പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായി കൂടുതൽ പദ്ധതികളെന്ന് മന്ത്രി വി ശിവൻകുട്ടി

Spread the love

ചോലനായ്ക്കര്‍ വിഭാഗത്തിനായി വനത്തിനുള്ളില്‍ ‘പഠനവീട് ‘; പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായി കൂടുതൽ പദ്ധതികളെന്ന് മന്ത്രി വി ശിവൻകുട്ടി.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പ്രാക്തന ഗോത്ര വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നതി ലക്ഷ്യമിട്ട് വനത്തിനുള്ളില്‍ ‘പഠനവീട്’ ഒരുക്കി. വാസ കേന്ദ്രിത വിദ്യാഭ്യാസം എന്ന സമഗ്രശിക്ഷാ കേരളയുടെ പദ്ധതിയുടെ ഭാഗമായാണ് ‘പഠനവീട്’ ഒരുക്കിയത്.

ചോലനായ്ക്കരിലെ കുട്ടികള്‍ക്കുവേണ്ടിയാണ് പൈലറ്റ് പദ്ധതിയായി “പഠനവീട്” ആരംഭിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ വനമേഖലയിലെ ഉള്‍പ്രദേശമായ പുലിമണ്ടയിലാണ് വിദ്യാഭ്യാസ പരിശീലനം നടപ്പിലാക്കുന്നത്. ചോലനായ്ക്കരുടെ ഭാഷയിലും സംസ്കാരത്തിലും ജീവിത രീതിയിലും ബാഹ്യസമൂഹത്തിന് നേരിട്ട് ഇടപെടാന്‍ കഴിയാത്തതിനാലും ഇവർ മുഖ്യധാരയിലേക്ക് ഇടപഴകാന്‍ ആഗ്രഹിക്കാത്തവരുമായതിനാല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് ഭാഷാപരമായി നേരിടുന്ന പ്രതിസന്ധിയാണ് ഇവര്‍ക്കായി ഒരുക്കിയിട്ടുള്ള പൊതുവിദ്യാലയങ്ങളില്‍ പോലും കുട്ടികള്‍ എത്തിച്ചേരാത്തതിനുള്ള കാരണമായി സമഗ്രശിക്ഷാ കേരളം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

ഇത്തരം കുട്ടികളുടെ ജീവിത ചുറ്റുപാടുമായി ബന്ധപ്പെട്ടുള്ള പാഠഭാഗങ്ങള്‍ ചോലനായ്ക ഭാഷയില്‍ തന്നെ തയ്യാറാക്കിയും ആകര്‍ഷകമായ ചിത്രങ്ങളുടെ സഹായത്തോടെയും അവതരണം നടത്തിയുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചോലനായ്കര്‍ വിഭാഗം ചെറുകൂട്ടമായി അധിവസിക്കുന്ന ‘ചെമ്മങ്ങൾ’തമ്മിലുള്ള വനാന്തര്‍ഭാഗത്തെ ദൂരവും എത്തിച്ചേരുന്നതിലെ പ്രായോഗികതലവും ക്രമപ്പെടുത്തിയാണ് സമഗ്രശിക്ഷാ കേരളം ചോലനായ്കര്‍ അധിവസിക്കുന്ന ഇടത്ത് തന്നെ പഠന കേന്ദ്രമൊരുക്കി പരിശീലനം നല്‍കുന്നത്.

ആദിവാസി ഗോത്രമേഖലയിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ കൃത്യമായി ഇവരെ എത്തിക്കുവാനും പ്രക്തനാ വിഭാഗമായ ഇവര്‍ക്ക് തുടര്‍ച്ചയായ വിദ്യാഭ്യാസം നല്‍കുന്നതിനും വേണ്ടിയാണ് പ്രത്യേകത നിറഞ്ഞ പഠനവീട് പരിശീലനം ആരംഭിച്ചിട്ടുള്ളത്. ചോലനായ്ക ഊരില്‍ നിന്നുള്ള അംബികയാണ് പഠനവീട്ടിലെ അധ്യാപിക. മേഖലയില്‍ നിന്ന് സ്കൂളില്‍ ചേര്‍ന്നിട്ടില്ലാത്ത 13 കുട്ടികള്‍ ഉള്‍പ്പെടെ മുപ്പതോളം കുട്ടികളാണ് പഠനവീട്ടില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ചോലനായ്ക അളകള്‍ സന്ദര്‍ശിച്ച് ഊരുമൂപ്പന്മാര്‍, എസ്.ടി പ്രൊമോട്ടര്‍മാര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവരുമായി ആശയ വിനിമയം നടത്തിയശേഷമാണ് സമഗ്രശിക്ഷാ കേരളം ഡയറക്ടര്‍ ഡോ. സുപ്രിയ എ.ആര്‍- ന്‍റെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. ടി.പി. കലാധരന്‍, സമഗ്രശിക്ഷാ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാരായ സിന്ധു. എസ്.എസ്, ഷൂജ. എസ്.വൈ, ചോലനായ്ക വിഭാഗത്തില്‍ നിന്നുള്ള കുസാറ്റ് ഗവേഷക വിദ്യാര്‍ത്ഥി വിനോദ് മാഞ്ചീരി, മലപ്പുറം മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റജീന, മുണ്ടക്കടവ് അംഗനവാടി അധ്യാപിക പിങ്കി, ഡോ. രമേഷ്, സമഗ്രശിക്ഷാ കേരളം നിലമ്പൂര്‍ ബി.പി.സി മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

നിലവില്‍ പരിശീലന പരിപാടിയായി നടപ്പിലാക്കുന്ന പദ്ധതിയെ മറ്റ് ഗോത്ര മേഖലകളിലേക്കും കൂടി വ്യാപിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായി കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Author