തൃക്കാക്കരയിലെ വിജയം;മുഖ്യമന്ത്രി ദുര്‍ബലനായെന്ന് കെ.സുധാകരന്‍ എംപി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ തിളക്കമാര്‍ന്ന വിജയത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍ബലമായ ഇടതുമുന്നണിയുടെ നേതാവായിമാറിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. എല്‍ഡിഎഫിന്‍റെ ക്യാപ്റ്റന്‍ നിലംപരിശായി. ഇടതുസര്‍ക്കാരിന്‍റെ ഭരണത്തിന്‍റെ

വിലയിരുത്തലാണെന്നാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്‍വീനറും മന്ത്രിമാരും പറഞ്ഞ് നടന്നത്. അങ്ങനെയെങ്കില്‍ ദയനീയ പരാജയത്തോടെ ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവെയ്ക്കണം. അതിന് മുഖ്യമന്ത്രി തയ്യാറാകുമോയെന്ന് അറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.കണ്ണൂര്‍ ഡിസിസിയില്‍ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സര്‍ക്കാരിനെതിരായി തൃക്കാക്കരയുടെ ജനഹിതത്തിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും വികാരമാണ് പ്രതിഫലിച്ചത്. നാടിന്‍റെ വികാരവും വിചാരവും ചിന്തയും രോക്ഷവും ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായി. അന്തസ്സും ആത്മാഭിമാനവും ഉണ്ടെങ്കില്‍ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

ഉപതിരഞ്ഞെടുപ്പില്‍ കോടികളുടെ ധൂര്‍ത്ത് നടത്തിയിട്ടും കള്ളവോട്ട് ചെയ്തിട്ടും ജനങ്ങളെ ജാതിയമായി ഭിന്നിപ്പിക്കാന്‍ നോക്കിയിട്ടും എല്‍ഡിഎഫിനെ ജനം തോല്‍പ്പിച്ചു. വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കി കള്ളവോട്ട് ചെയ്യാന്‍ കണ്ണൂരില്‍ നിന്ന് വരെ സിപിഎം പ്രവര്‍ത്തകരെ തൃക്കാക്കരയില്‍ എല്‍ഡിഎഫ് ഇറക്കി.മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുപക്ഷ എംഎല്‍എമാരും നേതാക്കളും ക്യാമ്പ്‌ ചെയ്ത് തിരഞ്ഞെടുപ്പ് നയിച്ചിട്ടും ഫലം കണ്ടില്ല. ജനങ്ങളെ വര്‍ഗീയവത്കരിച്ച് രണ്ടു ചേരിയില്‍ നിര്‍ത്താനും ശ്രമിച്ചു. കേരളത്തിലെ ജനങ്ങളുടെ മതേതര ജനാധിപത്യ ബോധത്തെ പോലും സിപിഎമ്മും മന്ത്രിമാരും ചോദ്യം ചെയ്തു. അതിനെല്ലാമേറ്റ കനത്തപ്രഹരം കൂടിയാണ് ഉമ തോമസിന്‍റെ വിജയം.

കെ-റെയില്‍; പുതിയ രൂപരേഖയില്‍ ജനവാസ മേഖലകള്‍ ഒഴിവാക്കും - Malabar News -  Most Reliable & Dependable News Portal

എല്‍ഡിഎഫിന്‍റെ ജനവിരുദ്ധ വികസന കാഴ്ചപ്പാടും സിപിഎമ്മിന്‍റെ സാമ്പത്തിക താല്‍പ്പര്യവുമല്ല കേരളത്തിലെ ജനങ്ങളുടെ വികസനബോധവും ഹിതവുമെന്നും തൃക്കാക്കരയില്‍ യുഡിഎഫിന്‍റെ വിജയത്തിലൂടെ തെളിഞ്ഞു. എല്‍ഡിഎഫിനെ ദയനീയമായി പരാജയപ്പെടുത്തി കേരളത്തിലെ ജനങ്ങള്‍ക്ക് കെ.റെയില്‍ വേണ്ടെന്ന പ്രഖ്യാപനമാണ് തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ നടത്തിയത്. പരാജയത്തില്‍ നിന്ന് പാഠം പഠിക്കാനും തെറ്റുതിരുത്താനും മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകണം.

കോണ്‍ഗ്രസിന്‍റെ പുതിയ മുഖവും പ്രവര്‍ത്തന ശെെലിയുമാണ് തൃക്കാക്കരയില്‍ കണ്ടത്. കേരളത്തില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന കോണ്‍ഗ്രസ് ഇതാണ്. ലോകസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പടയോടത്തിന്‍റെ സൂചനകൂടിയാണ് ഇൗ വിജയം.ഒറ്റക്കെട്ടായാണ് യുഡിഎഫും കോണ്‍ഗ്രസും തിരഞ്ഞെടുപ്പിനെ നേരിട്ടത്. യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും ഉന്നത നേതാക്കള്‍ തൃക്കാക്കരയില്‍ ക്യാമ്പ്‌ ചെയ്ത് നാളിതുവരെ കണ്ടിട്ടില്ലാത്ത ചിട്ടായായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തിയത്. അതിന്‍റെ കൂടി വിജയമാണിത്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പ്രവര്‍ത്തനം കണ്ട് എല്‍‍ഡിഎഫ് തന്നെ അമ്പരന്നുപോയിട്ടുണ്ട്.ഉമ തോമസിന്‍റെ മിന്നുന്ന വിജയത്തിനായി പ്രവര്‍ത്തിച്ച യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും പ്രവര്‍ത്തകരോട് നന്ദി രേഖപ്പെടുത്തുന്നു. പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്‍റെയും ആത്മാര്‍പ്പണത്തിന്‍റെയും വിജയം കൂടിയാണ് തൃക്കാക്കരയില്‍ യുഡിഎഫിന്‍റെതെന്നും സുധാകരന്‍ പറഞ്ഞു.

Leave Comment