കേരളത്തെ നവവൈജ്ഞാനിക സമ്പദ്വ്യവസ്ഥയാക്കി മാറ്റി തൊഴിലില്ലായ്മ തുടച്ചുനീക്കും

Spread the love

കേരളത്തെ ഒരു വൈജ്ഞാനിക സമൂഹവും, നവവൈജ്ഞാനിക സമ്പദ്വ്യവസ്ഥയുമാക്കി മാറ്റി തൊഴിലില്ലായ്മ ഘട്ടം ഘട്ടമായി കുറച്ച് പൂർണമായും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അടുത്ത നാല് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പല കാരണങ്ങളാൽ പഠനം മുടങ്ങിയ വനിതകൾക്ക് ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദപഠനവും അസാപ് കേരള വഴി നൈപുണ്യ പരിശീലനവും നൽകുന്ന കാസർകോട് ജില്ലാ പഞ്ചായത്തിന്റെ ദർപ്പണം പദ്ധതി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 250 വനിതകൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. തുടർ വർഷങ്ങളിൽ പദ്ധതി വ്യാപിപ്പിക്കും. ഒരു ഗുണഭോക്താവിന് ഇരുപതിനായിരം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. രണ്ടായിരം രൂപയാണ് ഗുണഭോക്തൃ വിഹിതം.പ്ലസ്ടുവും തുല്യതാ പഠനവും പൂർത്തിയാക്കിയ വനിതകൾക്ക് ബിരുദ പഠനത്തിന് മുന്നോടിയായി അസാപ് കേരള ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവും ഡിജിറ്റൽ ലിറ്ററസിയും, അതോടൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളായ ആർട്ടിസനൽ ബേക്കറി, കമ്മ്യൂണിറ്റി മൊബിലൈസർ, അക്കൗണ്ടിംഗ് ടെക്നീഷ്യൻ എന്നിവയിൽ പരിശീലനം നൽകും. അസാപിന്റെ സ്‌കിൽ കോഴ്സുകൾ ക്രെഡിറ്റായി പരിഗണിച്ചുകൊണ്ട് പരിശീലനം പൂർത്തിയാക്കുന്ന മുറയ്ക്ക് ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദപഠനം ആരംഭിക്കും. കുടുംബശ്രീ മിഷനാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല.

Author