സംസ്ഥാന സര്‍ക്കാര്‍ വാർഷികാഘോഷം: കാണാനുണ്ട് കൺനിറയെ

വയനാട്: കേരളത്തിന്റെ ചരിത്രമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ മെഗാ പ്രദർശന വിപണനമേളയില്‍ കാഴ്ചകള്‍ കാണാനും പങ്കാളികളാകാനും ആദ്യദിവസമെത്തിയത് ആയിരത്തിലധികമാളുകള്‍. മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്. കെ. എം. ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ മെഗാ പ്രദര്‍ശന, വിപണനമേള ആളുകളില്‍ കൗതുകത്തിന്റെ മറ്റൊരനുഭവമാകുന്നു. വയനാടന്‍ പൈതൃകവും,സംസ്‌കാരവും ഓര്‍മിപ്പിക്കുന്ന ടൂറിസം അനുഭവങ്ങളിലൂടെ ആളുകള്‍ നടന്നെത്തുന്നത്സമരങ്ങളും, ചരിത്ര സംഭവങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും കോര്‍ത്തിണക്കിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രദര്‍ശന നഗരിയിലേക്ക്. കെ റെയിലും, തുരങ്കപാതയും, ദേശീയ പാത വികസനവുമെല്ലാം ഓഗ്‌മെന്റ്ഡ് റിയാലിറ്റിയില്‍ നിറഞ്ഞു നില്‍ക്കുന്നത് കുട്ടികൾക്കും മുതിര്‍ന്നവർക്കും പുത്തനനുഭവം നൽകുന്നു. കേരള കലകളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കലാകേരളവും, പഴയകാല ഉപകരണങ്ങളും വാസ്തു മാതൃകയും പരിചയപ്പെടുത്തുന്ന കേരളപ്പഴമയും, ഇ എം എസ് മുതല്‍ പിണറായി വരെയുള്ള കേരള മുഖ്യ മന്ത്രിമാരെ പരിചയപ്പെടുത്തുന്ന നാടിനെ നയിച്ച നായകര്‍ എന്നീ സ്റ്റാളുകള്‍ കാഴ്ചകാരെ ആഘര്‍ഷിക്കുന്നു. ഡിജിറ്റലായ കേരളത്തിന്റെ വിദ്യാഭ്യാസ രംഗം, ദുരന്തമുഖത്ത് നേരിട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍, ആരോഗ്യ രംഗത്തെ അതിജീവനങ്ങള്‍, ജനകീയാസൂത്രണം കേരളത്തിലെ നാഴികക്കല്ല് എന്നിവയുടെ ത്രിമാന ദ്രിശ്യങ്ങള്‍ കാഴ്ചകാർക്ക് പുതിയ അനുഭവമാകുന്നു. സര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍, പ്രദര്‍ശനം,ഭക്ഷ്യ മേള,ഒപ്പം വിവിധ ഉത്പന്നങ്ങളുടെ വിപണനവും ഒരു കുടക്കീഴില്‍ സാധ്യമാകുന്നത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. മെയ് 7 നാരംഭിച്ച മെഗാ പ്രദര്‍ശന വിപണന മേള മെയ് 13 ന് സമാപിക്കും.

Leave Comment