വിലക്കേണ്ട അണ്‍പാര്‍ലമെന്‍ററി വാക്ക് മോദിയെന്നതാണെന്ന് കെ.സുധാകരന്‍ എംപി

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ അണ്‍പാര്‍ലമെന്‍ററി വാക്കുകളായി പ്രഖ്യാപിച്ചവയില്‍ ഏറിയവയും മോദിയെന്ന പേരിന്‍റെ വിശേഷണങ്ങളും പര്യായങ്ങളുമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

ജനങ്ങളുടെ മനസ്സില്‍ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്ന വാക്കുകളാണ് മോദിയും ബിജെപിയും.പാര്‍ലമെന്‍റിലെ ഇരുസഭകളിലും പ്രതിനിധികളുടെ നാവിന് കടിഞ്ഞാണിടാന്‍ പ്രഖ്യാപിച്ച അണ്‍പാര്‍ലമെന്‍ററി വാക്കുകളുടെ പട്ടികയില്‍ ‘മോദിയും ബിജെപിയും’ എന്നൂകൂടി ചേര്‍ത്താല്‍ എല്ലാം തികയും. സഭ്യതയ്ക്ക് നിരക്കാത്ത ചെയ്ത്താണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവ രണ്ടും ജനങ്ങളോട് കാട്ടുന്നത്.മോദിയും കൂട്ടരും നടത്തുന്ന നെറികേടുകള്‍ക്കെതിരായ എതിര്‍ ശബ്ദങ്ങളുടെ മൂര്‍ച്ച കുറയ്ക്കാനും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുമുള്ള തുഗ്ലക് പരിഷ്കാരമാണ് സഭയില്‍ നടപ്പാക്കാന്‍ പോകുന്നത്. മൗഢ്യം വിഡ്ഢിയുടെ കൂടപിറപ്പെന്നതിന് തെളിവാണ് ഇൗ നടപടി. പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തെയും പ്രവൃത്തിയേയും പ്രതിഫലിക്കുന്ന പദപ്രയോഗം പ്രതിപക്ഷം നടത്തുമ്പോള്‍ അദ്ദേഹം എന്തിനാണ് ഇത്രയേറെ അരിശം കൊള്ളുകയും അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുന്നത്. നല്ലത് ചെയ്താലെ ആളുകള്‍ നല്ലതുപറയുയെന്ന കാര്യം മനസിലാക്കാനുള്ള വിവേകം പോലുമില്ലാത്ത ബുദ്ധിശൂന്യനാണ് ഇന്ത്യയുടെ ഇന്നത്തെ പ്രധാനമന്ത്രിയെന്നത് നാണക്കേടാണ്. അദ്ദേഹം അര്‍ഹിക്കുന്ന പദപ്രയോഗം എന്തായാലും സഭയ്ക്കകത്തും പുറത്തും തുടരാനാണ് ലോകസഭാംഗം എന്ന നിലയില്‍ ഞാനാഗ്രഹിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Leave Comment