ഹൂസ്റ്റൺ: 1000 പേരുടെ ക്ഷണിയ്ക്കപ്പെട്ട സദസ്സ് ! ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യങ്ങളായ നേതാക്കൾ നിറഞ്ഞു നിന്ന വേദി! കേരളത്തിൽ നിന്നും എത്തിയ ജലവിഭവ വകുപ്പ് മന്ത്രി! ഹാൾ ഓഫ് ഫെയിം അവാർഡുകൾക്കും അമേരിക്കയിലെ വിവിധ കർമ്മ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കും അവാർഡുകൾ ഏറ്റുവാങ്ങാൻ വന്ന വിശിഷ്ട വ്യക്തികൾ!! തുടര്ച്ചയായി 5 മണിക്കൂർ കണ്ണഞ്ചിപ്പിക്കുന്ന വര്ണപ്പകിട്ടാർന്ന

കലാപരിപാടികൾ ഒരുക്കി കലാകാരന്മാരും കലാകാരികളും !!! സൗത്ത് ഇന്ത്യൻ യുഎസ്‌ ചേംബർ ഓഫ് കോമേഴ്‌സിന്റെ പത്താം വാർഷികം ചരിത്ര സംഭവമാക്കി അഭിമാനത്തോടെ ഡയറക്ടർ ബോർഡ് അംഗങ്ങളും!

സൗത്ത് ഇന്ത്യൻ ചേംബർ യുഎസ്‌ ചേംബർ ഓഫ് കോമേഴ്‌സ്‌(എസ്ഐയുസിസി) പത്താം വാർഷികാഘോഷ പരിപാടികൾ സെപ്റ്റമ്പർ 11 നു ഞായറാഴ്ച

ഹൂസ്റ്റണിലെ വിശാലവും മനോഹരവുമായ ജിഎസ്‌എച്ച് ഇവെന്റ്റ് സെന്ററിൽ വച്ച് പ്രൗഢഗംഭീരമായി നടത്തി. 5 മണിക്ക് സോഷ്യൽ ഹവർ ആരംഭിച്ചപ്പോൾ തന്നെ നൂറു കണക്കിന് അതിഥികൾ എത്തി തുടങ്ങി. കൃത്യം ആറുമണിക്ക് മുൻപ് തന്നെ ക്ഷണിക്കപ്പെട്ട അതിഥികളെ കൊണ്ട് ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു. 6 മണിക്ക് അമേരിക്കൻ ദേശീയഗാനത്തോടോപ്പം 9/11 ഓർമ്മ പുതുക്കലിന്റെയും ഭാഗമായി എല്ലാവരും എഴുനേറ്റു നിന്ന് ആദരവ് പ്രകടിപ്പിച്ചു.

ലോക പ്രശസ്ത നർത്തകി കലാശ്രീ ഡോ.സുനന്ദ നായർ ആൻഡ് ടീമിന്റെ പ്രാർത്ഥന നൃത്തത്തോടെയായിരുന്നു. 50 ലധികം നർത്തകിമാർ ഒരുമിച്ച്‌ വേദിയിൽ ചുവടുകൾ വച്ചപ്പോൾ അത് ഒരു മനോഹരകാഴ്ചയായി. തുടർന്ന് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചു.

സംഘടനയുടെ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട് സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ജിജി ഓലിക്കൻ അധ്യക്ഷ പ്രസംഗം നടത്തി.

തുടർന്ന് കേരളാ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനു ഇത് പോലെയുള്ള സംഘടനകൾക്ക് കഴിയുമെന്നും ചേംബറിന്റെ പ്രവർത്തനങ്ങളിൽ അഭിമാനം കൊള്ളുന്നുവെന്നും ഉത്‌ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. തുടർന്ന് മന്ത്രി വിശിഷ്ടാതിഥികൾക്കും ചേംബർ ഭാരവാഹികൾക്കുമൊപ്പം നിലവിളക്കു കൊളുത്തി ഔദ്യോഗികമായി ഉത്‌ഘാടനം നിർവഹിച്ചു.

മുഖ്യാതിഥികളായി എത്തിയ യുഎസ് കോൺഗ്രസ് അംഗങ്ങളായ ആദരണീയരായ ഷീലാ ജാക്സൺ ലീ, അൽ ഗ്രീൻ എന്നിവർ തങ്ങളുടെ ഇന്ത്യ സന്ദർശനങ്ങളെപറ്റിയും ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും പഴയതുമായ രണ്ടു ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എന്നും ശക്തിപ്പെട്ടുകൊണ്ടേയിരിക്കുന്നുവെന്നും ചേംബറിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും പറഞ്ഞു.

സ്റ്റേറ്റ് റെപ്രസെന്ററ്റീവ് റോൺ റെയ്നോൾസ്‌, സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ സെസിൽ വില്ലിസ്, മലയാളികളുടെ അഭിമാനങ്ങളായ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്ട് ബെണ്ട് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഫോർട്ട് ബെൻഡ് കോൺസ്റ്റബിൾ പ്രെസിൻക്ട് 2 ഡാറിൽ സ്മിത്ത്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) പ്രസിഡന്റ് സുനിൽ തൈമറ്റം, ഏഷ്യാനെറ്റ് ടീവിയിൽ ആരംഭിച്ചു ഇപ്പോൾ ഫ്ലവർസ് ടിവിയുടെ നേതൃരംഗത്തു പ്രവൃത്തിക്കുന്ന പ്രതാപ് നായർ, ഇൻഫോസിസ് വൈസ് പ്രസിണ്ടന്റ് ജോ ആലഞ്ചേരിൽ, സ്‌പോൺസർമാർ, അവാർഡ് ജേതാക്കൾ തുടങ്ങിയവർ ഉൽഘാടന വേദിയെ സമ്പന്നമാക്കി.

അമേരിക്കൻ കോൺഗ്രസ് അംഗംങ്ങൾ സൗത്ത് ഇന്ത്യൻ ചേംബറിന് റെക്കഗ്നിഷൻ അവാർഡുകൾ നൽകി ആദരിച്ചപ്പോൾ മുഖ്യാതിഥികളായി എത്തിയവർക്ക് ചേംബറും മെമെന്റോകൾ നൽകി ആദരിച്ചു.

‘ഹാൾ ഓഫ് ഫെയിം’ അവാര്ഡുകൾക്ക് അർഹരായ ടോമർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പ്രസിഡന്റും സിഇഓയുമായ തോമസ് മൊട്ടയ്ക്കൽ ( ന്യൂജേഴ്‌സി), ന്യൂമാർട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ചെറിയാൻ സഖറിയ (ഹൂസ്റ്റൺ) എന്നിവരെ നിറഞ്ഞ ഹർഷാരവത്തോടെയാണ് വേദിയിലേക്ക് ആനയിച്ചത്. ബഹുമാനപെട്ട . മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും അവർ അവാർഡുകൾ ഏറ്റുവാങ്ങി.

വിവിധ കർമ്മ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയവർക്കുള്ള കമ്മ്യൂണിറ്റി അവാർഡുകളും അവാർഡ് ജേതാക്കൾ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി .
ഫോർട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, ബിൽഡർ ഡോ.പി.വി.മത്തായി (ഒലിവ് തമ്പിച്ചായൻ), പ്രശസ്ത മോഹിനിയാട്ടം പ്രതിഭ കലാശ്രീ ഡോ. സുനന്ദ നായർ, ജീവകാരുണ്യ,സാമൂഹ്യ പ്രവർത്തക ബിന്ദു ഫെർണാണ്ടസ് ചിറയത്ത്, പ്രിന്റിങ് രംഗത്തെ പ്രമുഖൻ തോമസ് ജോർജ്‌ (ബാബു) ഹൂസ്റ്റൺ മെട്രോ പോലീസ് ഓഫീസർ മനോജ് പൂപ്പാറയിൽ, സാമൂഹ്യപ്രവർത്തകയും നഴ്സുമായ ക്ലാരമ്മ മാത്യൂസ്, എഴുത്തുകാരനും വ്യവസായിയുമായ സണ്ണി മാളിയേക്കൽ, ജീവകാരുണ്യ പ്രവർത്തകൻ സാം ആന്റോ, വിദ്യാഭ്യാസ രംഗത്ത് പ്രതിഭ തെലയിച്ച കലാകാരി കൂടിയായ മാലിനി.കെ .രമേശ്
എന്നിവരാണ് കമ്മ്യൂണിറ്റി അവാർഡുകൾ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത്.

തുടർന്ന് തന്റെ മാന്ത്രിക വിരലുകൾ കൊണ്ട് സംഗീത വിസ്മയം തീർക്കുന്ന ലോക പ്രശസ്ത ഗായകൻ സ്റ്റീഫൻ ദേവസ്സിയുടെ പ്രകടനത്തിൽ കാണികൾ ഇളകിമറിഞ്ഞു.
ശ്രവ്യസുന്ദരമായ നിരവധി ഗാനങ്ങൾ പാടി തന്റെ സ്വതസിദ്ധമായ ശൈലിയിൽ പിയാനോ കീബോർഡിൽ കൈവിരലുകൾ കൊണ്ട് അത്ഭുതം സൃഷ്ടിച്ച്‌ ശ്രോതാക്കളെ കൈയിലെടുത്തു. കൂടെ കൊഴുപ്പേകാൻ ചെണ്ടമേളവുമായി”കൊച്ചു വീട്ടിൽ ബീറ്റ്സും” ഒപ്പം ചേർന്നു.

Report :  ജീമോൻ റാന്നി

Leave Comment