സൈബര്‍ സുരക്ഷാ പരിശീലനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി

വയനാട്:സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനത്തില്‍ ജില്ലയില്‍ തുടക്കമായി. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. പനമരം ഹയർ സെക്കണ്ടറി സ്കൂളില്‍ ജില്ലയിലെ ആദ്യ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നടന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന ചടങ്ങില്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി സതീദേവി, എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ജി.ഇ കെ.ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു. ജി.എച്ച്.എസ്.എസ് പനമരം യൂണിറ്റിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ റോഷിൻ, ഹരിപ്രീത്, ആദിത്യ, നിഹാല ഫാത്തിമ എന്നിവരും കൈറ്റ് മാസ്റ്റര്‍, മിസ്ട്രസ്‍മാരായ അനിൽ ടി. സി, സരിത കെ.സി എന്നിവർ ജില്ലയിലെ ആദ്യ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ കോർഡിനേറ്റർ ശ്രീ. മുഹമ്മദലി സി, മാസ്റ്റർ ട്രെയിനർ കോഓർഡിനേറ്റർ ശ്രീ.ബാലൻ കൊളമക്കൊല്ലി എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.
ജില്ലയില്‍ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 69 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളാണ് പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷത്തില്‍‍ 12000 അമ്മമാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. മെയ് 7 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ 30 പേര്‍ വീതമുള്ള ബാച്ചുകളായി തിരിച്ച് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മാസ്റ്റര്‍മാരും മിസ്ട്രസ്‍മാരും ചേര്‍ന്നാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് പ്രദേശത്തെ ഹൈസ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Leave Comment