എന്‍റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള, തിരുവനന്തപുരം ജില്ലയില്‍

Spread the love

മന്ത്രിമാരായ ശ്രീ.വി.ശിവന്‍കുട്ടി, ശ്രീ.ജി.ആര്‍.അനില്‍, ശ്രീ.ആന്‍റണി രാജു എന്നിവരുടെ വാര്‍ത്താ സമ്മേളനം.

സമഗ്ര മേഖലകളിലും ലോകശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലുള്ള ബഹുവിധ വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ സംസ്ഥാനത്തെ മിക്ക ജില്ലകളിലും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ഏപ്രില്‍ മൂന്നിന് കണ്ണൂരില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് “എന്‍റെ കേരളം” പ്രദര്‍ശന വിപണന മേളയുടെ തുടക്കം കുറിച്ചത്. തുടര്‍ന്ന് ഓരോ ജില്ലകളിലായി പരിപാടിയുടെ ഭാഗമായുള്ള പ്രദര്‍ശന വിപണന മേള വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞു. എല്ലാ ജില്ലകളിലും വളരെ വലിയ തോതിലുള്ള ആള്‍ക്കൂട്ടമാണ് കാണാന്‍ കഴിഞ്ഞത്. തിരുവനന്തപുരം ജില്ലയില്‍ “എന്‍റെ കേരളം” മെഗാ പ്രദര്‍ശന വിപണന മേളക്ക് മെയ് 15 ന് തുടക്കമാവുകയാണ്. മെയ് 22 വരെ മേള തുടരും.

കനകക്കുന്നാണ് തലസ്ഥാന ജില്ലയിലെ വേദി.പരിപാടിയുടെ വിപുലമായ നടത്തിപ്പിന് വേണ്ടി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി കഴിഞ്ഞ മാസം തന്നെ രൂപീകരിച്ചിരുന്നു. ബഹുമാനപ്പെട്ട ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ.ജി.ആര്‍ അനില്‍, ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്‍റണി രാജു എന്നിവര്‍ രക്ഷാധികാരികളാണ്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ചെയര്‍മാനും തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമാണ്. ഇതിന് പുറമെ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ജില്ലയിലെ എം.എല്‍.എമാര്‍ ചെയര്‍മാന്‍മാരായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ നാനാമേഖലകളിലും നടപ്പാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാവും “എന്‍റെ കേരളം” മെഗാ പ്രദര്‍ശന വിപണന മേള. മെയ് 15ന് ആരംഭിച്ച് 22ാം തീയതി വരെ മേള തുടരും. പ്രവേശനം സൗജന്യമായിരിക്കും. മുഴുവനായും ശീതീകരിച്ച പവലീയനുകളിലാണ് മേള നടക്കുന്നത്. “എന്‍റെ കേരളം” പ്രദര്‍ശന വിപണന മേളയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം മെയ് 15 ന് വൈകിട്ട് അഞ്ചിന് കനക്കുന്നിലെ നിശാഗന്ധിയില്‍ നടക്കും. ബഹു.ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ.ജി.ആര്‍.അനിലിന്‍റെ അദ്ധ്യക്ഷതയില്‍ ബഹു.സംസ്ഥാന പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ജില്ലാ തല പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ബഹു.സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്‍റണി രാജു മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലയിലെ എം.എല്‍.എമാര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രശസ്ത മ്യൂസിക് ബാന്‍ഡായ “ഊരാളി” അവതരിപ്പിക്കുന്ന സംഗീത പരിപാടി നിശാഗന്ധിയില്‍ അരങ്ങേറും. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മെയ് 20ന് ഒന്നാം വാര്‍ഷികാഘോഷ പരിപാടിയുടെ ഔദ്യോഗികമായ സംസ്ഥാന തല സമാപനവും കനകക്കുന്നിലാണ് നടക്കുക.
സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന വ്യത്യസ്ഥങ്ങളായ പ്രദര്‍ശന സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ പ്രശസ്തരായ കലാകാരന്മാര്‍ നയിക്കുന്ന കലാപരിപാടികള്‍ എന്നിവ മേളയുടെ മാറ്റുകൂട്ടും. കൂടാതെ സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ സേവനങ്ങളും സൗജന്യമായി വളരെ വേഗത്തില്‍ ഇവിടെ നിന്നും ലഭ്യമാകുന്ന വിധമാണ് മേള വിഭാവനം ചെയ്തിരിക്കുന്നത്. പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കും.

പൊതുജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രദര്‍ശന നഗരിയിലെത്താം.
തീം സ്റ്റാളുകള്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും കേരളത്തിന്‍റെ വികസന ചരിത്രവും ഉള്‍പ്പെടുത്തിയ സ്റ്റാളുകള്‍ മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. ഐ.പി.ആര്‍.ഡി വകുപ്പ് ഒരുക്കുന്ന “എന്‍റെ കേരളം” പവലിയനില്‍ കേരളത്തിന്‍റെ ഇതുവരെയുള്ള വികസന നേട്ടങ്ങളും കേരളത്തിന്‍റെ ചരിത്രവും പ്രദര്‍ശിപ്പിക്കും. ജില്ലയിലെ പ്രധാന ടൂറിസം പദ്ധതികള്‍ പരിചയപ്പെടുത്തുന്ന വിനോദ സഞ്ചാര വകുപ്പിന്‍റെ പവലിയന്‍ സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവമാകും. കേരള പൊലീസ് പവലിയനില്‍ സേനയുടെ വിവിധ ആയുധങ്ങളും ഉപകരണങ്ങളും പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരമൊരുക്കും. പൊലീസ് ഡോഗ് സ്ക്വാഡിന്‍റെ ഡോഗ് ഷോയും വനിതകള്‍ക്കുള്ള സ്വയം പ്രതിരോധ മാര്‍ഗങ്ങളുടെ പരിശീലനവുമുണ്ടാകും. അഗ്നിരക്ഷാസേന, മോട്ടോര്‍ വാഹന വകുപ്പ്, ജയില്‍, കൃഷി വകുപ്പ്, ആരോഗ്യ വകുപ്പ്, വനം തുടങ്ങിയ പ്രധാന വകുപ്പുകളെല്ലാം മേളയുടെ ഭാഗമാകും. ഇതിന് പുറമെ തിരുവനന്തപുരം പ്രിയദര്‍ശനി പ്ലാനറ്റോറിയത്തിന്‍റെ മൊബൈല്‍ എക്സിബിഷന്‍ ബസും വാനനിരീക്ഷണ സംവിധാനമുള്ള ആസ്ട്രോവാനും സന്ദര്‍ശിക്കാനുള്ള അവസരവുമുണ്ടാകും.

വിപണന സ്റ്റാളുകള്‍
മേളയിലെത്തുന്ന പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിവിധങ്ങളായ സാധനങ്ങള്‍ വാങ്ങാനായി വിപുലമായ രീതിയിലുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെയും വകുപ്പുകളുടെയും ചെറുകിട സംരംഭകരുടെയും വിവിധ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ ഇവിടെ നിന്നും വാങ്ങാവുന്നതാണ്. പാല്‍ ഉത്പന്നങ്ങള്‍, വനം വകുപ്പിന്‍റെ വനശ്രീ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍, റെഡിമെയ്ഡ് തുണിത്തരങ്ങള്‍, വിവിധ ഭക്ഷ്യ വസ്തുക്കള്‍, കയര്‍ ഉത്പന്നങ്ങള്‍, തേന്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍, വിവിധ തരം അച്ചാറുകള്‍, തേയില, സുഗന്ധവ്യഞ്ജനങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് വാങ്ങാവുന്ന തരത്തില്‍ നിരവധി വിപണന സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ ഫല വൃക്ഷത്തൈകളും, വിത്തുകളും ചെടികളും, കാര്‍ഷികോപകരണങ്ങളും വാങ്ങാന്‍ കഴിയുന്ന തരത്തില്‍ വിശാലമായ സൗകര്യമുണ്ട്.

മേളയില്‍ ലഭിക്കുന്ന സൗജന്യ സേവനങ്ങള്‍ ഇനി പറയുന്നു :-

*പുതിയ ആധാര്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കല്‍
*ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേര്,മൊബൈല്‍ നമ്പര്‍ എന്നിവ തിരുത്തല്‍
*കുട്ടികള്‍ക്കുള്ള ആധാര്‍ രജിസ്ട്രേഷന്‍
*റേഷന്‍ കാര്‍ഡ് സംബന്ധമായ സേവനങ്ങള്‍
*കെ.എസ്.ഇ.ബിയുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിക്ക് വേണ്ടിയുള്ള രജിസ്ട്രേഷന്‍
*പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷ
*എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേരുചേര്‍ക്കല്‍
*യുണീക്ക് ഹെല്‍ത്ത് ഐ.ഡി രജിസ്ട്രേഷന്‍
*കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റു തിരുത്തല്‍
*അനെര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍
*കൃഷി വകുപ്പിന്‍റെ മൊബൈല്‍ യൂണിറ്റ് വഴി മണ്ണ് പരിശോധന
*ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മൊബൈല്‍ യൂണിറ്റില്‍ വെള്ളം, പാല്‍, ഭക്ഷ്യ എണ്ണ തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണമേന്‍മ പരിശോധിക്കാനുള്ള അവസരം

*ഫുഡ് കോര്‍ട്ട്*

കുടുംബശ്രീ, ഐ.റ്റി.ഡി.പി, മില്‍മ, ജയില്‍ വകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജില്ലയിലെ തനതായ രുചികളും അയല്‍ ജില്ലകളിലെ വിഭവങ്ങളും വിളമ്പുന്ന ഫുഡ് കോര്‍ട്ടുകള്‍ ഉണ്ടാകും. തനത് രുചികള്‍ പരിചയപ്പെടുത്തുന്ന കുടുംബശ്രീയുടെ ആറ് യൂണിറ്റുകളാണ് ഫുഡ് കോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഗോത്രരുചികള്‍ പരിചയപ്പെടുത്തുന്ന ഐ.റ്റി.ഡി.പിയുടെ സ്റ്റാള്‍ പ്രധാന ആകര്‍ഷണമാകും.

*സാംസ്കാരിക പരിപാടികള്‍*

മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന കലാപരിപാടികള്‍ പ്രധാന ആകര്‍ഷണമാണ്. എല്ലാ ദിവസവും വൈകുന്നേരം ഏഴ് മുതല്‍ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ അരങ്ങേറും. മേയ് 15ന് ഉദ്ഘാടന സമ്മേളനത്തിന് ശേഷം പുതുതലമുറയുടെ ഹരമായ “ഊരാളി” ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീതപരിപാടി അരങ്ങേറും. രണ്ടാം ദിവസം കൊല്ലം ശാസ്താംകോട്ട “കനല്‍” മ്യൂസിക് ബാന്‍ഡിന്‍റെ നാടന്‍പാട്ടും തുടര്‍ന്ന് അന്നേ ദിവസം തന്നെ കോഴിക്കോട് പേരാമ്പ്ര മാതാ കലാസമിതിയുടെ 45 കലാകാരന്മാര്‍ മലയാള കാവ്യകലാ പാരമ്പര്യത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന ദൃശ്യ – ശ്രവ്യ പരിപാടിയായ “സര്‍ഗകേരള”വും ഉണ്ടാകും. മൂന്നാം ദിവസം മെയ് 17ന് പ്രശസ്ത സൂഫി ഗായകനായ സമീര്‍ ബിന്‍സിയും സംഘവും സൂഫി സംഗീതം അവതരിപ്പിക്കും. മെയ് 18ന് വിവിധ സംഗീതോപകരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തൃശൂര്‍ “ആട്ടം” കലാസമിതി ഒരുക്കുന്ന ഫ്യൂഷന്‍ സംഗീതം ഉണ്ടാകും. അഞ്ചാം ദിവസം മെയ് 19ന് തിരുവനന്തപുരം നാട്യവേദ കോളേജ് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് അവതരിപ്പിക്കുന്ന കഥക്, ഭരതനാട്യം, മോഹിനിയാട്ടം എന്നിവ അരങ്ങേറും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയുടെ സമാപന സമ്മേളനം നടക്കുന്ന മെയ് 20ന് സമ്മേളന ശേഷം പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറും സംഘവും നയിക്കുന്ന സംഗീത പരിപാടി ഉണ്ടാകും. ഏഴാം ദിവസം മെയ് 21ന് മലയാളിയുടെ പ്രിയ കവി ഒ.എന്‍.വിയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ‘ഓര്‍മകളില്‍ ഒ .എന്‍.വി’ എന്ന പരിപാടിയുമായി പ്രശസ്ത പിന്നണിഗായികയും ഒ.എന്‍.വിയുടെ കൊച്ചുമകളുമായ അപര്‍ണ രാജീവ് നിശാഗന്ധിയില്‍ സംഗീതനിശയൊരുക്കും. മെയ് 22ന് “എന്‍റെ കേരളം” മെഗാ വില്‍പ്പന പ്രദര്‍ശന മേള സമാപിക്കും.

*മാധ്യമ പുരസ്കാരങ്ങള്‍*

“എന്‍റെ കേരളം” മെഗാ വില്‍പ്പന പ്രദര്‍ശന മേളയുടെ ഭാഗമായി മാധ്യമങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഗാ മേളയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗിന് അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കും മികച്ച ഫോട്ടോഗ്രാഫര്‍ക്കും ദൃശ്യമാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കും മികച്ച ക്യാമറാമാനും സമഗ്ര കവറേജിന് ഓണ്‍ലൈന്‍, റേഡിയോ വിഭാഗങ്ങള്‍ക്കും പുരസ്കാരം നല്‍കും. ഇതിന് പുറമെ പി.ആര്‍.ഡിയുടെ നേതൃത്വത്തില്‍ മേള നഗരിയില്‍ മീഡിയ സെന്‍ററും സജ്ജീകരിച്ചിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *