ട്രോളിംഗ് നിരോധനം വ്യാഴാഴ്ച (ജൂണ്‍ 9 ) അര്‍ധരാത്രി മുതല്‍

Spread the love

ആലപ്പുഴ: ജില്ലയില്‍ ട്രോളിംഗ് നിരോധനം വ്യാഴാഴ്ച (ജൂണ്‍ ഒമ്പത്) അര്‍ധരാത്രി നിലവില്‍ വരും. ജൂലൈ 31 വരെയാണ് നിരോധനം.
നിരോധനം തുടങ്ങുന്നതിന് മുന്‍പ് അന്യ സംസ്ഥാന ബോട്ടുകള്‍ കേരള തീരം വിട്ട് പോകണമെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇന്ന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകള്‍ കടലില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പോലീസും ഉറപ്പുവരുത്തും.നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. നിരോധന കാലത്ത് ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമാണ് അനുവദിക്കുക. കടലില്‍ പോകുന്ന തൊഴിലാളികള്‍ ആധാര്‍ കാര്‍ഡ് കൈവശം കരുതണം.നിരോധന കാലത്തെ പട്രോളിംഗിനായി ഫിഷറീസ് വകുപ്പ് രണ്ട് ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വൈപ്പിനിലും അഴീക്കലുമാണ് ഇവ ബര്‍ത്ത് ചെയ്യുക. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ആറു സീ റെസ്‌ക്യൂ ഗാര്‍ഡുകളുടെ സേവനം ഉണ്ടാകും. അടിയന്തര സാഹചര്യം നേരിടുന്നതിന് പ്രത്യേക പരിശീലനം നേടിയ റസ്‌ക്യൂ ഗാര്‍ഡുകളുടെ സേവനവും ലഭ്യമാകും. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും.ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ട്രോളിംഗ് നിരോധനത്തിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി.അര്‍ത്തുങ്കല്‍ പോലീസ് സ്റ്റേഷനില്‍ പട്രോളിംഗിനായി ഉപയോഗിക്കുന്ന ബോട്ടിന്റെ തകരാര്‍ അടിയന്തിരമായി പരിഹരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Author