്മണബന്ധവും നേതൃത്വശുശ്രൂഷയില്‍ അദ്ദേഹത്തിന് പ്രചോദനവും കരുത്തുമേകി.

69-ാം വയസിലും സഭയിലും സമൂഹ ത്തിലും നിറസാന്നിധ്യമായിരുന്ന അഡ്വ. ജോസ് വിതയത്തിലിനെ നിനച്ചിരിക്കാത്ത നേരത്തു കോവിഡ് മഹാമാരി കവര്‍ന്നെടുത്തതു കേരളത്തിലെ സാമൂഹിക സാംസ്‌കാരിക ജനകീയ സേവന മേഖലകളില്‍ മാത്രമല്ല ക്രൈസ്തവ സഭയുടെ അല്മായ നേതൃനിരയിലും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.
അഡ്വ.ജോസ് വിതയത്തിലിന്റെ സ്മരണ നിലനിര്‍ത്താനും ജീവിതപാഠങ്ങളും അനുഭവസമ്പത്തും വരുംതലമുറയ്ക്ക് കൈമാറുന്നതിനുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് രൂപം നല്കിയിരിക്കുന്ന അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ സിബിസിഐ വൈസ്പ്രസിഡന്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഏപ്രില്‍ 21ന് ആലങ്ങാട്‌വെച്ച് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *