സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ജീവനക്കാരും സ്മാര്‍ട്ടാകണം

Spread the love

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ വകുപ്പുകള്‍ സമ്പൂര്‍ണ്ണ ആധുനികവല്‍ക്കരണത്തിന്റെ പാതയിലാണെന്നും ഇതിന്റെ ഭാഗമായി വകുപ്പിന്റെ എല്ലാ സേവനങ്ങളും സ്മാര്‍ട്ടായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഓഫീസുകള്‍ക്കൊപ്പം ജീവനക്കാരും സ്മാര്‍ട്ടാകണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായുള്ള സോഷ്യല്‍മീഡിയ ലാബിന്റെയും, മിനികോണ്‍ഫറന്‍സ് ഹാളിന്റെയും ഉദ്ഘാടനവും പരിഷ്‌കരിച്ച മാന്വലിന്റെ കരട് ഏറ്റ് വാങ്ങലും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കാന്‍ ജീവനക്കാര്‍ക്ക് കഴിയണമെന്നു മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ ചുമതലയേറ്റെടുത്ത ശേഷം 24 ലക്ഷം പരാതികളാണ് വകുപ്പിന് ലഭിച്ചത്. ഇതില്‍ ബഹുഭൂരിപക്ഷം പരാതികളും പരിഹരിക്കാന്‍ കഴിഞ്ഞു എന്നത് വകുപ്പിന്റെ നേട്ടമാണ്. ഇതില്‍ ജീവനക്കാരുടെ പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.സാധാരണക്കാര്‍ നേരിട്ടു ബന്ധപ്പെടുന്ന വകുപ്പാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്. വകുപ്പിന്റെ ഉത്തരവുകളും അറിയിപ്പുകളും മുഴുവന്‍ ജനങ്ങളിലും എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള മാധ്യമമായി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാന്‍ കഴിയും. ഈ ലക്ഷ്യത്തോടൊപ്പം മതിയായ മാധ്യമശ്രദ്ധ ലഭിക്കാതെ പോകുന്ന കണ്‍സ്യൂമര്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന സുപ്രധാന വിധികളടക്കം ജനങ്ങളില്‍ എത്തിക്കാനും സാമൂഹിക മാധ്യമങ്ങളിലൂടെ സാധിക്കും. വകുപ്പിന്റെ ഉത്തരവുകളും ഫോട്ടോകളും വിഡിയോകളും സൂക്ഷിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ ലൈബ്രറിയും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ഈ രംഗത്ത് ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കടക്കം ഇത് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. വിവരസാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് ഗുണകരമായി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് റിസര്‍ച്ച് ചെയ്യുന്നതിനും സോഷ്യല്‍ മീഡിയ ലാബ് ഉപയോഗപ്പെടുത്താമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഇന്റേണല്‍ സെമിനാറുകള്‍ ഉള്‍പ്പെടെയുള്ള മീറ്റിങ്ങുകള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ തയാറാക്കിയ മിനി കോണ്‍ഫറന്‍സ് ഹാളും മന്ത്രി ഉദ്ഘാടനം ചെയ്തു.നാലു പതിറ്റാണ്ടിനു ശേഷം സിവില്‍ സപ്ലൈസ് മാന്വല്‍ പരിഷ്‌കരിക്കുകയാണെന്നും, മാന്വലിന്റെ കരട് സര്‍ക്കാരിലേക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം 2019, ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 എന്നീ നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് മാന്വല്‍ പരിഷ്‌കരിക്കേണ്ടിവന്നത്. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ഫലപ്രദമാകുന്ന രീതിയില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ വിവിധ സോഫ്റ്റ്വെയറുകളെക്കുറിച്ചും, കേരളത്തിന്റെ പൊതുവിതരണ ചരിത്രത്തെക്കുറിച്ചുമുള്ള സമഗ്രമായ വിവരങ്ങള്‍ ഈ മാന്വലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ റേഷനിങ് കണ്‍ട്രോളര്‍ ശ്രീലത സ്വാഗതവും ചീഫ് അക്കൗണ്ടസ് ഓഫീസര്‍ സുബാഷ് നന്ദിയും രേഖപ്പെടുത്തി.