ഭക്ഷ്യ സുരക്ഷാ പരിശോധന തുടരും : മന്ത്രി വീണാ ജോര്‍ജ്

Spread the love

രണ്ട് ദിവസങ്ങളിലായി 484 സ്ഥാപനങ്ങള്‍ പരിശോധിച്ചു

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെയും ഇന്നുമായി 484 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 46 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 186 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 33 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 19 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. കഴിഞ്ഞ 12 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2857 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 263 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 962 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 367 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 212 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആകെ 419 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 6 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചു. 55 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഉപയോഗ ശൂന്യമായ 378 പാല്‍ പാക്കറ്റുകള്‍, 43 കിലോഗ്രാം പഴങ്ങള്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6565 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4372 പരിശോധനകളില്‍ 2354 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 93 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 595 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 147 സര്‍വയലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു. 5 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

Author