പത്തനംതിട്ടയെ ഭരണഘടന സാക്ഷര നഗരമാക്കും : ചെയര്‍മാന്‍

Spread the love

വെല്ലുവിളികള്‍ നേരിടുന്ന ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള പത്തനംതിട്ട നഗരസഭയുടെ പദ്ധതികള്‍ക്ക് ഇന്ന് ( 20/08/2022) തുടക്കമാകും. നഗരത്തിലെ ആബാലവൃദ്ധം ജനങ്ങളെയും ഭരണഘടനാ സാക്ഷരരാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഭരണഘടന സാക്ഷരതാ പ്രവര്‍ത്തനത്തിനുള്ള പരിശീലകരെ സേവനസന്നദ്ധതയുള്ള നഗരസഭാ പ്രദേശത്തെ സ്ഥിര താമസക്കാരില്‍ നിന്നും കണ്ടെത്തും.

അവര്‍ക്കുള്ള പരിശീലനം കിലയുടെ നേതൃത്വത്തില്‍ നടത്തി പരിശീലകര്‍ ഭവന സന്ദര്‍ശനവും ചെറു യോഗങ്ങളിലൂടെയും നഗരവാസികളെ ഭരണഘടനാ സാക്ഷരരാക്കുന്ന വിപുലമായ പ്രവര്‍ത്തനങ്ങളാണ് നഗരസഭ വിഭാവനം ചെയ്തിട്ടുള്ളത്. കില, സാക്ഷരതാ മിഷന്‍, കുടുംബശ്രീ, ലീഗല്‍ സര്‍വീസ് അതോറിറ്റി, ബാര്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

നാളെ രാവിലെ പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ഉദ്ഘാടന യോഗം പ്രശസ്ത പ്രഭാഷകനും ശ്രീ ശങ്കരാചാര്യ സര്‍വകലാശാല അധ്യാപകനുമായ ഡോ. സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാവുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യാതിഥിയാകും.

 

Author