സ്റ്റാർട്ടപ്പുകൾക്ക് സ്റ്റാറാക്കാൻ 20 ലക്ഷം രൂപ വരെ ഗ്രാന്റ്

Spread the love

നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റാൻ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പിന്തുണാ സംവിധാനവുമായി സർക്കാർ. കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി നൽകുന്ന “ഇന്നൊവേഷൻ ഗ്രാന്റ്” പദ്ധതി അത്തരത്തിലൊരു സാമ്പത്തിക പിന്തുണാസംവിധാനമാണ്. ഇതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്ക് 20 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. അറിവും നൈപുണ്യവും കൈമുതലായ വിജ്ഞാന സമ്പദ് വ്യവസ്ഥയായി കേരളത്തെ മാറ്റിത്തീർക്കാനുള്ള സർക്കാരിന്റെ വിവിധ നടപടികളുടെ ഭാഗമായാണ് ഈ പദ്ധതി.പ്രാരംഭഘട്ടത്തിൽ സ്റ്റാർട്ടപ്പുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും ഈ പദ്ധതിയിലൂടെ സർക്കാർ post

ലക്ഷ്യമിടുന്നു. നൂതനാശയങ്ങളെ സംരംഭങ്ങളായി വളർത്താനും അവ വഴിയുണ്ടാകുന്ന ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനും ഈ ഗ്രാന്റ് ഉപകരിക്കും. വനിതകൾക്കും ട്രാൻസ്ജെൻഡറുകൾക്കും അവരുടെ ആശയത്തെ മികച്ച സംരംഭങ്ങളാക്കി രൂപപ്പെടുത്തുന്നതിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. സാധുതയുള്ള നൂതനാശയങ്ങളുമായി സമീപിക്കുന്ന ഏതൊരു സംരംഭകനും സർക്കാർ പിന്തുണ ഉറപ്പുവരുത്തും. അപേക്ഷകർ സാങ്കേതിക വൈദഗ്‌ധ്യമുള്ളവരാണമെന്ന് യാതൊരു നിർബന്ധവും സർക്കാരിനോ സ്റ്റാർട്ടപ്പ് മിഷനോ ഇല്ല.
കഴിഞ്ഞ വർഷം 183 ഓളം നൂതന ആശയങ്ങൾക്കായി 8.5 കോടിയോളം രൂപയാണ് സ്റ്റാർട്ടപ്പ് മിഷൻ സാങ്ഷൻ ചെയ്തത്. അതിൽ 5 കോടിയോളം രൂപ വിതരണം ചെയ്തുകഴിഞ്ഞു. കേരളത്തിൽ വെഞ്ച്വർ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് വഴി ഉയർന്നുവന്ന ഭൂരിഭാഗം സ്റ്റാർട്ടപ്പുകളും ഗവൺമെന്റിന്റെ ഇന്നൊവേഷൻ ഗ്രാന്റ് ലഭ്യമായവരാണ്.
ആർജവത്തോടെ നടപ്പിലാക്കി വരുന്ന ഇത്തരം പദ്ധതികൾ വഴി 3,900 ഓളം സ്റ്റാർട്ടപ്പുകളെ വളർത്തിക്കൊണ്ടുവരാൻ നമുക്കായി. 2026 ഓടെ 15,000 സ്റ്റാർട്ടപ്പുകൾ കൂടിയാരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിൽ വലിയ കുതിപ്പ് സൃഷ്ടിക്കാൻ നമുക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Author