വിഴിഞ്ഞം സമരം;വികസനത്തിനൊപ്പം ജനങ്ങളുടെ താല്‍പ്പര്യവും സംരക്ഷിക്കണമെന്ന് ശശി തരൂര്‍ എംപി

Spread the love

തീരദേശവാസികള്‍ നടത്തുന്ന വിഴിഞ്ഞം സമരത്തില്‍ വികസനത്തിനൊപ്പം ജനങ്ങളുടെ താല്‍പ്പര്യവും സംരക്ഷിക്കണമെന്ന് ശശി തരൂര്‍ എംപി. വാട്ടര്‍ ആതോറിറ്റിയില്‍ ശമ്പളപരിഷ്‌ക്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് വെള്ളയമ്പലം ഹെഡ് ഓഫീസ് പടിക്കല്‍ കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേന്റെ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല സമരത്തിന്റെ 50ാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ പുനരധിവാസം ഉറപ്പ് നല്‍കിയിട്ടും അത് നടപ്പാക്കാതിരുന്നത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. സര്‍ക്കാര്‍ തീരദേശവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉചിതമല്ലെന്നും തരൂര്‍ പറഞ്ഞു.

വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി പോലുള്ള പൊതുമേഖ ജീവനക്കാര്‍ക്ക് ജോലി ചെയ്തിട്ടും ശമ്പളം നല്‍കാത്ത നടപടി സര്‍ക്കാരിന്റെ അനാസ്ഥയാണ് പ്രകടമാക്കുന്നത്.ശമ്പളം ആരുടെയും ഔദാര്യമല്ല.അത് തൊഴിലാളിയുടെ അവകാശമാണ്.വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സമരം അമ്പത് ദിവസം പിന്നിട്ടിട്ടും ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്.മുന്‍കാലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയ ഉടന്‍ വാട്ടര്‍ അതോറിറ്റിയിലും പെ റിവിഷന്‍ നടപ്പാക്കുമായിരുന്നു.അതേസമയം 2019 ജൂലൈ 1 ന് ശമ്പള പരിഷ്‌ക്കരണ കാലാവധി അവസാനിച്ചു. ഇന്നേക്ക് മൂന്ന് വര്‍ഷമായി വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് സമരത്തിലാണ്. ജീവനക്കാരുടെ പിച്ചചട്ടിയില്‍ കയ്യിട്ട് വാരുന്ന സമീപനമാണ് സര്‍ക്കാരിന്റെത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വെള്ളക്കര കുടിശിക ഇനത്തില്‍ 2300 കോടി രൂപയോളം കിട്ടാനുണ്ട്. അത് കാര്യക്ഷമമായി പരിച്ചെടുത്ത് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജലവിഭവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും തരൂര്‍ കുറ്റപ്പെടുത്തി.

കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി ബിജു, പി രജേഷ്, പി സന്ധ്യ, ഷൈജു റ്റി എസ്,ജോയല്‍ സിങ്, വി.വിനോദ്, സി.സുഭാഷ്,പിഎസ് ഷാജി,റിജിത്ത് ചന്ദ്രന്‍, സുബേഷ്, എഐസിസി അംഗം കെ.എസ് ഗോപകുമാര്‍, മണ്ണാംമൂല രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Author