തൃക്കാക്കരയിലെ ഉജ്ജ്വല വിജയത്തിനു ശേഷം ഇന്ദിരാഭവനിൽവെച്ച് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്

സെഞ്ചുറി അടിക്കുമെന്ന് പറഞ്ഞവരെ ജനങ്ങൾ ക്ലീൻ ബൗൾഡ് ആക്കിയെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഉള്‍പ്പെടെ നേതൃത്വം കൊടുത്തിട്ടും തൃക്കാക്കരയിലെ ജനങ്ങള്‍ തളളിക്കളഞ്ഞ എല്‍ഡിഎഫിനെയാണ് കാണാന്‍ കഴിയുന്നത്.ജനവിരുദ്ധമായ നയങ്ങള്‍ തുടരുന്ന എല്‍ഡിഎഫിനെതിരായി ശക്തമായ ജനവിധിയാണ് ഉണ്ടായത്. ജാതിയും മതവും പറഞ്ഞ് മന്ത്രിമാര്‍ വീടുകളില്‍ കയറിയിറങ്ങി നടന്നിട്ടും തൃക്കാക്കരയിലെ മതേതരവിശ്വാസികളായ ജനങ്ങള്‍ എല്‍ഡിഎഫിന്‍റെ അഭ്യര്‍ത്ഥന തളളിക്കളഞ്ഞ് ഉമാ തോമസിന് വമ്പിച്ച വിജയമാണ് നല്‍കിയത്. ഇത് യുഡിഎഫിന്‍റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്ന ഒന്നാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്നുളളതാണ് ഈ

തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വെച്ച എല്ലാത്തിനെയും ജനങ്ങള്‍ തളളിക്കളഞ്ഞിരിക്കുന്നു. കെ -റെയിലിന് എതിരെ ജനങ്ങൾ ശക്തമായ വികാരം പ്രകടിപ്പിച്ചത് എടുത്തുപറയേണ്ട ഒന്നാണ്. യുഡിഎഫ് ഒരു കാലത്തും ഉണ്ടാകാത്ത രീതിയില്‍ ഒറ്റക്കെട്ടായി ഒരുമിച്ച് നടത്തിയ പ്രവര്‍ത്തനമായിരുന്നു തൃക്കാക്കരയില്‍ കാണാന്‍ സാധിച്ചത്. എല്ലാ നേതാക്കന്‍മാരും പ്രവര്‍ത്തകരും ഒരു മനസ്സോടെ ഒറ്റക്കെട്ടായി ഇറങ്ങി പ്രവര്‍ത്തിച്ച് വിജയം നേടിയിരിക്കുന്നു. പി.റ്റി. തോമസിന്‍റെ സഹധര്‍മ്മിണി എന്നനിലയില്‍ ഉമാ തോമസിന്റെ പ്രവര്‍ത്തനം അങ്ങേയറ്റം അഭിനന്ദിക്കപ്പെടേണ്ടതാണ്. വളരെ പക്വതയോടെ, യാഥാര്‍ത്ഥ്യബോധത്തോടെ, വിനയത്തോടെ ആണ് അവർ വോട്ടര്‍മാരെ സമീപിച്ചത്. ഈ ജനവിധി കേരളത്തിലെ യുഡിഎഫിന് ജനങ്ങള്‍

നല്‍കിയ വമ്പിച്ച പിന്തുണയായി ഞാന്‍ കണക്കാക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ ദുര്‍ഭരണത്തിനെതിരായി ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിനുളള ഏറ്റവും നല്ല തെളിവാണ് തൃക്കാക്കരയില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. തൃക്കാക്കര ജനവിധിയിലൂടെ ഈ ഗവണ്‍മെന്‍റ് പാഠം പഠിക്കുമെന്ന് ഞാന്‍ കരുതുന്നു. ജനവിരുദ്ധ നയങ്ങള്‍ തിരുത്തുമെന്ന് ഞാന്‍ കരുതുന്നു. ഇനി ഒരിടത്തും മഞ്ഞക്കുറ്റിയുമായി വന്ന് കല്ലിടാന്‍ ഈ ഗവണ്‍മെന്‍റ് തയ്യാറാകില്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ജനവികാരം മനസ്സിലാക്കാതെ ജനങ്ങളുടെ മേല്‍ കുതിര കയറുന്ന ഏകാധിപതിയായ പിണറായി വിജയനുളള ശക്തമായ തിരിച്ചടിയായി ഈ

തെരഞ്ഞെടുപ്പിനെ നമുക്ക് വിലയിരുത്തുവാന്‍ സാധിക്കും. ജനങ്ങള്‍ നല്‍കിയ ഈവിധിയെ വളരെ വിനീതമായി ഞങ്ങള്‍ സ്വീകരിക്കുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഒറ്റക്കെട്ടായി ഞങ്ങള്‍ മുന്നോട്ട് പോകും. കേരളത്തിൽ യുഡിഎഫിന്‍റെ തിരിച്ചുവരവിന് ഇത് കളമൊരുക്കും. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിനെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാരോടും നന്ദി രേഖപ്പെടുത്തുകയാണ്.

*ചോദ്യങ്ങൾക്കുള്ള മറുപടി*

ജില്ലാ സെക്രട്ടറി മോഹനന്‍ മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ് .മുഖ്യമന്ത്രി അവിടെ താമസിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എല്ലാ ഔദ്യോഗികപരിപാടികളും ക്യാബിനറ്റ് യോഗം പോലും മാറ്റിവെച്ച് മുഖ്യമന്ത്രി അവിടെ താമസിച്ച് നടത്തിയ ഇലക്ഷന്‍ പ്രചരണത്തിന് ഫലം കണ്ടില്ല. ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചില്ല .ജനങ്ങള്‍ മുഖ്യമന്ത്രിയെ തളളിക്കളഞ്ഞു എന്നുളളതിന്‍റെ ഉദാഹരണമാണ് പി.ടി. തോമസിനേക്കാള്‍ വലിയ വിജയം ഇവിടെ ലഭിച്ചത്.

Leave Comment